- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിത്രോദയുടെ വിവാദ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി ബിജെപി
ന്യൂഡൽഹി: സാം പിത്രോദയുടെ വിവാദ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. കോൺഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യങ്ങൾ എല്ലാം പുറത്തുവരികയാണെന്ന് ഛത്തീസ്‌ഗഡിൽ സുർഗുജയിലെ റാലിയിൽ മോദി പറഞ്ഞു.
സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട സാം പിത്രോദയുടെ പരാമർശങ്ങളാണ് കോൺഗ്രസിനെതിരെ തിരിച്ചുവിടാൻ മോദി ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തെ പിന്തുണച്ച് സാം പിത്രോദ നടത്തിയ പരാമർശങ്ങളാണ് മോദി റാലിയിൽ എടുത്തുപറഞ്ഞത്. എക്കാലത്തെയും ഉയർന്ന നികുതി ചുമത്തി സ്വന്തം ഖജനാവ് നിറയ്ക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അധ്വാനിച്ച് സമ്പാദിച്ച സ്വത്ത് മക്കൾക്ക് കൈമാറാൻ അവർ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
'രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേഷ്ടാവ് ഇടത്തരക്കാർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന് കുറച്ച് മുമ്പ് പറഞ്ഞിരുന്നു. ഇൻഹെറിറ്റൻസ് നികുതി ചുമത്തുമെന്ന് പറയുന്നു. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന അനന്തരാവകാശത്തിനും നികുതി ചുമത്തുമെന്നും കോൺഗ്രസ് പറയുന്നു. നിങ്ങളുടെ അധ്വാനത്തിലൂടെ നിങ്ങൾ സ്വരൂപിക്കുന്ന സമ്പത്ത് നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കില്ല. പകരം കോൺഗ്രസ് അത് തട്ടിയെടുക്കും.'- മോദി പറഞ്ഞു.
കോൺഗ്രസിന് ഒരു മന്ത്രം മാത്രമേയുള്ളൂ. ജനങ്ങൾ ജീവിച്ചിരുന്നാലും മരിച്ചാലും കൊള്ളയടിക്കുക എന്നതാണ് ആ മന്ത്രമെന്നും മോദി ആരോപിച്ചു. ആരുടെയും പേര് പരാമർശിക്കാതെയാണ് ഗാന്ധി കുടുംബത്തിനെതിരെ മോദി വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് പാർട്ടിയെ മുഴുവൻ തങ്ങളുടെ തറവാട്ടു സ്വത്തായി കണക്കാക്കി മക്കൾക്ക് കൈമാറിയവർ, ഇപ്പോൾ ഇന്ത്യക്കാർ അവരുടെ സ്വത്ത് മക്കൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്നും മോദി ആരോപിച്ചു.
സാം പിത്രോദയുടെ വാക്കുകളിലുടെ കോൺഗ്രസ് പാർട്ടിയുടെ ഉദ്ദേശം പുറത്തുവന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഒന്നാമതായി അവരുടെ പ്രകടനപത്രികയിലെ 'സർവേ' പരാമർശം, ന്യൂനപക്ഷങ്ങൾക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെ മേൽ ആദ്യാവകാശം ഉണ്ടെന്ന മന്മോഹൻ സിങ്ങിന്റെ പഴയ പ്രസ്താവന, ഇപ്പോൾ അമേരിക്കയെ ഉദ്ധരിച്ച് സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട് ചർച്ച വേണമെന്ന സാം പിത്രോഡയുടെ പരാമർശം. ഇപ്പോൾ പ്രധാനമന്ത്രി മോദി ഈ വിഷയം ഉന്നയിച്ചപ്പോൾ, രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മുഴുവൻ കോൺഗ്രസ് പാർട്ടിയും ഇത് ഒരിക്കലും അവരുടെ ഉദ്ദേശമല്ലെന്ന് പറഞ്ഞ് പിന്നോട്ട് പോയിരിക്കുകയാണ്'- അമിത് ഷാ പറഞ്ഞു.
പിത്രോദ പറഞ്ഞത്
'ഇൻഹെറിറ്റൻസ് ടാക്സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളർ ആസ്തിയുള്ള ഒരാൾ മരണപ്പെട്ടാൽ അതിൽ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികൾക്ക് ലഭിക്കുക ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോൾ നിങ്ങൾ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തിൽ ഒരു പങ്ക് പൊതുജനങ്ങൾക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം',- പിത്രോദ പറഞ്ഞു.
'എന്നാൽ, ഇന്ത്യയിൽ അത്തരത്തിൽ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ മക്കൾക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങൾക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്നങ്ങൾ ജനം ചർച്ചചെയ്യേണ്ടതുണ്ട്. സമ്പത്തിന്റെ പുനർവിതരണത്തേക്കുറിച്ച് ചർച്ചചെയ്യുമ്പോൾ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടെയല്ല, ജനങ്ങളുടെ താൽപര്യത്തെ മുൻനിർത്തിയുള്ളതായിരിക്കും'- അദ്ദേഹം എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പിത്രോദയുടെ പ്രസ്താവന തള്ളി കോൺഗ്രസ്
പിത്രോദയുടെ പ്രസ്താവനയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തള്ളി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് രാജ്യത്ത് നടപ്പിലാക്കാനാകുക എന്ന് ഖാർഗെ ചോദിച്ചു. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ ഒരിക്കലും ഭരണഘടന അനുവദിക്കില്ല. എന്തിനാണ് പിത്രോദയുടെ ആശയങ്ങൾ ഞങ്ങളുടെ വായിൽ തിരുകുന്നതെന്നും ഖാർഗെ ചോദിച്ചു.
തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് സാം പിത്രോദ പ്രതികരിച്ചു. 'അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്‌സുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചു. കോൺഗ്രസിന്റെ പ്രകടനപത്രികയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന കള്ളങ്ങൾ തുറന്നുകാട്ടുന്നതിനെ വഴിതിരിച്ചുവിടാൻ ഗോദി മീഡിയ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു', അദ്ദേഹം പറഞ്ഞു. മംഗൾ സൂത്രയും സ്വർണവും കട്ടെടുക്കും എന്ന പ്രധാനമന്ത്രിയുടെ പ്രതികരണം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മോദി കോടീശ്വരന്മാർക്ക് നൽകിയ 16 ലക്ഷം കോടി പാവങ്ങൾക്ക് തിരികെനൽകുമെന്ന് രാഹുൽ
തന്റെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്ത്ത്തള്ളിയ മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദി സമ്പന്നരായ 22 പേർക്ക് നൽകിയ 16 ലക്ഷം കോടി രൂപയിൽനിന്നുള്ള ചെറിയ തുക 90 ശതമാനം വരുന്ന പാവപ്പെട്ട ഇന്ത്യക്കാർക്ക് തിരികെനൽകുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
സമ്പത്തിന്റെ പുനർവിതരണം സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമർശം ബിജെപി പ്രചാരണായുധമാക്കിയ സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണ്. വിപ്ലവകരമായ പ്രകടനപത്രികയാണ് കോൺഗ്രസിന്റേത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യംചെയ്യുന്നത് ജാതി സെൻസസ് ആയിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.