- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി-രാഹുൽ സത്യവാങ്മൂലങ്ങൾ താരതമ്യം ചെയ്യുമ്പോൾ
ന്യൂഡൽഹി: 2018 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർഷിക വരുമാനം ഇരട്ടിയായി. അതേസമയം, കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വരുമാനം പ്രധാനമന്ത്രിയുടേതിനേക്കാൾ നാലുമടങ്ങാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ താരതമ്യം ചെയ്യുമ്പോഴാണ് ഈ വരുമാന വർദ്ധന ശ്രദ്ധയിൽ പെടുക.
വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മോദിയുടെ സത്യവാങ്മൂലത്തിൽ 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും പറയുന്നു. സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ല.
2018-19 സാമ്പത്തിക വർഷത്തിലെ 11 ലക്ഷത്തിൽ നിന്ന് 2022-23 ൽ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്‌ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപയും എസ്‌ബിഐയുടെ വാരാണസി ശാഖയിൽ 7,000 രൂപയും നിക്ഷേപം ഉണ്ട്. എസ്‌ബിഐയിൽ 2,85,60,338 രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഉണ്ട്.
2,67,750 രൂപ വിലയുള്ള നാല് സ്വർണ്ണ മോതിരങ്ങളും പ്രധാനമന്ത്രിയുടെ കൈവശമുണ്ട്. 2014ൽ ആണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായി ആദ്യമായി മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ ജൂൺ ഒന്നിന് വോട്ടെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും മോദി ജനവിധി തേടുന്നു.
2022-23 ൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപിത വരുമാനം 1.02 കോടിയാണ്. പ്രധാനമന്ത്രിയുടേത് 23.56 ലക്ഷവും. മോദിയേക്കാൾ നാലുമടങ്ങ് വരുമാനം രാഹുലിനുണ്ട്. 2018-19 ൽ മോദിയുടെ വരുമാനം 11.14 ലക്ഷമായിരുന്നു. അത് 2022-23 ൽ ഇരട്ടിച്ചു. 2018-19 ൽ 1.20 കോടി വരുമാനം ഉണ്ടായിരുന്ന രാഹുലിന്റെ 2022-23 ലെ വരുമാനം 1.02 കോടിയാണ്.
ഇക്വിറ്റികൾ, മ്യൂച്ചൽ ഫണ്ടുകൾ, സേവിങ്‌സ് അക്കൗണ്ടുകൾ, സ്വർണ ബോണ്ടുകൾ എന്നിവയിൽ നിന്നായി 9.24 കോടിയുടെ സ്വത്തുക്കളാണ് രാഹുലിന്. കാർഷിക-കാർഷികേതര ഭൂമി, വാണിജ്യ കെട്ടിടങ്ങൾ എന്നിവയടക്കം സ്ഥാവര സ്വത്തുക്കളിൽ നന്നായി രാഹുലിന് 11.15 കോടിയുടെ സ്വത്തുണ്ട്. പ്രധാനമന്ത്രിയുടെ ആകെ ആസ്തി 3.02 കോടി മൂല്യമുള്ളതാണ്. അതേസമയം, രാഹുലിന്റെ ആകെ ആസ്തി 20 കോടിയിലേറെ വരും. പ്രധാനമന്ത്രിക്ക് സ്ഥാവര സ്വത്തുക്കളായി സ്ഥലമോ, വീടോ സ്വന്തമായി ഇല്ല.