ചെങ്ങന്നൂർ: വർത്തമാന കേരളത്തിന്റെ വർത്തമാന വിഷയമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒരു പടി മുന്നിലെത്തിയിരുന്നു. ദേശീയ വിഷയങ്ങൾ മുതൽ പഞ്ചായത്ത് വാർഡിലെ വികസന പ്രവർത്തനങ്ങൾ വരെ ചർച്ചയും പ്രചാരണ വിഷയങ്ങളുമായ തെരഞ്ഞെടുപ്പിൽ മറുനാടൻ മലയാളി മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ നേരിട്ട് നടത്തിയ അഭിപ്രായ സർവ്വേയിൽ ആവേശകരമായിട്ടാണ് ജനങ്ങൾ പ്രതികരിച്ചത്. കശ്മീരിലെ കത്വ വിഷയം മുതൽ എൽഡിഎഫിന്റെ മദ്യനയത്തിലും, വികസന കാഴ്ചപ്പാടുകളിലും കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നിലപാട് വരെയുള്ള കാര്യങ്ങൾ വരെ മണ്ഡലത്തിൽ നടത്തിയ സർവ്വേയിൽ പ്രതിപാദിച്ചു. പിണറായി പൊലീസിന്റെ ചെയ്തികളോട് വളരെ രൂക്ഷമായിട്ടാണ് ജനവികാരം സർവ്വേയിൽ തെളിഞ്ഞ് വന്നത്.

പത്ത് ചോദ്യങ്ങൾ തയ്യാറാക്കിയാണ് മറുനാടൻ മലയാളി ചെങ്ങന്നൂരിന്റെ ജനഹിതമറിയാൻ ശ്രമിച്ചത്. എല്ലാ ചോദ്യങ്ങളോടും വലിയ ആവേശത്തിൽ മണ്ഡലത്തിലെ വോട്ടർമാർ പങ്കെടുത്തു. രാജ്യത്തെ ഞെട്ടിച്ച കത്വ പീഡനം, എൽഡിഎഫ് സർക്കാരിന്റെ മദ്യനയം, സമഗ്ര വികസനം, കെഎം മാണിയുടെ നിലപാട്, പൊലീസിന്റെ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തിയുള്ള ആറ് ചോദ്യങ്ങളോട് ജനങ്ങൾ പ്രതികരിച്ചത് ഇപ്രകാരമാണ്.മണ്ഡലത്തിൽ പരസ്യ പ്രചരണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാന ദേശീയ നേതാക്കളും കേന്ദ്ര സംസ്ഥാന മന്ത്രിമാരും മുന്നണി നേതാക്കളും വരെ മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.

കത്വയിലെ പീഡനം ബിജെപിക്ക് തിരച്ചിടിയാകില്ല

 

2016ൽ ചെങ്ങന്നൂരിൽ 42,000ൽ പരം വോട്ടുകൾ നേടി ശക്തമായ പ്രകടനമാണ് എൻഡിഎ സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ള കാഴ്ചവെച്ചത്. ഇത്തവണ അത് വിജയത്തിലേക്കെത്തിക്കാമെന്നും സംസ്ഥാനത്ത് രണ്ടാമത്തെ താമര വിരിയിക്കാമെന്നുമുള്ള ബിജെപി സ്വപ്‌നത്തിന് കത്വ പീഡനം വൻ തിരിച്ചടിയാകുമെന്നാണ് മറ്റ് മുന്നണികൾ നടത്തിയ അഭിപ്രായം. പ്രചാരണത്തിൽ ഈ വിഷയം മുന്നണികൾ ഉയർത്തികൊണ്ട് വന്നെങ്കിലും അത് മണ്ഡലത്തിൽ ബിജെപിയുടെ സാധ്യതകളെ ബാധിക്കില്ലെന്നാണ് മറുനാടൻ മലയാളി നടത്തിയ അഭിപ്രായ സർവ്വേയിൽ വ്യക്തമാകുന്നത്. രാജ്യത്താകമാനവും ലോകത്തിന് മുന്നിലും ഒരു പിഞ്ച് ബാലികയെ അമ്പലത്തിനുള്ളിൽ എട്ട് ദിവസത്തോളം കൂട്ട ബലാൽസംഗം ചെയ്തത് ചെങന്നൂരിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകില്ലെന്നാണ് അഭിപ്രായ സർവ്വേയിൽ പങ്കെടുത്ത 42 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടത്. ബിജെപിയെ ബാധിക്കുമെന്ന് 32% വോട്ടർമാരും അഭിപ്രായമില്ലെന്ന് 26% വോട്ടർമാരും അഭിപ്രായപ്പെട്ടു

