ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി പതിമൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനപ്രകാരം 13 സീറ്റുകളില്‍ 11 ഇടത്തും ഇന്ത്യ സഖ്യത്തിന് മുന്നേറ്റം. ആദ്യ ഫല സൂചനകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ്.

റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മധ്യപ്രദേശിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഹിമാചല്‍ പ്രദേശില്‍ ഒരിടത്ത് ബി.ജെ.പിയാണ് മുന്നില്‍. ഹിമാചല്‍ പ്രദേശിലെ ദെഹ്രയില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലേഷ് താക്കൂറിന്റെ ലീഡ് ആറായിരം കടന്നു.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎപി സ്ഥാനാര്‍ത്ഥിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. പശ്ചിമ ബംഗാളിലെ മണിക്തലയില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ പതിനൊന്നായിരത്തിലധികം വോട്ടിന് പിന്നിലാണ്.

പശ്ചിമ ബംഗാളില്‍ മൂന്നിടത്ത് ടിഎംസിയാണ് മുന്നില്‍. ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിഹാറില്‍ ഒരിടത്ത് ജെഡിയുവും മുന്നേറുന്നു.രാവിലെ 11 മണി വരെയുള്ള ഫലസൂചനയാണ് പുറത്ത് വന്നത്. തമിഴ്‌നാട്ടിലെ വിക്രംമാണ്ടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.

പഞ്ചാബില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്?മി സ്ഥാനാര്‍ഥി ഏതാണ്ട് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.

റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വരുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്.

റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ബിജെപി എംഎല്‍എമാര്‍ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിര്‍ണായകമാണ്. എംഎല്‍എമാരുടെ മരണത്തെയും രാജിയെയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.