തിരുവനന്തപുരം: എന്ത് സംഭവിച്ചാലും തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച് കോൺഗ്രസും സിപിഎമ്മും. കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി എൽഡിഎഫും യുഡിഎഫും രംഗത്തു വരുമ്പോൾ ബിജെപി ക്യാമ്പ് ആവേശത്തിലാണ്. തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബിജെപി ജയിക്കുമെന്ന് പോലും പ്രവചനമെത്തി. എന്നാൽ മൂന്നിടത്തും ബിജെപി തോൽക്കുമെന്നാണ് യുഡിഎഫും എൽഡിഎഫും പറയുന്നത്.

എക്‌സിറ്റ് പോൾ സർവേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തിൽ താമര വിരിയുമെന്ന പ്രവചനമത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്. ഇടതു മുന്നണിയും ബിജെപിയും തമ്മിലെ വോട്ടു വിഹിത വ്യത്യാസം രണ്ട് ശതമാനമാകുമെന്നു പോലും വിലയിരുത്തലുണ്ട്. കേരളത്തിൽ ഒരു സീറ്റ് ബിജെപി നേടുമെന്ന തരത്തിലാണ് പ്രവചനങ്ങൾ. ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

എക്‌സിറ്റ് പോളിൽ 15ശതമാനത്തിൽ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. എൽഡിഎഫിന് കേരളത്തിൽ തകർച്ചയുണ്ടാകുമെന്ന വിലയിരുത്തലും വരുന്നു. മോദി തരംഗം കേരളത്തിലും വീശി എന്ന് വിശ്വസിക്കുകയാണ് ബിജെപി നേതാക്കൾ. രണ്ടക്ക സീറ്റ് എന്നൊക്കെ പറഞ്ഞെങ്കിലും മൂന്നു ആയിരുന്നു പോളിംഗിന് ശേഷം ഉള്ള പാർട്ടി കണക്ക്. അത് ശരിവയ്ക്കുന്ന തരത്തിലാണ് എക്‌സിറ്റ് പോൾ ഫലം. ഇതെല്ലാം കോൺഗ്രസ് തള്ളുന്നു. സിപിഎമ്മിന് അവിശ്വസനീയവും.

തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യാ സർവ്വേ ഫലം. തിരുവനന്തപുരത്തെ സിറ്റിങ് എംപിയായ കോൺഗ്രസിന്റെ ശശി തരൂരിനേക്കാൾ മേൽക്കൈ രാജീവ് ചന്ദ്രശേഖറിനുണ്ടെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. 2019ൽ ബിജെപിയുടെ കുമ്മനം രാജശേഖരനെയാണ് ശശി തരൂർ തോൽപിച്ചത്. 2019ൽ 99989 വോട്ടുകൾക്ക് ശശി തരൂർ ജയിച്ചിരുന്നു.

2014ൽ ബിജെപിയുടെ ഒ.രാജോഗപാലിനെയും ശശി തരൂർ തോൽപിച്ചിരുന്നു. അന്ന് 19470 വോട്ടുകൾക്ക് മാത്രമാണ് ശശി തരൂരിന് ജയിക്കാനായത്. ശശി തരൂരിന് ഇക്കുറി കാലിടറിയേക്കാമെന്ന സൂചനകളാണ് എക്‌സിറ്റ് പോൾ ഫലം നൽകുന്നത്. എന്തായാലും നേരിയ മാർജിനായിരിക്കും ഇവിടെ വിജയമെന്നാണ് പ്രവചനം.