- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരേയും നിശ്ചയിക്കുക മോദി മാത്രം; ബിജെപി പട്ടിക ഉടൻ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി യോഗം തീർന്നത് പുലർച്ചെ മൂന്നരയ്ക്ക്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, കേരളം, തെലങ്കാന, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദ്കറും യോഗത്തിന്റെ ഭാഗമായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.
ഷായും നഡ്ഡയുമായുി തന്റെ വസതിയിൽ വച്ച് പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 100 സ്ഥാനാർത്ഥികളെയാണ് യോഗം നിശ്ചയിച്ചതെന്നാണ് വിവരം.ഇവരുടെ പേരുകൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിലുണ്ടെന്നും സൂചനയുണ്ട്. പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപനം പിന്നീടായിരിക്കും. ഓരോ സീറ്റുകളിൽ പാർട്ടി സർവേയുടെ അടിസ്ഥാനത്തിലുള്ള വിജസാധ്യത കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽകൂടി മത്സരിക്കും എന്നും അഭ്യൂഹമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാൾ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഒ.ബി.സി. മോർച്ച ദേശീയ അധ്യക്ഷൻ ഡോ. കെ. ലക്ഷ്മണൻ, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഡോ. ഇഖ്ബാൽ സിങ് ലാൽപുര, ഡോ. സുധാ യാദവ്, ഡോ. സത്യനാരായൺ ജതിയ, ഓം പ്രകാശ് മാഥൂർ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ. ഇതിന് പുറമേ വിവിധ സംസ്ഥാനത്തു നിന്നുള്ള പ്രധാനികളും പങ്കെടുത്തു.
കേരളത്തിലേതുൾപ്പെടെ 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാകും ആദ്യഘട്ട പട്ടികയിൽ കൂടുതലായി ഉണ്ടാവുക. കേരളത്തിൽനിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും നേതാക്കളെ കണ്ടു.
160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വളരെ കുറച്ചുപേരുകൾ മാത്രമേ യോഗം ചർച്ച ചെയ്തുള്ളൂ എന്ന റിപ്പോർട്ടുകളും ഉണ്ട്. കഴിഞ്ഞ തവണ 437 സീറ്റുകളിലായിരുന്നു ബിജെപി മത്സരിച്ചിരുന്നത്. 303 സീറ്റുകൾ നേടുകയും ചെയ്തു. അതേസമയം കഴിഞ്ഞതവണ മത്സരിച്ച പല പ്രമുഖരെയും ഇത്തവണ ഒഴിവാക്കി ഇത്തവണ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള സാധ്യതകൾ കാണുന്നുണ്ട്.
കേരളത്തിലേതടക്കം ചില സീറ്റുകളും ആദ്യ പട്ടികയിലുണ്ടായേക്കും. തൃശൂർ, പാലക്കാട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് കെ സുരേന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും മുരളീധരൻ ആറ്റിങ്ങലിലും മത്സരിക്കാനാണ് സാധ്യത.