ഹൈദരാബാദ്: ചന്ദ്രബാബു നായിഡു കിങ് മേക്കറാകുമോ? അമരാവതിയിൽ മാത്രമല്ല, ന്യൂഡൽഹിയിലും നായിഡു അധികാരത്തിന്റെ മധുരം നുണയാൻ പോവുകയാണ്. ഇടക്കാലത്ത് ജയിലിൽ ഗോതമ്പുണ്ട കഴിച്ച് കഴിഞ്ഞ നായിഡു വീണ്ടും ദേശീയ രാഷ്ടീയത്തിൽ പദവി വീണ്ടെടുക്കുകയാണ്. തെലുഗുദേശത്തിന് ഇത് എളുപ്പമുള്ള ജയമായിരുന്നില്ല. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 23 സീറ്റായി ചുരുങ്ങിയത് നായിഡുവിന് വലിയ തിരിച്ചടിയായിരുന്നു. അഴിമതി കേസിൽ പെട്ടതോടെ വൈഎസ്ആർ കോൺഗ്രസ് 53 ദിവസത്തേക്ക് നായിഡുവിനെ ജയിലിൽ അടിച്ചു.

ഇക്കുറി കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്. ടിഡിപിയെ എൻഡിഎയിൽ തന്നെ നിർത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണിൽ സംസാരിച്ചു. എൻഡിഎയിൽ തന്നെ ഉറച്ച് നിൽക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.

അതേസമയം, ടിഡിപിയുമായി ചർച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യാ സഖ്യ നേതാക്കൾ. നിതീഷ് കുമാറുമായും ഇന്ത്യാ സഖ്യം ചർച്ച നടത്തുന്നുണ്ട്. ഒരു ഭാഗത്ത് പ്രാദേശിക കക്ഷികളെ കൂടെ നിർത്തി ഭരണം പിടിച്ചെടുക്കാൻ ഇന്ത്യാ സഖ്യം നീക്കം നടത്തുമ്പോഴാണ് ഭരണതുടർച്ചയ്ക്കായി ബിജെപി ടിഡിപി ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികൾ വിട്ടുപോകാതിരിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയത്.

90 കളുടെ അവസാനത്തിൽ മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു നായിഡു. ഇന്ത്യയിലെ ഏറ്റവും മിടുക്കനായ മുഖ്യമന്ത്രിയെന്ന പേരെടുത്ത, വിദേശ മാധ്യമങ്ങളും സ്വദേശ മാധ്യമങ്ങളും നവയുഗശിൽപ്പിയെന്ന് വിലയിരുത്തിയ നേതാവ്. ആന്ധ്രപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന റെക്കോഡിട്ട എൻ ചന്ദ്രബാബു നായിഡുവാണ്, 371 കോടി രൂപയുടെ അഴിമതിക്കേസിൽ റിമാൻഡിലായ രാജമുദ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരനായി കഴിഞ്ഞത്.

മുൻ മുഖ്യമന്ത്രിയും ഇതിഹാസ ചലച്ചിത്ര താരവുമായ എൻ ടി രാമറാവുവിന്റെ ശാപമാണിതെന്നും വ്യാപക പ്രചാരണം നടന്നിരുന്നു. ഇപ്പോൾ നായിഡുവിന് 75 വയസ്സുണ്ട്. എൻടിആറിനെ ഇതേ പ്രായത്തിൽ വിഷമിപ്പിച്ച നായിഡു, ഇപ്പോൾ അതേ പ്രായത്തിൽ ജയിലിൽ എന്നാണ് വൈഎസ്ആർസിപി നേതാവ് കോടാലി നാനി പ്രതികരിച്ചത്. നായിഡു അറസ്റ്റിലായതിന്റെ പിറ്റേന്ന്, എൻടിആറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പ്രതികരിച്ചത്. നായിഡു അനുഭവിച്ചത് എൻടിആറിനെ പിന്നിൽനിന്ന് കുത്തിയതിന്റെ ശാപമാണെന്നാണ് അവർ അന്ന് പറഞ്ഞത്.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ജയിൽ ശിക്ഷ അനുഭവിച്ചതും നായിഡുവിന്റെ അറസ്റ്റും താരതമ്യപ്പെടുത്തിയവരുണ്ട്. വൈഎസ്ആറിന്റെ മരണത്തിനു ശേഷം പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ജഗൻ കോൺഗ്രസ് നേതൃത്വവുമായി ഉരസിയതോടെ പാർട്ടി വിട്ടത്. തുടർന്ന് 2011ലാണ് ജഗൻ വൈഎസ്ആർസിപി രൂപീകരിക്കുന്നത്. എന്നാൽ അഴിമതി, അനധികൃത സ്വത്തു സമ്പാദന കേസിൽ 2012 മേയിൽ അദ്ദേഹം അറസ്റ്റിലായി. ഒടുവിൽ 16 മാസത്തെ ജയിൽ വാസത്തിനു ശേഷം 2013 സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അന്ന് ജഗനെ കുടുക്കാൻ ചരടുവലികൾ നടത്തിയത് നായിഡുവാണെന്നാണ് പറയുന്നത്. പിന്നീട് ജഗന്റെ പ്രതികാരത്തിൽ നായിഡു അകത്തുമായി.

