കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശി മൈക്കിൾ വർഗീസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.

സത്യവാങ്മൂലത്തിലെ ആസ്തി, വരുമാനം, ബാധ്യതകൾ തുടങ്ങിയ കണക്കുകൾ പരസ്പരം പൊരുത്തപ്പെടുന്നവയല്ലെന്നാണ് പരാതിയിൽ പറയുന്നത്. ഫ്രാൻസിസ് ജോർജിന്റെയും ഭാര്യയുടെയും പേരിൽ കഴിഞ്ഞ വർഷം 12 കോടി രൂപയുടെ വസ്തു ഇടപാടുകൾ നടന്നെന്നും വിപണിവില കുറച്ചുകാണിച്ച് ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

ഭാര്യ ഷൈനിയുടെ പേരിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും പരാതിയിൽ പറയുന്നുണ്ട്.