- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശം ഹിന്ദു വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പു യുദ്ധം മുറുകവെ ചട്ടലംഘനം ആരോപിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ പരാതികളും സജീവമാകുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. 'ശക്തി' പരാമർശത്തിലാണ് ബിജെപിയുടെ നീക്കം. രാഹുലിന്റെ പ്രസ്താവന ഹിന്ദുമത വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നതെന്നും പരസ്പര വൈരം വളർത്തുന്നതെന്നും ബിജെപി പരാതിയിൽ പറയുന്നു.
മുംബൈയിലെ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിൽ ആയിരുന്നു രാഹുലിന്റെ 'ശക്തി' പരാമർശം. തങ്ങൾ പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ (അധികാരത്തിന്) ആണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ രാഹുലിന്റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നും, ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിർക്കുകയാണ് ഇന്ത്യ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ പ്രതികരണം. തുടർന്ന് രാഹുലിന്റെ 'ശക്തി' പ്രയോഗം വലിയ രീതിയിൽ ചർച്ചയായി.
തന്റെ വാക്കുകൾ പലപ്പോഴും വളച്ചൊടിക്കുകയാണ് , മോദി തെറ്റിദ്ധാരണ പരത്തുന്നുവെന്നും താനുദ്ദേശിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെകുറിച്ചാണ്, അത് മോദിയെ കുറിച്ച് തന്നെയാണ്- അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്, അതിനാലാണാ വാക്ക് വളച്ചൊടിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. ഇതിന് ശേഷമാണിപ്പോൾ ഇതേ പരാമർശത്തിൽ രാഹുലിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പു കമ്മീഷനെ കൂടി വിമർശിച്ചു കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നത്. നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് പറഞ്ഞു. നടപടികൾ സുതാര്യമല്ലെങ്കിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമ നടപടി സ്വീകരിക്കും. വികസിത ഭാരത പ്രചാരണത്തിന് ആളുകളുടെ മൊബൈൽ നമ്പറുകൾ ബിജെപിക്ക് എങ്ങനെ കിട്ടിയതെന്ന് അറിയേണ്ടതുണ്ടെന്നും സാഗരിക ഘോഷ് പറഞ്ഞു.
വാട്‌സാപ്പിൽ ലഭിക്കുന്ന നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശത്തിന്റെ പേരിലാണ് വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈൽ നമ്പറുകൾ ബിജെപിക്ക് കിട്ടി. സർക്കാരിന്റെ കൈയിലുള്ള വിവരം എങ്ങനെ ബിജെപിക്ക് കിട്ടിയെന്നാണ് സാഗരിക ഘോഷ് ചോദിക്കുന്നത്. മൊബൈൽ നമ്പറുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈൽ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഐടി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വാട്‌സാപ്പ് സന്ദേശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് സാഗരിക ഘോഷ് ആരോപിച്ചു. ബംഗാളിൽ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നു. മാത്രമല്ല ഉദ്യോഗസ്ഥരെ തോന്നുംപോലെ സ്ഥലം മാറ്റുന്നു. സുതാര്യമല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടി നോക്കുമെന്നും സാഗരിക ഘോഷ് പറഞ്ഞു. ബിജെപി തോൽപ്പിക്കുക എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം. തൃണമൂൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്നും എംപി പറഞ്ഞു.