ന്യൂഡൽഹി: വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകുമെന്ന് വിശദീകരിക്കുന്നു.

ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, ഇന്ത്യയെ രാജ്യന്തര നിർമ്മാണ ഹബ്ബാക്കും എന്നീ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു. ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണു പ്രകടനപത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.

ലഖ്പതി ദീദി പദ്ധതി, 3 കോടി സ്ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ കൊണ്ടുവരും, മെട്രോ റെയിൽ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണോത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും, വടക്ക് - തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിന്റെ സാധ്യത പഠനം നടത്തും, 6ജി സാങ്കേതിക വിദ്യ പ്രഖ്യാപിക്കുമെന്നടക്കം നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.

കേരളത്തിലെ വിഷു ആഘോഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂ. 4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും.

വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്‌ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പി എം ആവാസ് യോജന വഴി വീടുകൾ നൽകുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. തന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളാണ് മോദി പ്രസംഗത്തിൽ ഊന്നിപറഞ്ഞത്.