- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണലിന് മുന്നോടിയായ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി അശോക് ഗെഹ്ലോട്ട്; കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാനാവില്ല; റിസോർട്ട് രാഷ്ട്രീയം അഭ്യൂഹം മാത്രമെന്ന് തെലുങ്കാനയുടെ ചുമതലയുള്ള ഡി കെ ശിവകുമാർ; വിജയപ്രതീക്ഷയിൽ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചു കോൺഗ്രസ്
ജയ്പൂർ/ഹൈരദാബാദ്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, കോൺഗ്രസ് എത്ര സംസ്ഥാനങ്ങളിൽ അധികാരം പിടിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. എൻഡിഎ മുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പു ഫലം. അതുകൊണ്ടു തന്നെ വോട്ടെണ്ണും മുമ്പ് തന്ത്രങ്ങളുമായി നേതാക്കൾ രംഗത്തുണ്ടായിരുന്നു.
രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഞായറാഴ്ച നടക്കാനിരിക്കെ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്പൂരിലെ കോൺഗ്രസിന്റെ വാർ റൂമിലെത്തിയാണ് സ്ഥാനാർത്ഥികളുമായി അശോക് ഗെഹ്ലോട്ട് വിഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തിയത്.
ഗെഹ്ലോട്ടിനൊപ്പം സംസ്ഥാനത്തിന്റെ ചുമതലയുള്ള ?സുഖ്ജിന്ദർ സിങ് രാന്ദ്‌വ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് എന്നിവരും സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ രാജസ്ഥാനിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോൺഗ്രസ് നിരീക്ഷകർ വോട്ടെണ്ണൽ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് നിരീക്ഷകർ രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അതിനിടെ രാജസ്ഥാൻ ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
ഇതിലിടെ ഒരു കോൺഗ്രസ് നേതാവിനെയും വിലക്കെടുക്കാൻ കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി. തെലങ്കാനയിൽ ബിആർഎസിനെയും മധ്യപ്രദേശിൽ ബിജെപിയെയും തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം.
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് എന്ന എക്‌സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികൾ, വിജയിക്കുന്ന എംഎൽഎമാരെ ആഡംബര റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുമെന്നും കാവൽ ഏർപ്പെടുത്തുമെന്നും പ്രചാരണങ്ങളുണ്ട്. മധ്യപ്രദേശിൽ വിജയിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. അതേസമയം കർണാടകയിലെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
'ഞങ്ങളുടെ ദേശീയ - സംസ്ഥാന നേതാക്കൾ ആത്മവിശ്വാസത്തിലാണ്. ഒരു കോൺഗ്രസ് എംഎൽഎയെയും വിലയ്‌ക്കെടുക്കാൻ കഴിയില്ല,' എന്നാണ് കോൺഗ്രസിന്റെ കർണാടക വിജയത്തിൽ പ്രധാന പങ്കുവഹിച്ച ശിവകുമാർ വ്യക്തമാക്കിയത്. റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎൽഎമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ 'ഓപ്പറേഷൻ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാൻ പോകുന്നില്ല.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ കെസിആർ ഇതിനകം നിരവധി കോൺഗ്രസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. പക്ഷെ ഒന്നും നടക്കാൻ പോകുന്നില്ലെന്നും ഡി കെ അവകാശപ്പെട്ടു. 119 അംഗ തെലങ്കാന നിയമസഭയിൽ കുറഞ്ഞത് 62 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു.
വ്യക്തിപരമായി താൻ എക്‌സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ലെന്ന് ഡികെ പറഞ്ഞു. താൻ സ്വന്തമായി സർവേ നടത്തുമ്പോൾ ഒരു ലക്ഷത്തിലധികം സാമ്പിളുകൾ എടുക്കും. മാധ്യമങ്ങൾ 5,000 - 6,000 സാമ്പിളുകൾ മാത്രമാണ് എടുക്കുന്നത്. പക്ഷെ തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ കോൺഗ്രസ് തരംഗമാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. മധ്യപ്രദേശിലും തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഡികെ പറഞ്ഞു.
മറുനാടന് ഡെസ്ക്