കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വീൽനട്ട് ഇളകിയതിന് പിന്നിൽ അട്ടിമറിയോ? കോൺഗ്രസ് ആരോപണവുമായി എത്തുകയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുമ്പോഴാണ് പുതിയ സംഭവം. ആരോ മനപ്പൂർവ്വം വീൽനട്ട് ഊരിയെന്നാണ് കോൺഗ്രസ് സംശയം.

ഞായറാഴ്ച വൈകിട്ട് സി.എം.എസ് കോളേജിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങാൻ തുടങ്ങുമ്പോഴാണ് കാറിന്റെ വീൽനട്ട് ഇളകിയതായി കണ്ടെത്തിയത്. ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന സ്ഥിരം കാറിലായിരുന്നില്ല സി.എം.എസ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയാണ് യാത്ര തുടർന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ ആവശ്യപ്പെട്ടു. വലിയൊരു അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത് , സത്യം പുറത്തുവരണമെന്ന് തിരുവഞ്ചൂർ പറഞ്ഞു.

വാഹനത്തിന്റെ ഒരു വശത്തെ നാല് വീൽനട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നിൽ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

കോട്ടയം സി.എം.എസ്. കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ കാറിന്റെ വീൽനട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്. ഇവിടെയുള്ള ആരോ ആകാം വീൽ നട്ട് ഊരിയതെന്നാണ് കോൺഗ്രസ് സംശയം. പുതുപ്പള്ളിയിൽ പ്രചരണം പൊടിപൊടിക്കുകയാണ്. ഒന്നാം ഘട്ട പ്രചരണം അവസാന തലത്തിലേക്ക് എത്തി. അതിനിടെയാണ് വീൽ നട്ട് വിവാദം. മുദായിക നേതാക്കളെയും സാംസ്‌കാരിക പ്രവർത്തകരെയും നേരിൽക്കണ്ട് ജെയ്ക്ക് സി.തോമസ് വോട്ട് ചോദിക്കുന്നു അപ്പായുടെ അടുപ്പക്കാരെ വീട്ടിലെത്തി സന്ദർശിച്ചും വിവാഹച്ചടങ്ങുകളിൽ സാന്നിദ്ധ്യമായും ചാണ്ടി ഉമ്മനും നിറയുന്നു. ഞായറാഴ്ചത്തെ അവധി ദിനവും പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു പുതുപ്പള്ളിയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ.

ജെയ്ക്ക് സ്വന്തം തട്ടകമായ മണർകാട് പഞ്ചായത്തിലെ കാവുംപടിയിൽ നിന്ന് രാവിലെ എട്ടോടെ പ്രചാരണം തുടങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് മിന്നും വിജയം നൽകുകയും പിന്നീട് നിയസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി ആദ്യമായി പിന്നിലാകുകയും ചെയ്ത പഞ്ചായത്ത്. ഓരോ വഴികളും വീടുകളും കൈവെള്ളപോലെ വ്യക്തമായിരുന്നു ജെയ്ക്കിന്. 9.30ഓടെ മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ ജെയ്ക്ക് കാൽ മണിക്കൂർ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അവിടെ നിന്ന് ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച.

കുർബാനയോടെപ്രചാരണത്തുടക്കംപുതുപ്പള്ളി പള്ളിയിൽ ഞായറാഴ്ച കുർബാനയോടെയായിരുന്നു ചാണ്ടിയുടെ പ്രചാരണത്തുടക്കം. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷം നേരെ പോയത് അകലക്കുന്നം പഞ്ചായത്തിലേക്ക്. വീടുകയറുന്ന പ്രവർത്തകർക്കൊപ്പം അപ്പായുടെ അടുപ്പക്കാരെ കണ്ട് അനുഗ്രഹം വാങ്ങി. 5.30ഓടെ സി.എം.എസ് കോളേജിലെ സ്വകാര്യ ചടങ്ങിൽ എത്തി. തുടർന്ന് വീണ്ടും പുതുപ്പള്ളിക്ക്. ഇതിനിടെയാണ് വീൽ നട്ടിൽ ദുരൂഹത തിരിച്ചറിയുന്നത്.