- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ അനിൽ ആന്റണി തന്നെ സ്ഥാനാർത്ഥി
ന്യൂഡൽഹി: 16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തർപ്രദേശിലെ വാരണാസിയിൽനിന്ന് ജനവിധി തേടും.
കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയിൽ അനിൽ ആന്റണിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും. വി മുരളീധരൻ ആറ്റിങ്ങലിൽ തന്നെ സ്ഥാനാർത്ഥിയാകുമ്പോൾ കോഴിക്കോട് എംടി രമേശും മത്സരിക്കും.
കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ഇവരാണ്
അശ്വനി (കാസർകോട്), സി. രഘുനാഥ് (കണ്ണൂർ), പ്രഫുലകൃഷ്ണൻ (വടകര), എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുൽസലാം, നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാർ (പാലക്കാട്), സുരേഷ്ഗോപി (തൃശ്ശൂർ), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), അനിൽ ആന്റണി (പത്തനംതിട്ട), വി മുരളീധരൻ (ആറ്റിങ്ങൽ), രാജീവ് ചന്ദ്രശേഖൻ (തിരുവനന്തപുരം).
അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തിൽ മോദി തമിഴ്‌നാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇന്ത്യാ സഖ്യത്തിനുമേൽ സമ്മർദ്ദം ചെലുത്താനാണ് ബിജെപിയുടെ ശ്രമം. സ്ഥാനാർത്ഥികളിൽ 28 വനിതകളും 47 യുവജനങ്ങളും 18 ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരും ഉണ്ട്. യു.പി.യുൽ 51 സീറ്റുകളിൽ മത്സരിക്കും. രണ്ട് മുന്മന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും മത്സരിക്കുന്നുണ്ട്.
പ്രമുഖ സ്ഥാനാർത്ഥികളും മണ്ഡലങ്ങളും
നരേന്ദ്ര മോദി - വാരാണസി
അമിത് ഷാ - ഗാന്ധിനഗർ
സർബാനന്ദ സോനോവാൾ - ദിബ്രുഗഡ്
കിരൺ റിജ്ജു - അരുണാചൽ വെസ്റ്റ്
ബൻസുരി സ്വരാജ് - ന്യൂഡൽഹി
മനോജ് തിവാരി - നോർത്ത് ഈസ്റ്റ് ഡൽഹി
ശ്രീപദ് നായിക് - നോർത്ത് ഗോവ
മൻസൂഖ് മാണ്ഡവ്യ - പോർബന്തർ
സി.ആർ. പട്ടീൽ - നവ്സാരി
നിഷികാന്ത് ഡൂബേ - ഗൊഡ്ഡ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും എന്നുകണ്ടാണ് മാർച്ച് ആദ്യം തന്നെ ഒന്നാം ഘട്ട പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ സമാനമായ തന്ത്രം സ്വീകരിച്ച മധ്യപ്രദേശിൽ അത് വിജയകരമായെന്നു വിലയിരുത്തിയാണ് ഇത്തവണ രാജ്യവ്യാപകമായി ഇതേ തന്ത്രം സ്വീകരിച്ചത്. മാർച്ച് 10നു മുമ്പായി 50% സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 164 സ്ഥാനാർത്ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബിജെപിയെ സംബന്ധിച്ചു നിർണായകമാണ്. ദക്ഷിണേന്ത്യയിൽ പാർട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദ്യ ഘട്ട പട്ടികയിൽ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതിൽ 370 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.