ജയ്പൂർ: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിക്ക ഹിന്ദി ഹൃദയഭൂമിയിൽ വൻ കുതിപ്പെന്ന് സൂചനകളാണ് പുറത്തുവരുന്നത്. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 100 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 86 മണ്ഡലങ്ങളിലും മുന്നേറുകയാണ്. സിപിഎം രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

രാജസ്ഥാനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ടോങ്കിൽ പിന്നിലാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർപുരയിൽ ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുൻ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ ഝൽറാപട്ടണയിൽ മുന്നിട്ടു നിൽക്കുന്നു.

അതേസമയം ജോത്വാര മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർധൻ സിങ് റാത്തോഡും മുന്നിലാണ്. വിദ്യാനഗർ മണ്ഡലത്തിൽ ബിജെപിയുടെ ദിയാ രാജകുമാരിയും ലീഡ് ചെയ്യുന്നു. ഭരണവിരുദ്ധ വികാരങ്ങളും, പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടിയായതായാണ് സൂചന.

തെലങ്കാനയിൽ കോൺഗ്രസ് 70 ലേറെ സീറ്റ് നേടി അധികാരം പിടിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. ഇത് ശരിവെക്കുന്ന മുന്നേറ്റമാണ് അവിടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല തരംഗമുണ്ടാക്കുന്നതിന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ തോതിൽ സ്വാധീനം ചെലുത്തിയതായും എഐസിസി നിരീക്ഷകൻ മണിക് റാവു താക്കറെ പറഞ്ഞു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രാജാവിനെയും ചക്രവർത്തിയേുമൊക്കെപ്പോലെയാണ് പെരുമാറിയിരുന്നത്. കോൺഗ്രസാണ് തെലങ്കാനയ്ക്ക് സംസ്ഥാന പദവി നേടിക്കൊടുത്തത്. കോൺഗ്രസ് അധികാരത്തിലേറണമെന്ന് ആളുകൾ ആഗ്രഹിച്ചെങ്കിലും അത് സാധിച്ചിരുന്നില്ല. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് ഭരണം പിടിക്കുമെന്നും മണിക് റാവു താക്കറെ പറഞ്ഞു.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാതെ, പരസ്യത്തിനും പ്രചാരണങ്ങൾക്കുമാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പണം ധൂർത്തടിച്ചത്. അദ്ദേഹം തന്റെ ഫാംഹൗസിൽ ഇരുന്നായിരുന്നു ഭരണം നടത്തിയത്. ജനങ്ങളുമായി സംവദിച്ചാണ് കോൺഗ്രസ് പ്രവർത്തിച്ചത്. കോൺഗ്രസിന്റെ നയങ്ങളും വാദ്ഗാനങ്ങളും രൂപീകരിക്കുന്നതിൽ പ്രിയങ്കഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മികച്ച പങ്കു വഹിച്ചുവെന്നും മണിക് റാവു കൂട്ടിച്ചേർത്തു.

തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് മികച്ച ലീഡുമായി മു്നനേറുകയാണ്. 102 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്തു വന്നപ്പോൾ കോൺഗ്രസ് 60 ഇടത്ത് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിആർഎസ് 35 ഇടത്തും മറ്റുള്ളവർ 07 ഇടത്തും മുന്നിട്ടു നിൽക്കുന്നുണ്ട്.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡിയും മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും മുന്നിട്ടു നിൽക്കുകയാണ്. തെലങ്കാന നിയമസഭയിലെ 119 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.