28ാം വയസ്സിൽ എംഎൽഎ

എല്ലാം വളരെപെട്ടന്ന് തളികയിൽവെച്ച് കിട്ടിയ വ്യക്തിയാണ് ചന്ദ്രബാബുനായിഡു. 1950 ഏപ്രിൽ 20 തിരുപ്പതി ജില്ലയിലെ നരവരിപ്പള്ളിയിലെ ഒരു കാർഷിക കുടുംബത്തിൽ, നാര ഖർജുര നായിഡുവിന്റെയും അമാനമ്മയുടെയും മകനായാണ് ജനനം. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. നായിഡുവിന് വിറ്റിലിഗോ രോഗം ഉണ്ട്. ഇതുമൂലമാണ് ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നത്. പക്ഷേ ഇത് സൃഷ്ടിക്കുന്ന അപകർഷതാബോധത്തെയൊക്കെ മറികടക്കാൻ കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തന്റെ ഗ്രാമത്തിൽ സ്‌കൂൾ ഇല്ലാത്തതിനാൽ നായിഡു ശേഷപുരത്തെ പ്രൈമറി സ്‌കൂളിലാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. ചന്ദ്രഗിരി ഗവൺമെന്റ് ഹൈസ്‌കൂളിൽ പത്താം ക്ലാസും. പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം ക്ലാസ് ലീഡറുമായിരുന്നു. തിരുപ്പതിയിലുള്ള ശ്രീ വെങ്കടേശ്വര ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. അവിടെ നിന്ന് പി.എച്ച്.ഡി എടുക്കാവാൻ ഉള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

ശ്രീ വെങ്കിടേശ്വര സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ കോൺഗ്രസിന്റെ വിദ്യാർത്ഥി യൂണിയൻ നേതാവായിട്ടാണ് നായിഡു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1975-ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്ന അദ്ദേഹം പ്രാദേശിക ചാപ്റ്ററിന്റെ പ്രസിഡന്റായി. 1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ശേഷം അദ്ദേഹം സഞ്ജയ് ഗാന്ധിയുടെ അനുയായിയായി മാറി. മുതിർന്ന തേതാവ് എൻ.ജി. രംഗയുടെ സഹായത്തോടെ, നായിഡു കോൺഗ്രസ് പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥിത്വം നേടി. യുവാക്കൾക്കുള്ള 20 ശതമാനം സംവരണം എന്ന പാർട്ടി നയം അദ്ദേഹത്തെ തുണച്ചു. 1978 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രഗിരി മണ്ഡലത്തിലെ നിയമസഭാംഗമായി. അന്ന് വെറും 28വയസ്സായിരുന്നു പ്രായം.

തുടക്കത്തിൽ ആന്ധ്രപ്രദേശ് ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് ടി.അഞ്ജയ്യയുടെ സർക്കാരിൽ മന്ത്രിയായി. 1980-നും 1983-നും ഇടയിൽ, സംസ്ഥാന സർക്കാരിൽ ആർക്കൈവ്സ്, സിനിമാട്ടോഗ്രഫി, സാങ്കേതിക വിദ്യാഭ്യാസം, ചെറുകിട ജലസേചനം തുടങ്ങി വിവിധ വകുപ്പുകൾ നായിഡു വഹിച്ചിരുന്നു. 28ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, 30-ാം വയസ്സിൽ മന്ത്രിയുമായി എന്ന രീതിയിൽ ശവവേഗത്തിലായിരുന്നു നായിഡുവിന്റെ വളർച്ച.

