കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ആകെയുള്ളത് 15,98,600 രൂപയുടെ സ്വത്ത്. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേർത്താണിത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും നാമനിർദേശ പത്രികയ്‌ക്കൊപ്പം ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25,000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ കൈയിലുള്ളത് 15, 000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ സ്വത്ത് വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2.06 കോടി രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.

കോട്ടയം വേളൂർ വില്ലേജിൽ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും മണർകാട് വില്ലേജിൽ 77.46 ലക്ഷം രൂപ വിലയുള്ള കാർഷികേതര ഭൂമിയും മണർകാട് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലും കോട്ടയം നഗരസഭയിൽ പന്ത്രണ്ടാം വാർഡിലുമായി കൊമേർഷ്യൽ ബിൽഡിങ്ങുകളും ജെയ്ക്കിന്റെ പേരിലുണ്ട്.

കൂടാതെ, മണർകാട് പഞ്ചായത്തിലെ 15ാം വാർഡിൽ സ്വന്തമായി 1539 സ്‌ക്വയർ ഫീറ്റ് വീടുമുണ്ട്. ഈ വീടിന് നിലവിലെ വിപണി വില അനുസരിച്ച് 11 ലക്ഷത്തോളം രൂപ വില വരും. വേളൂർ വില്ലേജിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ജെയ്ക്കിന്റെ ഉടമസ്ഥാവകാശത്തിൽ ഉള്ളത്. മറ്റു രണ്ടുപേർക്കുകൂടി ഈ ഭൂമിയിൽ അവകാശമുണ്ട്.

കോട്ടയം നഗരത്തിലെയും മണർകാട് പഞ്ചായത്തിലെയും കൊമേർഷ്യൽ ബിൽഡിങ്ങുകളിൽ ജെയ്ക്കിന്റെ സഹോദരൻ സി ടി തോമസിനുകൂടി അവകാശമുണ്ട്. പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന ജെയ്ക്കിന് വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് വരുമാന മാർഗം. ജെയ്ക്കിന്റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല.