- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് നാട്ടിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായി ബിജെപി ഉയരുമോ?
ചെന്നൈ: 2019ലെ തിരഞ്ഞെടുപ്പുകാലത്ത് ബിജെപി തമിഴ്‌നാട്ടിൽ അധിക്ഷേപിക്കപ്പെട്ടത്, നോട്ട പാർട്ടിയെന്നായിരുന്നു. 2023ൽ എഐഎഡിഎംകെയുമായുള്ള സഖ്യം വേർപിരിഞ്ഞപ്പോൾ, അവരും ബിജെപിയെ പരിഹസിച്ചത് ഇതേപേരിലാണ്. ശക്തമായ രണ്ട് ദ്രാവിഡ് പാർട്ടികളുടെ ഇടയിൽ ബിജെപിക്ക് യാതൊരു രക്ഷയുമില്ലെന്ന വിലയിരുത്തലായിരുന്നു, തമിഴക രാഷ്ട്രീയം വിലയിരുത്തുന്നവർ പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ എഐഎഡിഎംകെയുമായുള്ള സഖ്യം പരിഞ്ഞതോടെ അവർ ബിജെപിക്ക് തമിഴ്‌നാട്ടിൽ ചരമക്കുറിപ്പ് എഴുതി. എന്നാൽ കഴിഞ്ഞ ദിവസം എക്സിറ്റ്പോൾ വന്നപ്പോൾ വിമർശകർ ഞെട്ടുകയാണ്. അണ്ണാ ഡിഎംകെയെ മറികടന്ന് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി ബിജെപി മാറുമെന്നാണ് പല എക്സിറ്റ്പോളുകളും പറയുന്നത്.
തമിഴ്‌നാട്ടിൽ ബിജെപി 1 മുതൽ 5 വരെ സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന ഇന്ത്യസഖ്യം 36 മുതൽ 39 വരെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 2 സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണ് എക്സിറ്റ് പോൾ മുന്നോട്ടുവക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3 ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം 20 ശതമാനം വർധിക്കുമെന്ന് ചില എക്സിറ്റ്പോളുകൾ നിരീക്ഷിക്കുന്നത്. അതോടെ ഡിഎംകെ, എഐഡിഎംകെ, എന്ന ദ്വന്ദം ഡിഎംകെ ബിജെപി എന്ന നിലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അഞ്ചുസീറ്റുകൾ ഉറപ്പെന്ന് ബിജെപി
തമിഴ്‌നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പറയുന്നു. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വിജയിക്കാനുള്ള സാധ്യതയാണ് എക്സിറ്റ് പോൾ ഫലം മുന്നോട്ടുവക്കുന്നത്. അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ പ്രവചിക്കുന്ന ഇന്ത്യ ടിവി-സിഎൻഎക്‌സിൽ നിന്നാണ് ബിജെപി സഖ്യത്തിന് ഏറ്റവും ശുഭാപ്തിവിശ്വാസം ഉള്ളത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ രണ്ട് മുതൽ നാല് വരെ സീറ്റുകൾ പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ബിജെപി 1-3 സീറ്റുകൾ നേടിയേക്കുമെന്ന് പ്രവചിക്കുന്നു, പക്ഷേ ഈ സർവേ പ്രകാരം കോയമ്പത്തൂരിൽ അണ്ണാമലൈ വിജയിക്കാൻ സാധ്യതയില്ല.
എന്നാൽ തങ്ങൾക്ക് അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് ബിജെപി ഘടകത്തിന്റെയും വിലയിരുത്തൽ. ലോക്‌സഭാ എക്സിറ്റ് പോൾ റിപ്പോർട്ടുകളോട് പ്രതികരിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ഇങ്ങനെ പ്രതികരിക്കുന്നു. "തമിഴ്‌നാട് പോലുള്ള ഒരു സംസ്ഥാനത്തിന് ഇത് ഒരു തുടക്കം മാത്രമാണ്, ഇത് ആദ്യ ദിശയിലേക്കുള്ള ചുവടുവെപ്പാണ്. ബിജെപിക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറഞ്ഞ ഒരു സംസ്ഥാനം, ഇന്നലെ വരെ എഐഎഡിഎംകെയും ഡിഎംകെയും ഞങ്ങൾ നോട്ട പാർട്ടിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നു... ഇന്ന് ഞങ്ങളുടെ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളിലാണെന്ന് ഞങ്ങൾ തെളിയിച്ചിരിക്കുന്നു. ജൂൺ 4 ന്, ഞങ്ങൾ അക്കൗണ്ട് തുറക്കാൻ പോകുകയാണെന്നും സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് എൻഡിഎയ്ക്കും ബിജെപിക്കും വേണ്ടി തമിഴ്‌നാട്ടിൽ നിന്ന് എംപിമാരെ അയയ്ക്കുമെന്നും ഞങ്ങൾ തെളിയിക്കും...തമിഴ്‌നാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പം നിൽക്കും" - അണ്ണാമലൈ പറയുന്നു.