കേരള സർക്കാരിന്റെ മദ്യ നയം മോശമെന്ന് 40%

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 2016ൽ എൽഡിഎഫ് പറഞ്ഞിരുന്നത് മദ്യ നിരോധനമല്ല മറിച്ച് മദ്യ വർജ്‌നമാണ് എൽഡിഎഫ് നയം എന്നാണ്. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നും മദ്യത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങൾക്കിടിൽ ശക്തമായ പ്രചരണം കൊണ്ട് വരുമെന്നും വാഗ്ദാനം നൽകി അധികാരത്തിലെത്തി എൽഡിഎഫ് സർക്കാർ ബാറുകൾ തുറന്ന പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതിലൂടെ ജനഹിതത്തിനെതിരായി പ്രവർത്തിച്ചു എന്ന അഭിപ്രായമാണ് സർവ്വയേിൽ പങ്കെടുത്ത വോട്ടർമാർ രേഖപ്പെടുത്തുന്നത്. മദ്യ നയം മികച്ചതെന്ന് 31% അഭിപ്രായപ്പെടുമ്പോൾ മോശമാണ് മദ്യനയമെന്നണ് 40% അഭിപ്രായപ്പെടുന്നത്. വിഷയത്തിൽ അഭിപ്രായമില്ലെന്ന് പറയുന്നത് 29% വോട്ടർമാരാണ്. മണ്ഡലത്തിൽ കൂടുതലും സ്ത്രീ വോട്ടർമാരാണെന്നിരിക്കെ മദ്യനയത്തിലെ മോശം അഭിപ്രായം എൽഡിഎഫിന് തിരിച്ചടിയാകാൻ സാധ്യത കൂടുതലാണ്.

വികസനത്തിന് നല്ലത് എൽഡിഎഫ് എന്ന് അഭിപ്രായ സർവ്വേ

രാജ്യത്തെയും സംസ്ഥാനത്തേയും നിരവധി വിഷയങ്ങൾ പ്രചാരണ വിഷയമായെങ്കിലും വികസനത്തിന് തന്നെയാണ് മണ്ഡലത്തിലെ ജനങ്ങൾ മുൻഗണന നൽകുന്നത്. ഇപ്പോൾ ഭരണപക്ഷത്തായതുകൊണ്ട് തന്നെ മണ്ഡലത്തിലെ വികസനത്തിന് എൽഡിഎഫ് ആണ് കൂടുതൽ അനുയോജ്യമെന്ന പക്ഷമാണ് ഭൂരിഭാഗം വോട്ടർമാർക്കുമുള്ളത്. പരമ്പരാഗത യുഡിഎഫ് കോട്ടയാണ് മണ്ഡലമെങ്കിലും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഇടത് പക്ഷമാണ് നല്ലതെന്നും കൂടുതൽ ഇടപെടലുകൾ നടത്തുന്നതും എൽഡിഎഫ് ആണെന്നാണ് 41% ആളുകളും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 1000 കോടിയോളം രൂപയുടെ വികസന പ്രദ്ധതികളാണ് മണ്‌ലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കാലങ്ങളായി കൈയിലിരുന്ന മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ യുഡിഎഫ് ആണ് നല്ല ഇടപെടൽ നടത്തുന്നതെന്ന് പറയുന്നത് 24% വോട്ടർമാരാണ്. ബിജെപിയെ 22% വോട്ടർമാർ പിന്തുണയ്ക്കുമ്പോൾ ഒരു മുന്നണിയും ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് 13% വോട്ടർമാർ അഭിപ്രായപ്പെടുന്നത്.

ബിഡിജെഎസ് ബിജെപിക്ക് ഗുണമാകുമെന്ന്‌

വാഗ്ദാനം ചെയ്ത ഒരു പദവിയും നൽകിയില്ലെന്ന പേരിൽ എൻഡിഎ മുന്നണിയുമായി അകന്ന് നിൽകുകയാണ് സഖ്യകക്ഷിയായ ബിഡിജെഎസ്. കേന്ദ്ര നേതൃത്വവുമായി പോലും പല തവണ ചർച്ച നടത്തിയെങ്കിലും ബിജിജെഎസ് ബിജെപി കേരള ഘടകത്തിലെ നേതൃത്വത്തിനുള്ളിലെ പടല പിണക്കം ബിഡിജെഎസിനെ പ്രചാരണ രംഗത്ത് നിന്നു പോലും അകറ്റി. എന്നാൽ ബിഡിജെഎസിന്റെ ഭീഷണി പക്ഷേ വെറുതെയാണെന്നും വോട്ടെടുപ്പിൽ ബിഡിജെഎസ് പിന്തുണയും സഹായവും പിന്തുണയും ബിജെപിക്ക് തന്നെ ലഭിക്കുമെന്ന് തന്നെയാണ് 40% വോട്ടർമാരും അഭിപ്രായപ്പെടുന്നത്.എൽഡിഎിനായിരിക്കും ബിഡിജെഎസ് സഹായം എന്ന് 25% അഭിപ്രായപ്പെടുമ്പോൾ ആർക്കും പിനതുണയില്ലെന്ന അഭിപ്രായത്തിനും പിന്നിലാണ് കോൺഗ്രസ് 15% മാത്രമാണ്.

