ആറ്റിങ്ങൽ: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ എട്ടു റൗണ്ട് പിന്നിടുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ സൂപ്പർ ക്ലൈമാക്‌സിലേക്ക്. ഇവിടെ ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഇപ്പോൾ ലീഡു ചെയ്യുകയാണ്. തുടക്കത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ അടൂർ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തിൽ നിമിഷങ്ങൾക്കകം എൽഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.

ഒന്നും രണ്ടും സ്ഥാനക്കാരേക്കാൾ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരൻ കടുത്ത പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഇങ്ങനെ ആർക്കും വ്യക്തമായ സാധ്യത നൽകാതെ, അല്ലെങ്കിൽ മൂന്നുപേർക്കും ഒരുപോലെ സാധ്യത കൽപിക്കുന്ന തരത്തിലാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടെണ്ണൽ കുതിക്കുകയാണ്.

ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് അടൂർ പ്രകാശ് 949 വോട്ടിന് ലീഡ് ചെയ്യുകയാണ്. വി. ജോയ് തൊട്ടുപിന്നിൽ. ഏഴായിരം വോട്ടുകൾക്ക് പിന്നിൽ വി. മുരളീധരനും. വോട്ടെണ്ണൽ അവസാനത്തോടടുക്കുമ്പോൾ ആറ്റിങ്ങൽ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

എൽഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ കാണാനാകുന്നത്. ആദ്യ മണിക്കൂറുകളിൽ അടൂർ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിർത്തുകയായിരുന്നു. എങ്കിലും വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ ആർക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.