- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് അപ്പയുടെ പതിമൂന്നാമത്തെ വിജയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചയ്ക്കായി; അപ്പയെ പോലെ കൈ എത്തും ദൂരത്ത് ഞാനുണ്ട്; ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം; പുതുപ്പള്ളി വിജയത്തിൽ ചാണ്ടി ഉമ്മന്റെ പ്രതികരണം
കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രതികരിച്ചു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഈ ഉപതെരഞ്ഞെടുപ്പ് വിജയം ഉമ്മൻ ചാണ്ടി 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയെ സ്‌നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്. വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം. പുതുപ്പള്ളിയിൽ എനിക്ക് കിട്ടിയത് കുടുംബ അംഗത്തിന് ലഭിക്കുന്ന സ്‌നേഹമാണ്. അപ്പയെ പോലെ ജനങ്ങൾക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വേട്ടയാടൽ എല്ലാം പുതുപ്പള്ളി തള്ളിയെന്നും ചാണ്ടി കൂട്ടിച്ചേർത്തു. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഗർഗേയ്ക്കും പുറമേ ഓരോ നേതാക്കളെയും ചാണ്ടി പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചു. കെ സി വേണുഗോപാൽ പൂർണ പിന്തുണ നൽകി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്യാമ്പ് ചെയ്ത് ചിട്ടയോടെ പ്രവർത്തനം നടത്തി. കെപിസിസി അധ്യക്ഷൻ പാർട്ടിയെ സജ്ജമാക്കി ഏകേപനം നടത്തി. ചെന്നിത്തല പങ്കെടുത്ത യോഗങ്ങൾക്ക് വൻ പിന്തുണ കിട്ടി. വി എം സുധീരൻ അവസാന നിമിഷം വരെ പരിപാടിയിൽ പങ്കെടുത്ത് പൂർണ പിന്തുണ നൽകിയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വോട്ടു ചോർച്ചയാണ് ഉണ്ടായത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് 54,328 വോട്ടാണ് പിടിച്ചത്. പുതിയ വോട്ടർമാർ 9000 കൂടിയിട്ടും എൽഡിഎഫ് വോട്ടിൽ പതിമൂവായിരത്തോളം എണ്ണത്തിന്റെ കുറവ് ഉണ്ടായി.
ഇത്തവണ ജെയ്ക് സി തോമസിനെ തന്നെ കളത്തിലിറക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന് 41,644 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 12,684 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഇത് എവിടെ പോയി എന്ന് സിപിഎം പരിശോധന നടത്തേണ്ടി വരും.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജയിച്ചത്. 36,454 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഒരു ഘട്ടത്തിൽ 40000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന റൗണ്ടുകളിൽ ജെയ്ക് കൂടുതൽ വോട്ടുകൾ പിടിച്ചതോടെ ചാണ്ടി ഉമ്മന്റെ ലീഡ് നില കുറയുകയായിരുന്നു. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി 63,372 വോട്ടുകൾ പിടിച്ച സ്ഥാനത്ത് ഇത്തവണ മകൻ ചാണ്ടി ഉമ്മൻ 78098 വോട്ടുകളാണ് പിടിച്ചത്.
തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പോലെ ബിജെപിക്കും തിരിച്ചടി നേരിട്ടു. ലിജിൻ ലാലിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകൾ മാത്രമാണ് പിടിക്കാൻ സാധിച്ചത്. കഴിഞ്ഞ തവണ 11000 വോട്ടുകൾ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോർച്ച. ഏകദേശം 5000 വോട്ടുകളുടെ ചോർച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.
മറുനാടന് മലയാളി ബ്യൂറോ