തൃശ്ശൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളെ ബിജെപി മത്സരിപ്പിക്കാത്തത് കേന്ദ്ര നിർദ്ദേശം പരിഗണിച്ച്. അനിൽ ആന്റണിയുടേയും കുമ്മനം രാജശേഖരന്റേയും ജോർജ് കുര്യന്റേയും പേരുകൾ ചർച്ചയായിരുന്നു. എന്നാൽ ഇവരൊന്നും മത്സരിക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രം എടുക്കുകയായിരുന്നു. ബിജെപി. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ സംസ്ഥാനതല ചർച്ച പൂർത്തിയായി. ശനിയാഴ്ച നടന്ന കോർകമ്മിറ്റിയും സംസ്ഥാനസമിതിയും വിഷയം ചർച്ചചെയ്തു. തുടർന്ന് എൻ.ഡി.എ. യോഗവും ചേർന്നു. മൂന്നുപേരടങ്ങിയ പട്ടിക കേന്ദ്രനേതൃത്വത്തിന് അയച്ചു. കേന്ദ്രം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

മുമ്പ് ഇവിടെ സ്ഥാനാർത്ഥിയായിരുന്ന എൻ. ഹരി, കോട്ടയം ജില്ലാസെക്രട്ടറി സോബിൻലാൽ, ജില്ലാപ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ അന്തിമപട്ടികയിലുണ്ടെന്നാണ് സൂചന. ലിജിൻ ലാലിനാണ് മുൻതൂക്കം എന്നറിയുന്നു. മുതിർന്നനേതാവ് കുമ്മനം രാജശേഖരന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെയും പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കി. പുതുപ്പള്ളിയിലെ സാഹചര്യം മനസ്സിലാക്കിയാണ് ഈ തീരുമാനം. ഉമ്മൻ ചാണ്ടി തരംഗം പുതുപ്പള്ളിയിൽ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് ബിജെപി കരുതലുകൾ എടുക്കുന്നത്.

പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് തെറ്റായ വാർത്തയാണെന്ന് അനിൽ ആന്റണി പ്രതികരിച്ചിരുന്നു. താൻ സ്ഥാനാർത്ഥിയാകുമെന്നുള്ളത് ഊഹാപോഹങ്ങളാണ്. എല്ലാം പാർട്ടി തീരുമാനിക്കും. പുതുപ്പള്ളിയിൽ പ്രചാരണത്തിന് താനുണ്ടാകുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. ഏതായാലും പ്രചരണത്തിന്റെ പ്രധാന നേതൃത്വം അനിൽ ആന്റണിക്ക് നൽകാനും സാധ്യതയുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിൽ അടുപ്പിക്കാനാണ് ഈ നീക്കം.

പുതുപ്പള്ളിയിലെ മേഖലായോഗത്തിൽ ഉരുത്തിരിഞ്ഞ പേരുകൾ ശനിയാഴ്ച രാവിലെ നടന്ന കോർകമ്മിറ്റിയാണ് ആദ്യം ചർച്ചചെയ്തത്. നാലോ അഞ്ചോ പേരുകളുണ്ടായിരുന്ന പട്ടിക മൂന്നാക്കി ചുരുക്കി. ഉച്ചയ്ക്കുശേഷം നടന്ന സംസ്ഥാനസമിതിയോഗവും വിഷയം ചർച്ചചെയ്തു. ഇതിന് ശേഷം മൂന്നംഗ പട്ടിക കേന്ദ്രത്തിന് അയച്ചു. ഏതു സമയം വേണമെങ്കിലും ഇതിൽ പ്രഖ്യാപനം വരും. ഏതായാലും നടപടി ക്രമം തുടങ്ങിയതിനാൽ അധികം വൈകില്ല. യുഡിഎഫിനായി ചാണ്ടി ഉമ്മനും സിപിഎമ്മിനായി ജെയ്ക് സി മാത്യുവും മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്.

പരാമാവധി വോട്ട് പിടിക്കുകയെന്നതാകും ബിജെപി തന്ത്രം. വോട്ടു കുറയുന്നില്ലെന്ന് ഉറപ്പാക്കാനും ശ്രമിക്കും. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പുതിയ മാതൃക ഉയർന്നുവരുമെന്നും എൽ.ഡി.എഫും യു.ഡി.എഫും പരാജയപ്പെടുമെന്നും ബിജെപി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ അഭിപ്രായപ്പെട്ടു.മണിപ്പുരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ കലാപമാണെന്ന രീതിയിൽ കേരളത്തിൽ നടക്കുന്ന പ്രചാരണം ശരിയല്ല. ഗോത്രവിഭാഗങ്ങളായ കുക്കികളും മെയ്ത്തികളും തമ്മിലുള്ള സംഘർഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയമെല്ലാം പുതുപ്പള്ളിയിൽ ബിജെപി ചർച്ചയാക്കും.

ബിജെപിയുടെ സി ക്ലാസ്സ് മണ്ഡലമായ പുതുപ്പള്ളിയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ട് ഉയർത്താനാകുമെന്ന് തൃശ്ശൂരിൽ ചേർന്ന കോർ കമ്മിറ്റി യോഗം വിലയിരുത്തി. അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിഷയം സംബന്ധിച്ച തർക്കങ്ങളിൽ ഇടപെടാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വി ഡി സതീശനും സതീശന്റെ കമ്പനിക്കാരുമാണ് ഉമ്മൻ ചാണ്ടിയെ വീഴ്‌ത്തിയത്. ഉമ്മൻ ചാണ്ടിയെ സരിത കോൺഗ്രസ് എന്നു പരിഹസിച്ച സതീശൻ ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാൻ കഷ്ടപ്പെടുന്നതിൽ അത്ഭുതം തോന്നുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.