തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി ആറ് നാൾ മാത്രമാണ് ബാക്കി. കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ആകാംക്ഷയാണ നിലനിൽക്കുന്നത്. തൃശ്ശൂരും തിരുവനന്തപുരവുമാണ് ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങൾ. ഇതിൽ തന്നെ സുരേഷ്‌ഗോപി മത്സരിക്കുന്ന തൃശ്ശൂരിൽ യുഡിഎഫിനും എൽഡിഎഫിനും അവസാന നിമിഷവും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അടിയൊഴുക്കുകൾ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി മാറിയോ എന്നതാണ് ഇവരുടെ സംശയം. അതുകൊണ്ട് തന്നെ പരസ്പ്പരം പഴിചാരൽ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട് മുന്നണി നേതാക്കൾ.

താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂർത്തിയാക്കിയപ്പോൾ തൃശൂരിൽ പരസ്പരം പഴിചാരുകയാണ് കോൺഗ്രസും സിപിഎമ്മും. വി എസ് സുനിൽകുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എൻ പ്രതാപൻ ആരോപിച്ചു. അതേസമയം കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേർന്ന് ബലിയാടാക്കിയെന്ന് എൽഡിഎഫ് തിരിച്ചടിച്ചു.

പത്തു ലക്ഷത്തിലേറെ വോട്ടർമാരുടെ ജനഹിതമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരൻ കൂടിയായ ടി എൻ പ്രതാപൻ ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോൺഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കിൽ കാൽ ലക്ഷം വോട്ടിന് കെ മുരളീധരൻ വിജയിക്കും. സിപിഎം സിപിഐയെ കാലുവാരിയെന്നാണ് ടി എൻ പ്രതാപന്റെ ആരോപണം. ഇഡി കേസൊതുക്കാൻ വോട്ടുചെയ്യാതിരുന്നും സിപിഎം ബിജെപിയെ സഹായിച്ചു എന്നും പ്രതാപൻ ആരോപിച്ചു.

പ്രതാപന്റെ ആരോപണം ബാലിശമെന്നായിരുന്നു എൽഡിഎഫ് തൃശൂർ ജില്ലാ കൺവീനർ അബ്ദുൾ ഖാദറിന്റെ മറുപടി. കെ മുരളീധരനെ പ്രതാപനും തൃശൂരിലെ കോൺഗ്രസുകാരും ബലിയാടാക്കി എന്നാണ് പ്രത്യാരോപണം. എത്ര സ്ഥലങ്ങളിൽ മുരളീധരനായി പ്രതാപൻ വോട്ട് അഭ്യർത്ഥിച്ച് പോയിട്ടുണ്ടെന്നും അബ്ദുൾ ഖാദർ ചോദിക്കുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള മേൽക്കൈ നിലനിർത്തി പതിനയ്യായിരത്തിലേറെ വോട്ടിന് സുനിൽ കുമാർ വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ താഴെത്തട്ടിൽ നിന്നുള്ള കണക്ക്.

അതേസമയം എൻഡിഎയും ഇന്നലെ അവസാനവട്ട അവലോകന യോഗം ചേർന്നിരുന്നു. സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് അവരുടെ കണക്കുകൂട്ടൽ. നാല് ലക്ഷത്തിലേറെ വോട്ട് മൊത്തം നേടും. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം അമ്പതിനായിരമാണെന്നും ബിജെപി കണക്കാക്കുന്നു.

തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ സുരേഷ്‌ഗോപി ലീഡ് നേടുമെന്നാണ് ബിജെപി ജില്ലാ ഘടകം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനു സമർപ്പിച്ച കണക്ക്. തൃശൂരിൽ 10,000 വോട്ട് വരെയും മറ്റു 2 മണ്ഡലങ്ങളിൽ 5000 വോട്ടു വരെയും മുന്നിലാകുമെന്നു പാർട്ടി കണക്കെടുപ്പിൽ വ്യക്തമായിട്ടുണ്ടെന്നാണു പറയുന്നത്.

1275 ബൂത്തുകളിലെ വോട്ടിന്റെ കണക്കാണു പരിശോധിച്ചത്. കഴിഞ്ഞ തവണ 2.94 ലക്ഷം വോട്ടാണു കിട്ടിയത്. ഇത്തവണ 60,000 മുതൽ ഒരുലക്ഷം വോട്ടുവരെ കൂടുതൽ പ്രതീക്ഷിക്കുന്നു. വോട്ട് 4 ലക്ഷത്തിന് അടുത്തെത്തുമെന്നു പറയാൻ കാരണമായി റിപ്പോർട്ടിൽ പറയുന്നത്: 65,000 വോട്ടുകൾ പുതിയതായി ചേർത്തിട്ടുണ്ട്. പാർട്ടി കൃത്യമായ പരിശോധനയ്ക്കു ശേഷമാണിതു ചേർത്തത്. ഇതിൽ 60,000 വോട്ടും പോൾ ചെയ്തിട്ടുമുണ്ട്.

ഇതിനൊപ്പം സുരേഷ് ഗോപി പ്രഖ്യാപിച്ച വികസന നയവും വോട്ടുകൂടാൻ ഇടയാക്കും. 3 വർഷമായി സുരേഷ് ഗോപി മണ്ഡലത്തിൽ പല തലത്തിലും ആളുകളുമായി ഇടപഴകിയിട്ടുണ്ട്. ധാരാളം ആളുകളെ സ്വന്തം കയ്യിൽനിന്നു പണമെടുത്തു സഹായിക്കുകയും ചെയ്തു. പുതുക്കാട്, മണലൂർ മണ്ഡലങ്ങളിൽ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്നും വിലയിരുത്തുന്നു. മുന്നേറുമെന്നു കരുതുന്ന 5 മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 30,000 മുതൽ 40,000 വരെ വോട്ട് പാർട്ടി നേടിയ മണ്ഡലങ്ങളാണ്.