സിനിമാ മന്ത്രിയായിരിക്കെ, നായിഡു തെലുങ്ക് സിനിമയിലെ ജനപ്രിയ ചലച്ചിത്രതാരം എൻ.ടി.രാമ റാവുവുമായി അടുക്കുന്നത്. 1981 സെപ്റ്റംബറിൽ അദ്ദേഹം റാവുവിന്റെ രണ്ടാമത്തെ മകളായ ഭുവനേശ്വരിയെ വിവാഹം കഴിച്ചു. അത് ഒരു അറേഞ്ചഡ് മാരേജ് ആയിരുന്നു. അന്ന് ചന്ദ്രബാബു കോൺഗ്രസിൽ തന്നെ ആയിരുന്നു. പക്ഷേ എൻടിആറിന് അയാളുടെ കഴിവിൽ വലിയ വിശ്വാസമായിരുന്നു.

കോൺഗ്രസിൽ നിന്ന് ടിഡിപിയിലേക്ക്

1982-ൽ എൻടിആർ എന്ന തെലുങ്ക് ഇതിഹാസ താരം, തെലുങ്കുദേശം പാർട്ടി (ടിഡിപി) രൂപീകരിച്ചതോടെ ആന്ധ്രയുടെ ചരിത്രം മാറി. തെലങ്കിൽ ഒരു താരത്തിനും ഇദ്ദേഹത്തെപ്പോലെ ജനപ്രീതി ഉണ്ടായിരുന്നില്ല. നിരന്തരം കൃഷ്ണവേഷങ്ങൾ ചെയ്യുന്നതിനാൽ, ആന്ധ്രയിലെ ശ്രീകൃഷ്ണ പ്രതിമകൾക്കൊക്കെ എൻ ടി ആറിന്റെ മുഖഛായയാണെന്നാണ് പറയാറുള്ളത്!

1983-ൽ നടന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഡിപി ജയിച്ചു. പക്ഷേ അപ്പോഴും എൻടിആറിന്റെ മരുമകനായിരുന്ന ചന്ദ്രബാബു നായിഡു കോൺഗ്രസിലാണ് തുടർന്നത്. ഭാര്യാപിതാവിന്റെ സ്ഥാനാത്ഥിക്കെതിരെ മത്സരിക്കാനും അദ്ദേഹം ധൈര്യപ്പെട്ടു. പക്ഷേ ചന്ദ്രഗിരി നിയമസഭാ മണ്ഡലത്തിൽ ടിഡിപി സ്ഥാനാർത്ഥിയോട് നായിഡു പരാജയപ്പെട്ടു. അതോടെ നായിഡുവിനും എൻടിആറിന്റെ സ്വാധീനം കൃത്യമായ മനസ്സിലായി.

താമസിയാതെ ചന്ദ്രബാബുനായിഡുവും തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. തുടക്കത്തിൽ, നായിഡു പാർട്ടി പ്രവർത്തനത്തിലും പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും അംഗത്വ രേഖകൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിലും എർപ്പെട്ടു. 1984 ഓഗസ്റ്റിലെ നാദേന്ദ്ല ഭാസ്‌കര റാവുവിന്റെ നേതൃത്വത്തിൽ അട്ടിമറിയിലൂടെ ഗവൺമെന്റ് പ്രതിസന്ധിയിലായപ്പോൾ അത് പരിഹരിച്ചത് നായഡുമോണ്്. ഇതോടെ 1986ൽ ടിഡിപിയുടെ ജനറൽ സെക്രട്ടറിയായി എൻടിആർ നായിഡുവിനെ നിയമിച്ചു. ക്രമേണേ എൻടിആറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന നിലയിൽ അയാൾ വളർന്നു.

