തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 684 വോട്ടുകൾക്ക് വിജയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ നിർദ്ദേശ പ്രകാരമുള്ള, നിരസിക്കപ്പെട്ട പോസ്റ്റൽ ബാലറ്റുകളുടെ പുനഃപരിശോധന നടത്തിയ ശേഷം പ്രഖ്യാപിച്ച ഫലം അനുസരിച്ച് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ ചുവടെ.

അടൂർ പ്രകാശ് - 3,28,051
അഡ്വ.വി.ജോയ് - 3,27,367
വി.മുരളീധരൻ - 3,11,779
അഡ്വ.സുരഭി - 4,524
പ്രകാശ് പി.എൽ - 1,814
പ്രകാശ് എസ് - 811
സന്തോഷ്.കെ - 1,204
നോട്ട - 9,791

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ആദ്യ മൂന്ന് സ്ഥാനാർത്ഥികൾക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ ലഭിച്ച വോട്ടുകളുടെ കണക്കുകൾ

വർക്കല

അടൂർ പ്രകാശ് -39,806
വി. ജോയി -45,930
വി. മുരളീധരൻ -40,816

ചിറയിൻകീഴ്

അടൂർ പ്രകാശ് -47,695
വി. ജോയി -44,874
വി. മുരളീധരൻ -42,929

ആറ്റിങ്ങൽ

അടൂർ പ്രകാശ് -42,006
വി. ജോയി -46,161
വി. മുരളീധരൻ -52,448

നെടുമങ്ങാട്

അടൂർ പ്രകാശ് -50,437
വി. ജോയി -50,042
വി. മുരളീധരൻ -45,180

വാമനപുരം

അടൂർ പ്രകാശ് -50,667
വി. ജോയി -45,617
വി. മുരളീധരൻ -40,170

അരുവിക്കര

അടൂർ പ്രകാശ് -49,607
വി. ജോയി -47,375
വി. മുരളീധരൻ -38,333

കാട്ടാക്കട

അടൂർ പ്രകാശ് -43,055
വി. ജോയി -41,716
വി. മുരളീധരൻ -47,834

ആകെ ഇ.വി എം വോട്ടുകൾ

അടൂർ പ്രകാശ് -3,23,273
വി. ജോയി -3,21,715
വി. മുരളീധരൻ -3,07,710

ആകെ പോസ്റ്റൽ വോട്ടുകൾ

അടൂർ പ്രകാശ് -4,778
വി. ജോയി -5,652
വി. മുരളീധരൻ -4,069

നേരത്തെ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശത്തിന് വിജയിച്ചു എന്നായിരുന്നു പ്രഖ്യാപനം. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർത്ഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ബിജെപി ശക്തി കാട്ടിയത് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ മാറ്റി മറിച്ചു.

കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങൽ മണ്ഡലം സാക്ഷിയായത്. തുടക്കം മുതൽ ജയപരാജയങ്ങൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങൽ മണ്ഡലം അടൂർ പ്രകാശ് നിലനിർത്തി. എൽ.ഡി.എഫിന്റെ വി. ജോയ് ഉയർത്തിയ കടുത്ത പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിലായിരുന്നു അടൂർ പ്രകാശിന്റെ വിജയം. 2019-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഡോ. അനിരുദ്ധൻ സമ്പത്തിനെതിരേ 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അടൂർ പ്രകാശിന്റെ ഭൂരിപക്ഷം ഇത്തവണ വെറും 648 ത്തിൽ പിടിച്ചുനിർത്താൻ സാധിച്ചതിൽ എൽ.ഡി.എഫിനും വി. ജോയ്ക്കും സന്തോഷിക്കാം.

ഇരുമുന്നണികൾക്കുമെതിരേ കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ച ബിജെപി. സ്ഥാനാർത്ഥിയും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന് ഇത്തവണ വോട്ടുനില ഉയർത്താനും സാധിച്ചു എന്നത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ ലീഡ് 6000-ന് മുകളിലേക്ക് കൊണ്ടുപോകാൻ സാധിച്ചില്ലെന്നത് മണ്ഡലത്തിലെ കടുത്ത പോരാട്ടത്തിന്റെ തെളിവായി.

മറ്റെങ്ങും കാണാത്തവിധം കടുപ്പമേറിയ ത്രികോണ മത്സരമായിരുന്നു ആറ്റിങ്ങലിൽ. രാവിലെ ഒമ്പതു മണിയോടുകൂടി പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്ന് ആദ്യ ഫലസൂചനകൾ വന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ അടൂർ പ്രകാശായിരുന്നു മുന്നിൽ. പിന്നാലെ 9.40-ഓടുകൂടി വന്ന ഫലസൂചനകളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി. ജോയ് 176 വോട്ടിന്റെ നേരിയ ലീഡ് നേടിയിരുന്നു. പക്ഷേ ഈ ലീഡിന് മിനിറ്റുകളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളൂ. 10 മണി കഴിഞ്ഞതോടെ അടൂർ പ്രകാശ് 2142 വോട്ടിന്റെ ലീഡ് നേടി. ഏറിയും കുറഞ്ഞും അദ്ദേഹത്തിന്റെ ലീഡ് മാറിമറിഞ്ഞ് ഒടുവിൽ 11 മണിയോടുകൂടി അടൂർ പ്രകാശ് 2885 വോട്ടിന്റെ ലീടെുത്തു.

20 മിനിറ്റിനുള്ളിൽ ജോയ് ലീഡ് തിരികെപ്പിടിച്ചു. വീണ്ടും മാറിമറിഞ്ഞ ലീഡിനൊടുവിൽ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വി. ജോയ് തന്റെ ലീഡ് 4317 ആയി ഉയർത്തിയതോടെ എൽ.ഡി.എഫ്. കേന്ദ്രങ്ങളിൽ ആഹ്ലാദം അണപൊട്ടി. ഒരു മണിക്കൂറിന് ശേഷം അദ്ദേഹം ലീഡ് 5526 ആയി ഉയർത്തിയതോടെ ഇത്തവണ എൽ.ഡി.എഫ്. രണ്ടു സീറ്റുകളിലേക്കെന്ന സ്ഥിതിയായി. എന്നാൽ അവസാന 50,000 വോട്ടുകൾ എണ്ണിത്തീർന്നതോടെ അടൂർ പ്രകാശ് വീണ്ടും നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഒടുവിൽ അഞ്ചു മണിയോടെ ഫലം പുറത്തുവന്നപ്പോൾ. അടൂർ പ്രകാശിന് 1708 വോട്ടിന്റെ വിജയം.

പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭാസുരേന്ദ്രൻ കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് ആറ്റിങ്ങലിലെത്തിയത്. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ട് വിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 380995 വോട്ടു നേടിയപ്പോൾ സിപിഎം സ്ഥാനാർത്ഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകൾ. അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 38247 വോട്ട്.

വോട്ട് വിഹിതം വർധിച്ചതോടെ മണ്ഡലത്തിൽ ബിജെപിയുടെ താൽപര്യം വർധിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഈ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം മൂന്നുലക്ഷത്തിനു മുകളിലെത്തിച്ചു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം. വി ജോയി തോറ്റതോടെ വർക്കലയിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല.