ന്യൂഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16 ന് നടക്കും. മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് ഫെബ്രുവരി 27 നാണ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് രണ്ടിനാണ് മുന്നിടത്തെയും ഫലപ്രഖ്യാപനം. 60 അംഗങ്ങൾ വീതമുള്ള മൂന്നു സംസ്ഥാന നിയമസഭകളുടെയും കാലാവധി മാർച്ചിലാണ് തീരുന്നത്. നാഗാലാൻഡിൽ മാർച്ച് 12 നും, മേഘാലയിൽ മാർച്ച് 15 നും, ത്രിപുരയിൽ മാർച്ച് 22 നും.

സുരക്ഷാ സേനയുടെ വിന്യാസവും, ഹൈസ്‌കൂൾ പരീക്ഷകളും കണക്കിലെടുത്ത ശേഷമാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 2.28 ലക്ഷം കന്നിവോട്ടർമാരാണ്. പോളിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞതവണത്തേക്കാൾ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വർധനവ് ഉണ്ട്. മൂന്ന് ഇടത്തും പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.

മേഘാലയത്തിലാണ് പോളിങ് ബൂത്തുകളുടെ എണ്ണം കൂടുതലുള്ളത്. അവിടെ 3, 482 ആണ് പോളിങ് ബൂത്തുകളുടെ എണ്ണം. ത്രിപുരയിൽ 3,328 ഉം നാഗാലാൻഡിൽ 2,315 പോളിങ് സ്റ്റേഷനുകളും ഉണ്ടാകും. മൂന്നിടത്തുമായി 376 പോളിങ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതാ ഉദ്യോഗസ്ഥർക്കായിരിക്കും

നിലവിൽ മൂന്ന് ഇടങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരണം നടത്തുന്നത്. ത്രിപുരയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുക ലക്ഷ്യമിട്ട് സിപിഎം കോൺഗ്രസ് പാർട്ടികൾ സംയുക്തമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യത്തിൽ ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ്. ത്രിപുരയിൽ ബിജെപി ആദ്യമായി ജയിച്ചുകയറിയത് 2018 ലാണ്.

മേഘാലയയിലും നാഗാലാൻഡിലും ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. നാഗാലാൻഡിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും, മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമാണ് സർക്കാരിനെ നയിക്കുന്നത്.