1989ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നായിഡു കുപ്പം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് 5000 വോട്ടുകൾക്ക് വിജയിച്ചു. പക്ഷേ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചതിനാൽ നായിഡുവിന് പ്രതിപക്ഷത്തിരിക്കേണ്ടി. രാമറാവു അദ്ദേഹത്തെ ടിഡിപിയുടെ കോർഡിനേറ്ററായി നിയമിച്ചു. അതിൽ അദ്ദേഹം നന്നായി ശോഭിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഈ ഘട്ടത്തിൽ അദ്ദേഹം വഹിച്ച പങ്ക് പാർട്ടിയുടെ തുടർന്നുള്ള വിജയത്തിന് നിർണായക ഘടകമായിരുന്നു. 1994ലെ തിരഞ്ഞെടുപ്പിൽ കുപ്പം മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ച് എൻടിആർ മന്ത്രിസഭയിൽ ധനകാര്യ-റവന്യൂ മന്ത്രിയായി. പക്ഷേ അപ്പോൾ എൻടി രാമാറാവിന്റെ കുടുംബത്തിലും ചില നിർണ്ണായക സംഭവങ്ങൾ നടക്കുകയായിരുന്നു.

എൻടിആറിനെ അട്ടിമറിക്കുന്നു

ആന്ധ്രയിൽ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ ഉണ്ടാക്കിയ എൻടിആറിന് പക്ഷേ പിഴച്ചുപോയത് വ്യക്തി ജീവിതത്തിലാണ്. നന്ദമൂരി ബസവതാരകത്തെ അദ്ദേഹം ജീവിത സഖിയാക്കുന്നത് 1942ലാണ്. 85ൽ അവർ മരിച്ചു. ആ ദാമ്പത്ത്യത്തിൽ 12 മക്കൾ ഉണ്ടായിരുന്നു. പിന്നെ 1993ലാണ് എൻടിആർ ലക്ഷ്മി ശിവപാർവതിയെ വിവാഹം കഴിക്കുന്നത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഒരു കോളജ് അദ്ധ്യാപിയായ ലക്ഷ്മി പാർവതി എൻടിആറിന്റെ അത്മകഥ എഴുതാൻ വന്നയാളാണ്. ക്രമേണേ അവർ രഹസ്യ ജീവിതം തുടങ്ങി. ഇത് വിവാദമായപ്പോഴാണ് വിവാഹം കഴിച്ചത്. ഇത് കുടുബത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായി. രോഗിയായ എൻടിആറിനെ മൂൻ നിർത്തി ഭാര്യയാണ് ഭരണം നടത്തുന്നത് എന്ന് പരാതി വന്നു. അങ്ങനെയാണ് എൻടിആറിന്റെ 12 മക്കളുടെയും പിന്തുണതോടെ നായിഡു അട്ടിമറി നടത്തുന്നത്.

1995 സെപ്റ്റംബർ 1 ന്, നായിഡു, 45-ാംവയസ്സിൽ, എൻ.ടിആറിന്റെ നേതൃത്വത്തിനെതിരായ വിജയകരമായ അട്ടിമറിയെ തുടർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാൻ നായിഡുവിന് കഴിഞ്ഞു. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരും മക്കളേക്കാളും താൻ വിശ്വസിച്ചിരുന്ന മരുമകൻ ഇങ്ങനെ ചെയ്തത് എൻടിആറിന് സഹിച്ചില്ല. നായിഡുവിനെതിരെ പ്രതികാരം ചെയ്യുമെന്ന് എൻടിആർ പ്രതിജ്ഞയെടുത്തു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ, രാമറാവു തന്നെ, മകനാൽ തടവിലാക്കപ്പെട്ട, പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഷാജഹാനുമായി താരതമ്യപ്പെടുത്തി. തിരിച്ചുവരവിന് അദ്ദേഹം പ്രതിജ്ഞയെടുത്തു. പക്ഷേ 1996-ൽ എൻടിആർ ഹൃദായാഘാതം വന്ന് മരിച്ചു. ഈ മരണവും വിവാദമായി. അമിതമായ ലൈംഗിക ഉത്തേജകമരുന്നകൾ കൊടുത്ത ലക്ഷ്മി പാർവതിയാണ് മരത്തിന് ഉത്തരവാദിയെന്നുവരെ നായിഡുപക്ഷക്കാർ ആരോപിച്ചിരുന്നു.

