- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർകുന്നം 2021ൽ അച്ഛന് കൊടുത്തത് വെറും 1293ന്റെ മുൻതൂക്കം; അപ്പയുടെ വേർപാടിന്റെ ദുഃഖം മാറും മുമ്പേയുള്ള ഉപതിരഞ്ഞെടുപ്പിൽ മകന് അതേ പഞ്ചായത്ത് സമ്മാനിച്ചത് അഞ്ചിരട്ടിയിൽ അധികം വോട്ടിന്റെ തിളങ്ങും ഭൂരിപക്ഷം; ആദ്യ രണ്ട് റൗണ്ടുകൾ കഴിഞ്ഞപ്പോഴേ പുതുപ്പള്ളിയുടെ മനസ്സ് തെളിഞ്ഞു
കോട്ടയം: അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലും ലീഡ് ചാണ്ടി ഉമ്മന്. 2021ൽ ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. ഇവിടെയാണ് ചാണ്ടി ഉമ്മന് വലിയ ഭൂരിപക്ഷം ആദ്യ റൗണ്ടിൽ കിട്ടിയത്. ഇതോടെ തന്നെ പുതുപ്പള്ളിയുടെ മനസ്സ് ആർക്കൊപ്പമാണെന്ന് വ്യക്തമായി. വമ്പൻ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ കടക്കുമെന്ന വസ്തുത രാഷ്ട്രീയ കേരളം തിരിച്ചറിഞ്ഞു. ഉമ്മൻ ചാണ്ടി തരംഗം പുതുപ്പള്ളിയിൽ ആഞ്ഞടിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് അയർകുന്നം നൽകുന്നത്. അയർകുന്നം എണ്ണി തീർന്നപ്പോൾ തന്നെ മൂവായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ ഉറപ്പിച്ചു.
കഴിഞ്ഞ തവണ അയർകുന്നത്ത് ചില ബൂത്തുകളിൽ ജെയ്ക് സി തോമസ് ഒന്നാമത് എത്തിയിരുന്നു. ഈ ബൂത്തുകളിലും ചാണ്ടി ഉമ്മൻ മുന്നിലെത്തി. ബിജെപിക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. പുതുപ്പള്ളിയിൽ എക്‌സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലായിരുന്നു യു ഡി എഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലുണ്ട് മുന്നണിക്ക്. അത് അയർകുന്നത്ത് എത്തിയപ്പോൾ വലിയ പ്രതീക്ഷയായി. ആദ്യ റൗണ്ട് പൂർത്തിയായി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ തന്നെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലായി. രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ട്രെന്റും വ്യക്തമായി. ക്രമാനുഗതമായി ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ചയാണ് അയർകുന്നത്ത് കണ്ടത്. ആദ്യ രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ ചാണ്ടി ഉമ്മന് 6000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ ഉറപ്പിച്ചു.
ഉമ്മൻ ചാണ്ടിയോടുള്ള ജനതയുടെ സ്‌നേഹമാണ് വോട്ടായി മാറുന്നതെന്ന വിലയിരുത്തൽ സജീവമാണ്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ കിട്ടിയത്തിന്റെ അഞ്ചിരട്ടിയോളം വോട്ട് ആദ്യ രണ്ട് റൗണ്ടിൽ നേടി ചാണ്ടി ഉമ്മൻ വിസ്മയമായി. ഭരണ വിരുദ്ധ വികാരവും ഇതിന് കാരണമായി. അയർക്കുന്നത്തെ തരംഗം പുതുപ്പള്ളിയിൽ ആകെ പടരുന്ന കാഴ്ചയാകും കാണുക. അങ്ങനെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അയർക്കുന്നത്ത് തന്നെ ചിത്രം വ്യക്തമായി. അയർകുന്നത്ത് 1000ൽ താഴെ വോട്ടിന് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പിടിച്ചു കെട്ടാനായിരുന്നു സിപിഎം പദ്ധതി. എന്നാൽ ചിട്ടയായ പ്രവർത്തനത്തിലൂടെ യുഡിഎഫിന് ആ പ്രതീക്ഷകളെ തകർക്കാനായി. വിപി സജീന്ദ്രനും റോജി എം ജോണുമാണ് അയർക്കുന്നത്ത് യുഡിഎഫ് പ്രവർത്തനം ഏകോപിപ്പിച്ചത്.
സ്‌ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണൽ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുന്മുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർത്ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.
ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാർത്ഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർത്ഥി), ഷാജി (സ്വതന്ത്ര സ്ഥാനാർത്ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.
1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