ഭോപ്പാൽ: ഈ വർഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കും മുമ്പേ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കുന്നത്.

90 അംഗ ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർത്ഥികളെയും, മധ്യപ്രദേശിലെ 230 അംഗ സഭയിലേക്കുള്ള 39 സ്ഥാനാർത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും, ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ താഴേത്തട്ടിൽ ഉണ്ടായേക്കാവുന്ന അഭിപ്രായഭിന്നതകൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. കർണാടകത്തിലെ തിരിച്ചടിയിൽ നിന്ന് പാർട്ടി പാഠം പഠിച്ചുവെന്ന് വേണം കരുതാൻ. ഇനിയൊരു തിരിച്ചടി അരുതെന്ന കണക്കുകൂട്ടലിലാണ് ബിജെപിയുടെ നീക്കം. ഛത്തീസ്‌ഗഡിനും, മധ്യപ്രദേശിനും ഒപ്പം രാജസ്ഥാനിലും, തെലങ്കാനയിലും, മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കും.

രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും, തെലങ്കാനയിലും പ്രതിപക്ഷ കക്ഷികളാണ് ഭരിക്കുന്നത്. മണിപ്പൂർ കലാപത്തെ തുടർന്ന് മിസോറാമിൽ ബിജെപിയും സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ട്. മധ്യപ്രദേശിലാകട്ടെ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്.

ഛത്തീസ്‌ഗഡിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ദുർഗിലെ ലോക്‌സഭാ എംപി വിജയ് ബാഗേൽ വീണ്ടും ഇടം പിടിച്ചു. മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും, മറ്റ് മുതിർന്ന നേതാക്കളുടെയും പേരുകൾ ആദ്യ പട്ടികയിൽ ഇല്ല.