ലക്ഷ്മി പാർവതിയ എൻടിആറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനായുള്ള നായിഡുവിന്റെ അവകാശവാദത്തെ എതിർത്തു. ടിഡിപിയുടെ നേതാവെന്ന നിലയിൽ നായിഡു ഇതിനകം തന്നെ പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും സ്വീകരാര്യത നേടിക്കഴിഞ്ഞിരുന്നു. പക്ഷേ ലക്ഷ്മി പാർവതി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് നായിഡു അദ്ദേഹത്തെ പിന്നിൽനിന്നു കുത്തിയ വഞ്ചകനാണെന്നാണ്.

ആധുനിക ഹൈദരബാദിന്റെ ശിൽപ്പി

പക്ഷേ അപ്പോഴേക്കും എൻടിആർ കുടുംബത്തിലും തെലുങ്കുദേശം പാർട്ടിയിലും എല്ലാം ചന്ദ്രബാബു നായിഡു ആയിക്കഴിഞ്ഞിരുന്നു. അഞ്ച് വർഷം തന്റെ കാലാവധി പൂർത്തിയാക്കിയശേഷം നടന്ന തിരഞ്ഞെടുപ്പിലും തെലുഗുദേശം പാർട്ടി വിജയിക്കുകയും, 1999 ഒക്ടോബർ 11-ന് രണ്ടാമതും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. ഈ കാലയളവിൽ വലിയ വികസനമാണ് ആന്ധ്രയിൽ ഉണ്ടായത്.

രാഷ്ട്രീയമായ ചന്ദ്രബാബുനായിഡുവിനെ എതിർക്കുന്നവർപോലും അദ്ദേഹത്തിന്റെ വികസനത്തെ അംഗീകരിക്കാതിരിക്കാൻ ആവില്ല. നിരവധി ആഗോള ഐടി കമ്പനികളെവരെ കൊണ്ടുവന്ന് ഇന്ന് കാണുന്ന ആധുനിക ഹൈദരബാദ് സൃഷ്ടിച്ചത്തിൽ നായിഡുവിന്റെ പങ്ക് ചെറുതായി കാണാൻ കഴിയില്ല. സംസ്ഥാനത്ത് മൊത്തത്തിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇക്കാലത്ത് ഉണ്ടായത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും, ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും സംസ്ഥാന സർക്കാറിന്റെ അതിഥിയായി ഹൈദരബാദിൽ എത്തിയിരുന്നു. വിദേശ സ്വദേശ മൂലനധം ആന്ധ്രയിലേക്ക് കുത്തിയൊഴുകി. ചന്ദ്രബാബു നായിഡു മോഡൽ എന്ന പദപ്രയോഗം പോലും അക്കാലത്ത് ഉണ്ടായി. 2000ത്തിന്റെ തുടക്കസമയത്ത്, മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിപ്പോലും അദ്ദേഹം പരിഗണിക്കപ്പെട്ടു.

പക്ഷേ അപ്പോഴും എൻടിആർ കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മകൻ നാരാ ലോകേഷിനെ പിൻഗാമിയായി വാഴിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഇതിന് കാരണം. നായിഡു സർക്കാറിൽ മന്ത്രി പദവിവഹിച്ച നാരാ ലോകേഷ്, എൻ ടി രാമറാവുവിന്റെ മകൻ നന്ദമുരി ബാലകൃഷ്ണയുടെ മൂത്ത മകൾ ബ്രാഹ്‌മണിയെയാണ് വിവാഹം കഴിച്ചത്. പക്ഷേ, ഇദ്ദേഹവും, നടനും എൻടിആർ കുടുംബത്തിലെ ഏറ്റവും ശക്തനുമായ നടൻ ജൂനിയർ എൻടിആറുമായുള്ള ഭിന്നതകൾ വാർത്തയായിട്ടുണ്ട്. പക്ഷേ നായിഡു വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. ആന്ധ്ര പിളർന്ന് തെലുങ്കാനയായവും, വൈഎസ്ആർ കോണഗ്രസിന്റെ ഉദയുമൊക്കെ അദ്ദേഹത്തെ പ്രതിപക്ഷത്ത് ഇരുത്തിച്ചു. ഇപ്പോഴിതാ അവിടെ നിന്ന് ജയിലിലും.

