പുതുപ്പള്ളി: വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പുതുപ്പള്ളിയിൽ റെക്കോർഡ് കുതിപ്പുമായി ചാണ്ടി ഉമ്മൻ. ലീഡ് നില ഇപ്പോഴത്തെ നിലയിൽ നാൽപ്പതിനായിരം കടുക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഉമ്മൻ ചാണ്ടി വികാരത്തിനൊപ്പം പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്ക് എതിരായ വികാരവും കൂടിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വൻ തോൽപി ഏറ്റുവാങ്ങി. ഇടതു കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ടർമാരും ജെയ്ക്കിനെ കൈവിട്ടു എന്നതും വ്യക്തമാണ്.

പടുകൂറ്റൻ വിജയം ഉറപ്പിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം അണപൊട്ടുകയാണ്. നേതാക്കളും അണികളും ചേർന്ന് ആഹ്ലാദപ്രകടനം തുടങ്ങിയിരിക്കയാണ്. പുതുപ്പള്ളിയിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. കോട്ടയം ജില്ലയിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി കടക്കുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ചാണ്ടി ഉമ്മൻ ലീഡ് ചെയ്തിരുന്നു. ഇത് പിന്നീട് പടിപടിയായി ഉയർത്തുന്ന കാഴ്‌ച്ചയും മണ്ഡലത്തിൽ കണ്ടു. ഏറ്റവും ഒടുവിൽ ഉമ്മൻ ചാണ്ടിയെക്കാൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രവചനം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.

1970 ലാണ് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കന്നിയങ്കം. കരുത്തനായ ഇഎം ജോർജിനെ മലർത്തിയടിച്ചാണ് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീട് പുതുപ്പള്ളിക്കാർ കണ്ടത് ഉമ്മൻ ചാണ്ടിയെ മാത്രമായിരുന്നു. 1977ൽ മുൻ എം.എൽ .എ പിസി ചെറിയാനെയായിരുന്നു ഇടതുപക്ഷം ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്ത് ഇറക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 15910 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി ജയിച്ചത്. 1980ൽ 15983 വോട്ടിന്റെ ലീഡിൽ മൂന്നാം വിജയം. 87ൽ വി.എൻ വാസവനായിരുന്നു ഉമ്മന്റെ എതിരാളി. അന്നത്തെ ഭൂരിപക്ഷം 13811. 96ൽ സിപിഎമ്മിന്റെ റജി സക്കറിയയെ തോൽപ്പിച്ചത് 10155 വോട്ടിന്. 2001ലെ ഭൂരിപക്ഷം 12575.

2006 ൽ 19863 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഒമ്പതാമത് വിജയം. എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയി ആയിരുന്നു എതിരാളി. പുതുപ്പള്ളിയിൽ നിന്നും ഉമ്മൻ ചാണ്ടിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. പത്താമങ്കത്തിൽ സി പി എം സ്ഥാനാർത്ഥി സുജ സൂസൻ ജോർജിനെതിരെ 33,225 വോട്ടിന്റെ ഉമ്മൻ ചാണ്ടി അത്യുജ്ജല വിജയം നേടി. 2016ൽ ജെയ്കിനെ പരാജയപ്പെടുത്തിയത് 27092 വോട്ടിനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷമായ 33,225 ചാണ്ടി ഉമ്മൻ മറികടക്കുമെന്നാണ് സഹോദരി അച്ചു ഉമ്മൻ ഈയിടെ മാധ്യമങ്ങളോട് പറഞ്ഞത്. അതും കടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്.

ജെയ്ക്കിനെ കൈവിട്ട് സിപിഎം ശക്തികേന്ദ്രങ്ങലും

പാസ്റ്റൽ വോട്ടെണ്ണിയപ്പോൾ മുതൽ ചാണ്ടി ഉമ്മൻ അതിവേഗം ബഹുദൂരം ലീഡുയർത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയിൽ കാണാനായത്. ഒരിടത്തും ലീഡ് ഉയർത്താൻ കഴിയാതെ ജെയ്ക് സി തോമസ് വിയർക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. സിപിഎം പാർട്ടി പ്രതീക്ഷ വെച്ച കേന്ദ്രങ്ങളിലും ചാണ്ടി ഉമ്മൻ ലീഡെടുത്തു.

സിപിഎം കോട്ടകളിൽ ഉൾപ്പെടെ ചാണ്ടി ഉമ്മൻ ലീഡുയർത്തി. ജെയ്ക് പ്രതീക്ഷ വച്ച മണർകാട് പോലും എൽഡിഎഫിനെ കൈവിട്ടു. മണർകാട് മുഴുവൻ ബൂത്തുകളിലും ചാണ്ടി ഉമ്മൻ തന്നെയാണ് ലീഡ് ചെയ്തത്. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് വിജയമായതെന്നാമ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായി. ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തു. മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെയെന്നും അദ്ദേഹം പരിഹസിച്ചു. ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും വ്ക്തമാക്കിയിരുന്നു. 53 കൊല്ലക്കാലം അവരുടെ ജനപ്രതിനിധിയായി അവരുടെ കുടുംബത്തിലെ അംഗമായി നിന്ന ഉമ്മൻ ചാണ്ടിയെ ഒരിക്കലും അവർക്ക് മറക്കാൻ കഴിയില്ല. ഈ സർക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജനങ്ങളെല്ലാം ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്നും തിരുവഞ്ചൂർ പറയുകയുണ്ടായി.

ഇത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള പ്രഹരം: അച്ചു ഉമ്മൻ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷ മുന്നേറ്റത്തിൽ വികാരഭരിതയായി സഹോദരി അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവർക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു. 53 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമാണെന്നും ഇത്രയും കാലം ഉമ്മൻ ചാണ്ടി എന്തുചെയ്തെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി പിന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നൽകിയ ബഹുമതിയെക്കാൾ വലുതാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻ ചാണ്ടിക്ക് നൽകിത്. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ഉമ്മൻ ചാണ്ടിയെ അതിക്രൂരമായി വേട്ടയാടി. അങ്ങനെ വേട്ടയാടിവർക്ക് മുഖത്തേറ്റ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

53 കൊല്ലം ഇവിടെ ഉമ്മൻ ചാണ്ടി എന്തുചെയ്തെന്ന് തെളിയിക്കുന്നതാണ് ഈ ഫലം. ഉമ്മൻ ചാണ്ടി ഇവിടെ ചെയ്തതൊക്കെ ഇനിയും മതിയെന്ന് ജനം തിരിച്ചറിഞ്ഞു. ജനങ്ങളാണ് ഇതിന് മറുപടി നൽകിയത്. ഉമ്മൻ ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമാണ്. അച്ചു കൂട്ടിച്ചേർത്തു.