തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തുന്നു. മുഖ്യമന്ത്രി നേരിട്ട് മണ്ഡലത്തിൽ എത്തുന്നതോടെ പൂർണമായും രാഷ്ട്രീയ മത്സരമാക്കുക എന്നതാണ് ഇടതു മുന്നണി ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ എത്തന്നത് ഈ മാസം 24നാണ്. പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി പുതുപ്പള്ളിയിലും അയർക്കുന്നത്തും നടക്കുന്ന എൽ.ഡി.എഫിന്റെ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. അതേസമയം ആദ്യഘട്ടത്തിൽ മന്ത്രിമാർ ആരും പ്രചാരണത്തിന് ഉണ്ടാകില്ലെന്നാണ് വിവരം. 31ന് ശേഷമാണ് രണ്ടാംഘട്ട പ്രചാരണം.ർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യക്തിപരമായ ആക്രമണത്തിലേക്ക് തിരിയേണ്ട എന്നാണ് സിപിഎം നിലപാട്.

പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് തീരുമാനം. വ്യക്തിപരമായ അധിക്ഷേപത്തിന് പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടിയെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമല്ല ഈ തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയംഗം കെ അനിൽകുമാർ നടത്തിയ ആരോപണങ്ങൾ പ്രചരണായുധമാകില്ലെന്ന് ഉറപ്പായി.

പ്രചരണ രംഗത്ത് യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ സജീവമായുണ്ട്. യുഡിഎഫ് രാഷ്ട്രീയ ഒളിച്ചോട്ടം നടത്തുകയാണെന്ന് ജെയ്ക് സി തോമസ് ആരോപിക്കുമ്പോൾ പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാമെന്ന വെല്ലുവിളി ആവർത്തിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.

വികസനം ചർച്ചയാക്കുമ്പോൾ പള്ളിയെന്നും പുണ്യാളനെന്നും പറയുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമാണെന്നാണ് ജെയ്ക് അഭിപ്രായപ്പെടുന്നത്. എൽഡിഎഫ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെപ്പറ്റി പറയുമ്പോൾ യുഡിഎഫ് ഖബറിടങ്ങളിലെ മെഴുകുതിരിയെ പറ്റിയാണ് പറയുന്നതെന്നും വികസനത്തിലൂന്നി മറുപടി പറയാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് വൈകാരികത ഉയർത്തി പ്രചാരണം നടത്തുന്നതെന്നും ജെയ്ക് വിമർശിക്കുന്നു.

ഈ മാസം 16ന് സിപിഎം കൺവെൻഷൻ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 17നാണ് ജെയ്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയുണ്ടാകും.

്അതിനിടെ ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. പെരുന്നയിൽ വി എൻ വാസവനൊപ്പമാണ് ജെയ്ക് സന്ദർശനം നടത്തിയത്. മന്ത്രിയോടൊപ്പം ഇന്ന് ഓർത്തഡോക്‌സ്, യാക്കോബായ സഭാ അധ്യക്ഷന്മാരെയും ജെയ്ക് സി തോമസ് കാണുകയുണ്ടായി.