- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പയുടെ കല്ലറയിൽ പ്രാർത്ഥിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി വരവ്; ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കെട്ടി വയ്ക്കാനുള്ള പണം നൽകിയത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ അമ്മ; അപ്പയെ പോലെ ആരും വേട്ടയാടപ്പെടരുത്, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പള്ളിക്കത്തോട് ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസിലെത്തിയാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. മുതിർന്ന യുഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെ. സി ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പം എത്തിയാണ് നാമനിർദ്ദേശപത്രിക നൽകിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും പള്ളിക്കത്തോട് എത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.
ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻ ചാണ്ടി എടുത്തിരുന്നു. പിന്നീട് സിഒടി നസീർ ഉമ്മൻ ചാണ്ടിയെ സന്ദർശിക്കുകയും ചെയ്തിരുന്നു.
വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുൽഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന് ചാണ്ടി പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മൻ ചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനെയും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങി മുൻനിര നേതാക്കൾക്കൊപ്പം എത്തിയാണ് ലിജിൻ നാമനിർദ്ദേശ പത്രിക നൽകുക. സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
തൃക്കാക്കര മോഡൽ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഉയർന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാർ മുതൽ മുതിർന്ന നേതാക്കൾ വരെ പ്രചാരണത്തിന്റെ മുൻപന്തിയിലുണ്ടാകും. പുതുപ്പള്ളി പ്രചാരണത്തിന്റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണുള്ളത്. ഒപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും.
തൊട്ടുതാഴെയാണ് കെപിസിസിയുടെ ഭാരവാഹികൾക്ക് ചുമതല. എട്ട് പഞ്ചായത്തുകളുടെ ചുമതല എട്ട് ജനറൽ സെക്രട്ടറിമാർക്കാണ്. എട്ട് എംഎൽഎമാരും എംപിമാരും അധിക ചുമതലക്കാരായും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