വടകര: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ അപര സ്ഥാനാർത്ഥികൾ രംഗത്ത്. മിക്ക മണ്ഡലങ്ങളിലും അപരന്മാർ പത്രിക നൽകിയിട്ടുണ്ട്. തീപാറുന്ന പോരാട്ടം നടകകുന്ന വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനും എതിരെ അപരന്മാർ രംഗത്തുണ്ട്.

ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയിൽ ആകെ 14 ഉം കോഴിക്കോട് എട്ടും സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ, എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ എന്നിവർക്കെതിരെയും അപരന്മാർ പത്രിക സമർപ്പിച്ചു. രണ്ട് കെ സുധാകരന്മാരും ഒരു എം വി ജയരാജനും സ്വതന്ത്രരായി പത്രിക സമർപ്പിച്ചു. കണ്ണൂരിൽ ആകെ 18 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്.

അതേസമയം നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചെന്നും സൂക്ഷ്മ പരിശോധന നാളെ നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങളും വാർത്താക്കുറിപ്പിലൂടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം 22, ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13 എന്നിങ്ങനെയാണ് നാമനിർദ്ദേശ പത്രികയുടെ വിവരങ്ങൾ.