- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് തിരഞ്ഞെടുപ്പ് ക്രീസിലേക്ക് രവീന്ദ്ര ജഡേജയുടെ ഭാര്യയും; റിവാബ ജാംനഗറിൽ മത്സരിക്കാൻ ഒരുങ്ങുന്നത് ബിജെപി ടിക്കറ്റിൽ; ജഡേജയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയാൽ താരത്തിന്റെ സഹോദരി നൈന ജഡേജയെ കളത്തിൽ ഇറക്കാൻ കോൺഗ്രസും; കളമൊരുങ്ങുന്നത് നാത്തൂൻ പോരിനോ?
ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. താരത്തിളക്കമുള്ള സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയും മത്സരിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം രവീന്ദ്ര ജഡേജയുടെ ഭാര്യയെ ബിജെപി കളത്തിലിറക്കിയാൽ അദ്ദേഹത്തിന്റെ സഹോദരിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെയും നീക്കം.
ജഡേജയുടെ ഭാര്യ റിവ ജഡേജയാണ് ഗുജറാത്തിലെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ റിവ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. മെക്കാനിക്കൽ എഞ്ചിനീയറായ റിവ, മുതിർന്ന കോൺഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ ബന്ധുകൂടിയാണ്. കോൺഗ്രസ് വിട്ടെത്തിയ ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരും ഇത്തവണ സ്ഥാനാർത്ഥികളായേക്കും. ജാംനഗറിലാകും റിവാബ ജഡേജ മത്സരിക്കാൻ ഒരുങ്ങുന്നത്.
പാർട്ടികൾ തമ്മിലുള്ള പോര് കുടുംബത്തിലേക്ക് നയിക്കുകയാണ് ജാംനഗർ നോർത്ത് നിയമസഭ മണ്ഡലത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ കുടുംബത്തിൽ നിന്നാണ് രാഷ്ട്രീയ പോരാട്ടം ഉടലെടുക്കുന്നത്. ജാംനഗറിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി ജഡേജയുടെ ഭാര്യ റിവാബ ജഡേജ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. റിവാബയ്ക്കെതിരെയെത്തുന്ന എതിർ സ്ഥാനാർത്ഥിയോ സ്വന്തം 'നാത്തൂൻ' ആണ്. ബിജെപി ജഡേജയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയാൽ താരത്തിന്റെ സഹോദരി നൈന ജഡേജയെ കളത്തിൽ ഇറക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്.
2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയിൽ ചേരുന്നത്. അതിന് ശേഷം താരത്തിന്റെ സഹോദരി കോൺഗ്രസിൽ ചേരുകയും ചെയ്തു. ജാംനഗറിലെ കോൺഗ്രസിന്റെ ഏറ്റവും സുപരിചിതയായ പ്രവർത്തകയാണ് നൈന. ജില്ല മഹിള കോൺഗ്രസ് അധ്യക്ഷയും കൂടിയാണ് നൈന. ബിജെപിയുടെ ധർമേന്ദ്ര സിങ് ജഡേജയാണ് ജാംനഗർ നോർത്തിൽ നിന്നുള്ള നിലവിലെ നിയമസഭ അംഗം. ഇരു പാർട്ടികളും ജാംനഗറിൽ ആര് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന കണക്ക് കൂട്ടിലിലാണ്.
അതേസമയം 27 വർഷമായി ഗുജറാത്തിൽ അധികാരത്തിലുള്ള പാർട്ടി, ഇത്തവണ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങിയ മുതിർന്ന നേതാക്കളെ മത്സരിപ്പിച്ചേക്കില്ല. 75 വയസ് പിന്നിട്ടവരും എംപിമാർ, എംഎൽഎമാർ എന്നിവരുടെ ബന്ധുക്കളും അയോഗ്യരാകുമെന്നാണ് വിവരം. വലിയൊരു വിഭാഗം സിറ്റിങ് എംഎൽഎമാരും ഇത്തവണ മത്സരിക്കാനുണ്ടാകില്ല. പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുടെ അധ്യക്ഷതയിലാകും സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി എന്നിവർ പങ്കെടുക്കും.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. വെട്ടെണ്ണൽ ഹിമാചൽ പ്രദേശിനോടൊപ്പം ഡിസംബർ എട്ടിന് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ അറിയിച്ചു. നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
2017ലാണ് ഏറ്റവും അവസാനമായി ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. 2017 തിരഞ്ഞെടുപ്പിൽ 99 സീറ്റകൾ സ്വന്തമാക്കിയ ബിജെപി തുടർച്ചയായി അഞ്ചാം തവണ ഗുജറാത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 77 സീറ്റുകളാണ് സ്വന്തമാക്കിയത്. ആം ആദ്മി പാർട്ടിയും ഇത്തവണ ഗുജറത്തിൽ മത്സരത്തിനിറങ്ങുമ്പോൾ ത്രികോണ മത്സരമാണ് ചിത്രമാകുന്നത്.
മറുനാടന് ഡെസ്ക്