കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ കുറച്ചുകാലമായി തന്നെ സിപിഎം-ബിജെപി കൂട്ടുകെട്ട് നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. തദ്ദേശ തലത്തിൽ തൃണമൂലിനെ നേരിടാൻ വേണ്ടിയാണ് ഇത്തരം കൂട്ടുകെട്ട് രൂപം കൊണ്ടത്. ബംഗാളിലെ പൂർബ മേദിനിപുർ ജില്ലയിലെ നന്ദകുമാറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം സഖ്യത്തിന് വൻവിജയവും നേടി. 'പശ്ചിമ ബംഗാൾ സമവായ് ബച്ചാവോ സമിതി' എന്ന പേരിൽ മത്സരിച്ച സഖ്യം ആകെയുള്ള 63 സീറ്റും സ്വന്തമാക്കി. ഭരണകക്ഷിയായ തൃണമൂലിന് ഒറ്റ സീറ്റു പോലും നേടാനായില്ലെന്നതും വസ്തുത. ഇതോടെ ഈ കൂട്ടുകെട്ട് മറ്റ് തെരഞ്ഞെടുപ്പുകളിലും വ്യാപിക്കുമെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

നന്ദകുമാർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബഹറാംപുർ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂൽ ആദ്യം എല്ലാ സീറ്റുകളിലേക്കും നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും 52 സീറ്റിൽ പിന്നീട് പത്രിക പിൻവലിച്ചു. 11 സീറ്റിലേക്ക് മാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റിൽ 40 എണ്ണം ബിജെ.പിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു. നേരത്തെ കൊലാഘട്ടിൽ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഎം- കോൺഗ്രസ് സഖ്യത്തോട് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.

എതിരില്ലാതെ 52 സീറ്റുകളിൽ ഞങ്ങൾ നേരത്തെ തന്നെ വിജയിച്ചിരുന്നു. 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാൾ സമവായ് ബച്ചാവോ സമിതി തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാനായി രൂപീകരിച്ച സഖ്യമാണ്- നന്ദകുമാർ ബഹറാംപൂർ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് ഷേഖ് ഹുഷിയാർ റഹ്മാൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകണം. അങ്ങനെയെങ്കിൽ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നുവെന്ന് ഞങ്ങൾക്ക് (ടിഎംസി) തെളിയിക്കാനാകും''- തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഘോഷ് പറഞ്ഞു.

അതേസമയം താഴെത്തട്ടിൽ പലതും സംഭവിക്കാം. എന്നാൽ സിപിഎം നേതൃത്വം ഇക്കാര്യം ശ്രദ്ധിക്കണമെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. എന്നാൽ, സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ അഭിനന്ദിച്ചു. എന്നാൽ സിപിഎം നേതൃത്വം സഖ്യത്തോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. ''സഹകരണ സംഘം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളല്ല ഏറ്റുമുട്ടുന്നത്. വ്യക്തികളാണ് മത്സരിക്കുന്നത്. ഇവിടെ സഹകരണ സംഘം ഭരിക്കുന്ന, തൃണമൂലുമായി ബന്ധമുള്ള ചില അഴിമതിക്കാർക്കെതിരെ സ്ഥാനാർത്ഥികൾ മത്സരിക്കുകയായിരുന്നു''- പൂർബ മേദിനിപൂർ ജില്ലയിൽ നിന്നുള്ള ഒരു മുതിർന്ന സിപിഎം നേതാവ് പ്രതികരിച്ചു.

അതേസമയം, 'പശ്ചിമബംഗാൾ സമവായ് ബച്ചാവോ സമിതി' വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് ഈ സഖ്യത്തോട് താൽപര്യമില്ല. നന്ദിഗ്രാം എംഎൽഎയും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ പൂർബമേദിനിപൂരിലെ പുതിയ രാഷ്ട്രീയ സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിലും തുടരുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെ നോക്കുന്നത്.