എല്ലാകണ്ണുകളും കോയമ്പത്തൂരിലേക്ക്
ദ്രാവിഡ പാർട്ടികളുടെ ആധിപത്യമുള്ള തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് മണ്ഡലത്തിലേക്ക്, കെ അണ്ണാമലൈ എന്ന തീപ്പൊരി പ്രാസംഗികനായ മുൻ ഐപിഎസ് ഓഫീസർ രംഗത്ത് എത്തിയതോടെ കാര്യങ്ങൾ മാറാൻ തുടങ്ങിയത് .'എൻ മണ്ണ്, എൻ മക്കൾ' എന്ന മുദ്രാവാക്യവുമായി അണ്ണാമലൈയുടെ നേതൃത്വത്തിൽ ഏഴുമാസം നീണ്ട പദയാത്രയാണ് തമിഴ്‌നാട്ടിൽ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തി.
പല പൊതു വിഷയങ്ങളിലും ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരായ അദ്ദേഹം രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. മൂൻ ധനമന്ത്രി രത്നവേൽ ത്യാഗരാജന്റെ രാജിക്ക് ഇടയാക്കിയ, അഴിമതി ബോംബുകൾ പൊട്ടിച്ചത് അണ്ണാമലൈയാണ്. ഫലത്തിൽ തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതാവാണ് ഇദ്ദേഹമെന്നാണ് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. ഉറച്ചതും ആക്രമണാത്മകവുമായ സ്വഭാവം, ജനങ്ങളോടുള്ള സൗഹാർദ്ദപരമായ സമീപനം എന്നിവ അണ്ണാമലൈയെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബദൽ തേടുന്നവർക്ക് കൂടുതൽ പ്രിയങ്കരനാക്കി. രണ്ട് ദ്രാവിഡ പാർട്ടികൾക്കും ബദൽ തേടുന്ന യുവാക്കൾ നിർഭയനും അഴിമതിരഹിതനുമായ നേതാവായിട്ടാണ് അണ്ണാമലൈയെ കാണുന്നതെന്ന് ഇന്ത്യൻ എക്പ്രസ് ഈയിടെ എഴുതിയിരുന്നു.
കോയമ്പത്തൂരിൽനിന്ന് ജനവിധി തേടുന്ന അണ്ണാമലൈയുടെ വിജയിക്കുമോ എന്നാണ് എല്ലാവും ഉറ്റുനോക്കുന്നത്. ഡിഎംകെക്കും, എഐഎഡിഎംകെയക്കുമൊപ്പം, തമിഴ്ദേശീയത ഉയർത്തി നാം തമിഴർ പാർട്ടികൂടി രംഗത്ത് എത്തിയതോടെ കോയമ്പത്തൂരിൽ, ചതുഷ്‌കോണ മത്സരമാണ്. 1998, 1999 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഈ സീറ്റ് നേടിയിരുന്നുവെന്ന് ഓർക്കുക. എന്നാൽ, അന്ന് എഐഎഡിഎംകെയുമായി സഖ്യമുണ്ടായിരുന്നു. ഇപ്പോൾ എഐഡിഎംകെയുടെ പിന്നിൽ നിൽക്കാതെ, മോദി തരംഗം ഉയർത്തി അവരെ വെട്ടിക്കാനാണ് അണ്ണാമലൈ ശ്രമിക്കുന്നത്. 2019-ൽ 1.79 ലക്ഷത്തിലധികം വോട്ടുകൾക്ക് സിപിഎമ്മിന്റെ പിആർ നടരാജൻ വിജയിച്ച മണ്ഡലം ഇത്തവണ ഡിഎംകെ ചോദിച്ച് വാങ്ങുകയായിരുന്നു. ജാതി സമവാക്യങ്ങൾ നിർണായക പങ്ക് വഹിക്കുന്ന ഒരു സംസ്ഥാനത്ത്, അണ്ണാമലൈയും, ഡിഎംകെ സ്ഥാനാത്ഥി രാജ്കുമാറും പ്രബലമായ ഗൗണ്ടർ സമുദായത്തിൽ പെട്ടവരാണെന്ന വസ്തുത ആർക്കും കാണാതിരിക്കാനാവില്ല. മേഖലയിലെ മുതിർന്ന എഐഎഡിഎംകെ നേതാക്കൾ ഗൗണ്ടർമാരാണെങ്കിലും ഇരു സമുദായങ്ങളെയും വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നായിഡു സമുദായത്തിൽ നിന്ന് രാമചന്ദ്രനെ പാർട്ടി മത്സരിപ്പിച്ചത്. മൂന്ന് സ്ഥാനാർത്ഥികളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.
അണ്ണാമലൈക്ക് മാന്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിൽ, അത് പാർട്ടിക്ക് മാത്രമല്ല, കോയമ്പത്തൂർ ജില്ലയിൽ മൂന്ന് തവണ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാണക്കേടായി മാറും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ മാസ്റ്റർ പ്ലാനിനും ഇത് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.