- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് ഉജ്ജ്വല വിജയക്കുതിപ്പ്; ഛത്തീസ്‌ഗഡിലും അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നു; മോദി പ്രഭാവം ആഞ്ഞു വീശിയപ്പോൾ താമരക്കുമ്പിളിൽ ഉത്തരേന്ത്യ; കോൺഗ്രസിന് ആശ്വസിക്കാൻ തെലുങ്കാനയിലെ വിജയക്കുതിപ്പു മാത്രം; ബിജെപി ക്യാമ്പിൽ ആഹ്ലാദം അലതല്ലുന്നു
ന്യൂഡൽഹി: രാജ്യത്തെ ബിജെപി ഭരണം തുടരുമെന്ന സൂചനകളുമായി ഉജ്ജ്വല വിജയം. നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും അധികാരം പിടിക്കുന്ന അവസ്ഥയിലേക്കാണ് ബിജെപി മുന്നേറ്റം. മധ്യപ്രദേശിലും, രാജസ്ഥാനിലും വൻ വിജയം ഉറപ്പിച്ച ബിജെപി ഛത്തീസ്‌ഗഡിലും അട്ടിമറി വിജയം നേടുമെന്ന അവസ്ഥയിലാണ്. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് കാറ്റാണ് വീഴുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കെസിആറിന്റെ ബിആർഎസിന് കാലിടറുന്നതാണ് കണ്ടത്.
വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ഭരണത്തിൽ വരുമെന്ന സൂചനയാണ് നൽകുന്നത്. ഛത്തീസ്‌ഗഡിൽ ആദ്യ രണ്ടുമണിക്കൂറുകളിൽ കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് കോൺഗ്രസ് താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. നിലവിൽ ബിജെപിയാണ് ഛത്തീസ്‌ഗഡിലും ലീഡ് ഉയർത്തുന്നത്. ഇവിടെ അവസാന നിമിഷം ബിജെപി അട്ടിമറി വിജയം നേടുമെന്ന സൂചനകളുണ്ട്.
മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 140 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നരേന്ദ്രസിങ് തോമർ, കമൽനാഥ് തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്.
രാജസ്ഥാൻ നിയമസഭയിൽ 199 സീറ്റുകളാണ് ഉള്ളത്. 100 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 113 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ കോൺഗ്രസ് 70 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, വസുന്ധരരാജ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്.
തെലങ്കാനയിൽ കോൺഗ്രസ് കാറ്റാണ് വീശുന്നത്. 111 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67 ഇടത്തും കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനമാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിന് പിന്നിലെന്ന് രാഷ്ട്രീയവൃത്തങ്ങൾ പറയുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതൽ അധികാരത്തിൽ തുടരുന്ന ബിആർഎസ് 39 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഒരു സീറ്റിൽ നിന്ന് പത്തുസീറ്റിൽ ലീഡ് ചെയ്യുന്ന തരത്തിലാണ് ബിജെപിയുടെ മുന്നേറ്റം.
ഛത്തീസ്‌ഗഡിൽ തുടക്കത്തിൽ കോൺഗ്രസാണ് മുന്നിട്ട് നിന്നത്. കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്നതായിരുന്നു ആദ്യ ഫല സൂചനകൾ. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ സ്ഥിതി മാറുന്നതാണ് കണ്ടത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 50 ഇടത്താണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.
മറുനാടന് ഡെസ്ക്