എല്ലാം ജഗന്റെ പ്രതികാരം?

2023 സെപ്റ്റംബർ 10 ന് നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു.

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ, 2016ൽ ആരംഭിച്ച 'ആന്ധ്ര പ്രദേശ് സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷനാണ് (എപി സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷൻ) വിവാദത്തിന്റെ കേന്ദ്രസ്ഥാനത്ത്. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ ശേഷി ഉയർത്തുന്ന വിധത്തിൽ അവരുടെ നൈപുണ്യശേഷി വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. 3300 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയത്. എന്നാൽ ടെൻഡർ നടപടികൾ ഒന്നും കൂടാതെയാണ് സ്വകാര്യ കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട കരാറുകൾ നൽകിയത് എന്ന് സിഐഡി പറയുന്നു. മാത്രമല്ല, പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും സിഐഡി വ്യക്തമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി 6 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയർ ഇന്ത്യ എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. പദ്ധതിച്ചെലവിന്റെ 90% സ്വകാര്യ കമ്പനിയും 10% സർക്കാരും എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ സ്വകാര്യ കമ്പനി ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപം നടത്തുന്നതിനു മുന്നേ സർക്കാർ തങ്ങളുടെ വിഹിതമായ 371 കോടി രൂപ അനുവദിച്ചു. ഇല്ലാത്ത സേവനങ്ങൾ നൽകി എന്ന പേരിൽ വ്യാജ രസീതുകളുണ്ടാക്കി വിവിധ 'ഷെൽ' കമ്പനികൾ വഴി ഈ പണം സ്വകാര്യ അക്കൗണ്ടുകളിലെത്തിച്ചു. ഇതിന്റെ സൂത്രധാരൻ നായിഡു ആണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നും സിഐഡി പറയുന്നു.

സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് സിഐഡി വാദിച്ചപ്പോൾ, താനല്ല, സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനപ്രകാരമാണ് കോർപറേഷൻ രൂപീകരിച്ചത് എന്നായിരുന്നു നായിഡുവിന്റെ മറുപടി. സംസ്ഥാന മന്ത്രിസഭ എടുക്കുന്ന തീരുമാനത്തിന്റെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പാടില്ല. 2021 ഡിസംബറിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും നായിഡു കോടതിയിൽ പറഞ്ഞു. അന്നില്ലാത്ത കേസ് ഇപ്പോൾ ഉണ്ടാകുന്നത് രാഷ്ട്രീയപ്രേരിതമാണ്. നാലു ദശകത്തിലധികമായി താൻ ആന്ധ്ര പ്രദേശിനും ഇവിടുത്തെ ജനങ്ങൾക്കുമായി പ്രവർത്തിക്കുന്നു. ഇനി അതിനു വേണ്ടി മരിക്കേണ്ടി വന്നാലും തനിക്കു പ്രശ്‌നമില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടി.

അഴിമതി ആരോപണങ്ങൾ നായിഡുവിന് പുത്തരിയല്ല. നിലവിലെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴും നായിഡുവുമായി ബദ്ധശത്രുതയിലായിരുന്നു. മുപ്പതിലേറെ കേസുകൾ അന്നും രജിസ്റ്റർ ചെയ്തിരുന്നു കാര്യമായ തെളിവുകളൊന്നും ലഭിച്ചതുമില്ല. ജഗൻ മുഖ്യമന്ത്രിയായതിനു ശേഷവും നിരവധി അഴിമതിക്കേസുകളിൽ നായിഡുവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ ജഗനെ പതിനെട്ടുമാസം അകത്തിട്ടത് നായിഡുവാണ്. ഇപ്പോൾ ജഗന്റെ പ്രതികരമാണ് നടന്നത് എന്നാണ് പറയുന്നത്.

