- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്ര അതിർത്തിയോട് ചേർന്ന് തെലുങ്കു സംസാരിക്കുന്നവർ കൂടുതലുള്ള നാട്; ബാഗ്ഗേപള്ളിയിൽ ഇക്കുറി ചെങ്കൊടി പാറുമോ? ജനകീയ ഡോക്ടറെ സ്ഥാനാർത്ഥിയാക്കി സിപിഎം പ്രചരണം; കർണാടക തെരഞ്ഞെടുപ്പിൽ സിപിഎം മാറ്റുരയ്ക്കുന്നത് നാലിടത്തായി; ജനതാദൾ പിന്തുണയ്ക്കും
ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാകും മുൻതൂക്കമെന്ന വിധത്തിലാണ് പ്രവചനങ്ങൾ. ഇതിനിടെ കർണാടകത്തിൽ സിപിഎമ്മിനും ഇക്കുറി നേരിയ പ്രതീക്ഷയുണ്ട്. ഒരു സീറ്റിലെങ്കിലും വിജയിക്കാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. അതിനുള്ള ശ്രമങ്ങൾ അവർ നടത്തുകയും ചെയ്യുന്നുണ്ട്. ആന്ധ്രയോട് ചേർന്നു കിടക്കുന്ന ബാഗേപ്പള്ളിയിലാണ് സിപിഎം പ്രതീക്ഷ വെക്കുന്നത്. ഇവിടെ ഡോക്ടർ അനിൽ കുമാർ എന്ന ജനകീയ സ്ഥാനാർത്ഥിയിലൂടെ കർണാടകയിലെ ബാഗ്ഗേപള്ളിയെ ചുവപ്പണിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം.
മൂന്ന് തവണ സിപിഎം പ്രതിനിധിയെ വിധാൻ സഭയിൽ എത്തിച്ച മണ്ഡലം. കർണാടകയിലാണെങ്കിലും തെലുഗു സംസാരിക്കുന്നവരുടെ നാട്. കർണാടകയിൽ സിപിഎമ്മിന് ഒരു എംഎൽഎ ഉണ്ടാവുമെങ്കിൽ അത് ഇത്തവണയും ബാഗ്ഗേപള്ളിയിൽ നിന്നാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ഇവിടുത്തെ നേതാക്കളും അണികളും. കാർഷിക-പിന്നാക്ക ഗ്രാമമായ ബാഗ്ഗേപള്ളിയുടെ സ്വന്തം ഡോക്ടർ എന്നാണ് സ്ഥാനാർത്ഥി അനിൽ കുമാർ അറിയപ്പെടുന്നത്. കോവിഡ് കാലത്തെ ബാഗേപള്ളിക്കാരുടെ രക്ഷകൻ.
ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ഡോക്ടർ അനിൽ കുമാർ. ഡോക്ടറുടെ ജനകീയ മുഖവും കാർഷിക വിളകളുടെ വിലയിടിവും മണ്ഡലത്തിലെ വികസന മുരടിപ്പും ഭൂസമരങ്ങൾ നിറഞ്ഞുനിന്ന ഭൂതകാലവുമെല്ലാം സിപിഎമ്മിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഒന്ന് ആഞ്ഞുപിടിച്ചാൽ ഇത്തവണ മണ്ഡലം കൂടെ പോരും. പ്രതീക്ഷ കൈവിടാതെ പൊള്ളുന്ന വെയിലിലും ചെങ്കൊടിയേന്തി പ്രചാരണം നടത്തുകയാണ് പ്രവർത്തകർ. കയറിച്ചെല്ലുന്ന വീടുകളിലെല്ലാം ഡോക്ടർ സ്ഥാനാർത്ഥിക്ക് വലിയ സ്വീകാര്യത. അസുഖം വന്നാൽ ചികിത്സിക്കാൻ മാത്രമല്ല കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ഗ്രാമത്തിൽ നല്ല റോഡുകൾ പണിയാനും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാനും യുവാക്കൾക്ക് തൊഴിൽ കണ്ടെത്തി നൽകാനും കൂടെയുണ്ടാവുമെന്ന് ഡോക്ടറുടെ ഉറപ്പ്.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും സിപിഎം രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് ആന്ധ്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബാഗ്ഗേപള്ളി. ഏറ്റവും ഒടുവിൽ സിപിഎം ഇവിടെ ജയിച്ചത് 2004 ലാണ്. ജി.വി. ശ്രീരാമ റെഡ്ഡിയാണ് ചുവപ്പുകൊടി പാറിച്ചത്. 2008 ൽ നേരിയ മാർജിനിൽ അദ്ദേഹം പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും ശ്രീരാമ റെഡ്ഡി തന്നെയാണ് സിപിഎമ്മിനായി കളത്തിലിറങ്ങിയത്. കോൺഗ്രസ്, ജെഡിഎസ് സ്ഥാനാർത്ഥികളോട് മത്സരിച്ചാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇത്തവണ ജെഡിഎസ് സിപിഎം സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന എസ് എൻ സുബ്ബറെഡി നേടിയ ഭൂരിപക്ഷം ജെഡിഎസ് പിന്തുണയിലൂടെ മറികടക്കാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സിപിഐയും പിന്തുണ പ്രഖ്യാപിച്ചതോടെ ഡോക്ടർ അനിൽ കുമാർ വിജയിക്കുമെന്നും 15 വർഷത്തിന് ശേഷം മണ്ഡലം വീണ്ടും ചുവക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം. നിലവിലെ എംഎൽഎയായ എസ്.എൻ. സുബ്ബ റെഡ്ഡി തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി. സി മുനിരാജുവാണ് ബിജെപി സീറ്റിൽ മത്സരിക്കുന്നത്.
ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനും മതേതര ഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് കർണാടകത്തിൽ സിപിഎം മത്സരിക്കുന്നത്. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ചിരുന്നു. മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപിഎമ്മിനെ ജനതാദൾ എസ് പിന്തുണയ്ക്കുന്നുണ്ട്. സിപിഎം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുർ ബാഗേപ്പള്ളിയിൽ ഉൾപ്പെടെയാണ് ജനതാദൾ പിന്തുണ.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിൻകറാണ് സ്ഥാനാർത്ഥി. ബംഗളൂരുവിനടുത്ത് കെ ആർ പുരയാണ് ജനതാദൾ പിന്തുണയ്ക്കുന്ന മൂന്നാമത്തെ മണ്ഡലം. സിഐടിയു നേതാവും പാർട്ടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ ബി എ ബസവരാജാണ് ഇവിടെ സിറ്റിങ് എംഎൽഎ. 2008 വരെ വരത്തൂർ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. സിപിഐ എം മുൻ കർണാടക സംസ്ഥാന സെക്രട്ടറി എസ് സൂര്യ നാരായണ റാവു ജയിച്ചിരുന്നു.
സ്വർണഖനികളുടെ നാടായ കോലാറിലെ കെജിഎഫ് മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സ്ഥാനാർത്ഥി. 1951 മുതൽ 62 വരെ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ച മണ്ഡലമാണ്. 1985ൽ സിപിഐ എമ്മിലെ ടി എസ് മണി വിജയിച്ചു. നിലവിൽ കോൺഗ്രസ് സിറ്റിങ് സീറ്റാണ്. ജെഡിഎസ് ഇത്തവണ ഒരിടത്ത് കോൺഗ്രസിനെയും മൂന്നിടത്ത് റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണയ്ക്കുന്നു. ത്രികോണ മത്സരത്തിലൂടെ ബിജെപി വിജയിക്കുന്നത് ഒഴിവാക്കാനാണിത്.
മറുനാടന് ഡെസ്ക്