കെഎം മാണിയുടെ നിലപാട് മണ്ഡലത്തിൽ സ്വാധീനമുണ്ടാക്കില്ല.

നേരിയ വോട്ടു വ്യത്യസങ്ങൾ പോലും അന്തിമഫലത്തെ ബാധിക്കുമെന്നതിനാൽ തന്നെ സ്വതന്ത്രമായി നിൽക്കുന്ന കെഎം മാണിയുടെ വോട്ടുകൾ ആർക്കെന്നത് വിജയ പരാജയങ്ങളിൽ നിർണ്ണായകമാകുമെന്നാിരുന്നുവിലയിരുത്തൽ. കോൺഗ്രസുമാി അകന്ന് കഴിയുന്ന മാണിയെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപിയും ഇടത് പക്ഷവും ശ്രമിച്ചിരുന്നു. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനല്ല മറിച്ച് തങ്ങളുടെ മിത്രങ്ങളായ ലീഗിനാണ് പിന്തുണയെന്ന് കെഎം മാണി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫുമായി മാണി വീണ്ടും അടുത്തതോടെ ആ വിഷയത്തിലെ പ്രശ്‌നം സമാപിക്കുകയും ചെയ്തു.എന്നാൽ മാണിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് അഭിപ്രായ സർവ്വേയിൽ പങ്കെടുത്ത 51% വോട്ടർമാരും പ്രതചികരിച്ചത്. 37% പേർ വിഷയത്തിൽ അഭിപ്രായം ഇല്ലെന്ന് പറഞ്ഞപ്പോൾ മാണി നിർണ്ണായകമാകുമെന്ന് വിശ്വസിക്കുന്നത് 12% പേർ മാത്രമാണ്.

കേരള പൊലീസിന് രൂക്ഷ വിമർശനം

അധികാരമേറ്റതിന് ശേഷം സർക്കാരിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നത് സംസ്ഥാനത്തെ പൊലീസ് സേനയെ പറ്റിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുന്ന വകുപ്പിൽ നിന്നും കൃത്വിലോപം ഉൾപ്പടെ ഉണ്ടായത്.നിരവധി തവണയാണ്. വരാപ്പുഴയിലെ കസ്റ്റഡി മരണവും, പൊലീസിനുള്ളിലെ ക്രിമിനൽ വാസനകളും പോതുപ്രവർത്തകരോട് പോലും മോശമയുള്ള പെരുമാറ്റവും പിണറായി പൊലീസിന് നാണക്കേടായി. കുറ്റകൃത്യങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും തടയുന്നതിലും പ്രതികളെ കൃത്യ സമയത്ത് കണ്ടെത്തു്‌നനതിലും പലപ്പോഴും വീഴ്ചയുണ്ടായി. വിദേശ വനിതയെ തലസ്ഥനത്ത് നിന്ന് കാണാതായപ്പോൾ പൊലീസ് ഉണർന്ന് പ്രവർത്തിച്ചില്ല. പൊലീസിന്റെ പെരുമാറ്റം നല്ലതാക്കുന്നതിന് ഡിജിപി നേരിട്ടിടപെടുന്ന സാഹചര്യവുമുണ്ടായി. പൊലീസിന് വീഴ്ച പറ്റിയെന്ന് പല തവണ മുഖ്യമന്ത്രിക്ക് തന്നെ നിയമസഭയിൽ പറയേണ്ടിവന്നു. മോശം പെരുമാറ്റം തന്നെയാണ് കേരള പൊലീസിന്റെ ഭാഗത്ത് നിന്നും എന്നാണ് 445 പേരും അഭിപ്രായപ്പെടുന്നത്. മികച്ച പ്രകടനമെന്ന് 28%പേർ അഭിപ്രായപ്പെടുമ്പോൾ 28% വോട്ടർമാർക്ക് വിഷയത്തിൽ അഭിപ്രായമില്ല.