ആഘോഷിച്ച് ലക്ഷ്മി പാർവതി

ചന്ദ്രബാബു നായിഡു ജയിലിലായത് ശരിക്കും ആഘോഷിക്കയാണ് എൻ.ടി.ആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി. എൻ.ടി.ആറിന്റെ മരണത്തിന് കാരണക്കാരനെന്ന് കരുതുന്ന നായിഡുവിന്റെ പതനമാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും പാർവതി പലപ്പോഴും പറഞ്ഞിരുന്നു. കോടതിയുത്തരവ് എന്തായിരിക്കുമെന്ന ആശങ്ക മൂലം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്ന് ലക്ഷ്മി പാർവതി തെലുങ്ക് മാധ്യമങ്ങളോട് പറഞ്ഞു. 'ഒരുപാട് കാലമായി കാത്തിരുന്ന നിമിഷമാണിത്. അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നു. ഈ വഞ്ചകർ നീതിയുടെ ദൈവത്തെ പൂട്ടിയിട്ടിരിക്കുന്നു എന്ന തോന്നൽ ഏറെ കാലമായി ഉള്ളിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ സന്തോഷവതിയാണ്."- ലക്ഷ്മി പാർവതി പറഞ്ഞു. തുടർന്ന് ഹുസൈൻ സാഗർ തടാകത്തിലെ എൻ.ടി.ആർ സ്മാരകത്തിൽ ലക്ഷ്മി പാർവതി പുഷ്പാർച്ചന നടത്തി.

2004ൽ നായിഡുവിന്റെ തെരഞ്ഞെടുപ്പ് പരാജയവും പാർവതി ആഘോഷിച്ചിരുന്നു. അന്ന് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസാണ് നായിഡുവിനെ പരാജയപ്പെടുത്തിയത്. 2012ൽ പാർവതി വൈ.എസ്.ആർ.സി.പിയിൽ ചേർന്നിരുന്നു.

വീണ്ടും നായിഡുവിന്റെ ഭരണം

കാലക്കേടെല്ലാം മാറി വീണ്ടും ചന്ദ്രബാബു നായിഡുവിന്റെ ഭരണം വന്നിരിരിക്കുകയാണ്. ആകെയുള്ള 175 സീറ്റിൽ 125 ചന്ദ്രബാബു നായിഡുവിനൊപ്പമാണ്. ആകെ 20 സീറ്റിലാണ് ജഗ്മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസിന് നേടാനായത്. പവൻകല്യാണിന്റെ ജനസേനാ പാർട്ടി 17 സീറ്റും നേടി. ബിജെപിക്ക് ഏഴു സീറ്റുണ്ട്. ഇതിൽ നായുഡുവും പവൻ കല്യാണും ബിജെപിയും സഖ്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആന്ധ്രയിൽ വമ്പൻ ഭൂരിപക്ഷമാണ് ബിജെപി മുന്നണി നേടുന്നത്.

ആന്ധ്രയിൽ ഇക്കുറി ത്രികോണപ്പോരാട്ടമായിരുന്നു. ചന്ദ്രബാബു നാഡിയുവിന്റെ തെലുഗുദേശം പാർട്ടി, പവൻ കല്യാണിന്റെ ജനസേന, ബിജെപി എന്നിവർ കൈകോര്ത്ത എൻഡിഎ, മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി, വൈ.എസ്. ശർമ്മിളയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യം എന്നിവർ തമ്മിലായിരുന്നു പോരാട്ടം. ഈ ത്രികോണ മത്സരത്തിന്റെ ഗുണം എൻഡിഎയ്ക്ക് കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ ആന്ധ്രയിൽ നട്ടമുണ്ടാക്കി. 16 സീറ്റിൽ ടിഡിപി ജയിച്ചു. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് ജെ എൻ പിയും വിജയിച്ചു. കോൺഗ്രസിന് ലോക്സഭയിലും സീറ്റൊന്നും കിട്ടിയില്ല. അഴിമതി കേസിൽ ജയിലിലായ ചന്ദ്രബാബു നായിഡുവിന്റേത് സമാനതകളില്ലാത്ത ജയമാണ്.

ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്്. കൂടെ നിർത്തുന്നതിനായി എൻഡിഎയുടെ കൺവീനർ സ്ഥാനം ഉൾപ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. ടിഡിപിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം സജീവമായതോടെയാണ് ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാൻ എൻഡിഎ കൺവീനർ സ്ഥാനം അടക്കമുള്ള വലിയ വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.