കൊച്ചി: തനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആർക്കുമാകാമല്ലോ. കേരളത്തിൽ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല. മാരീച വേഷത്തിൽ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നു." മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. പുതിയ വീട് നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വീട്ടിൽ കേന്ദ്രസർക്കാരിന്റെ ലോഗോ പതിക്കണം എന്ന് നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് ഇത്. ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്പ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇപ്പോൾ കേന്ദ്രം പണം നൽകാൻ തയ്യാറായില്ല. വീടുകൾ പണിയാൻ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്വർണക്കടത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ സംവിധാനം ഉപയോഗിച്ചെന്നു മോദി ആരോപിച്ചിരുന്നു. "മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയിൽ ഉൾപ്പെട്ടു. അഴിമതിപ്പണം പാവങ്ങൾക്ക് തിരികെ നൽകും. കേരളത്തിൽ പോരടിക്കുന്ന യുഡിഎഫും എൽഡിഎഫും കേന്ദ്രത്തിൽ ഒരുമിച്ചാണ്" പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കാട്ടാക്കടയിൽ പൊതുസമ്മേളനത്തിലായിരുന്നു വിമർശനം.