ന്യൂഡൽഹി: ബിഹാറിലെ സമസ്തിപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ്. ഉദ്യോഗസ്ഥരുടെ പരിശോധന പ്രതിപക്ഷ നേതാക്കളെ ചുറ്റിപ്പറ്റി മാത്രമാണെന്നും മറുവശത്ത് ബിജെപി. സ്വതന്ത്രമായി നടക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സമാന സംഭവങ്ങൾ കോൺഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി മാത്രമാണ് നടക്കുന്നത്. ഇതിനെ വിമർശിച്ചു നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

സമസ്തിപുരിലും മുസാഫർപുരിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുന്നതിനായാണ് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ബിഹാറിലെത്തിയത്. ഒന്നിനുപുറകെ ഒന്നായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ സമയത്തിന് എത്തുന്നതിനായാണ് ഖാർഗെ ഹെലികോപ്ടറിൽ എത്തിയത്. ഇവിടെ സമസ്തിപുരിൽവച്ചാണ് അദ്ദേഹം വന്ന ഹെലികോപ്ടർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാജേഷ് റാത്തോറാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിഹാറിലെ പ്രധാന വക്താവാണ് രാജേഷ് റാത്തോർ. സമസ്തിപുരിൽ ഖാർഗെ എത്തിയ ഹെലികോപ്ടറിന്റെ പരിശോധനയുടെ നേതൃത്വം ബിഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടെത്തി നടത്തുന്നതാണ് എന്ന് പറഞ്ഞാണ് രാജേഷ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഹോലികോപ്ടറും ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഈ പരിശോധനകൾ പ്രതിപക്ഷനേതാക്കൾക്ക് മാത്രമാണ് ബാധകം. ബിജെപിയുടെ എൻ.ഡി.എ. മുന്നണി നേതാക്കളെല്ലാം രാജ്യത്ത് തോന്നുംവിധം സഞ്ചരിക്കുകയാണ്. ആർക്കും അവരെ പരിശോധിക്കേണ്ടെന്നും പോസ്റ്റിൽ രാജേഷ് ചോദിക്കുന്നു.

കോൺഗ്രസ് നേതാക്കളുടെ ഹോലികോപ്ടറുകൾ ഇത്തരത്തിൽ പരിശോധിക്കുന്നത് എന്തെങ്കിലും നടപടിക്രമത്തിന്റെ ഭാഗമാണോ എന്ന് ബിഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. മാത്രമല്ല, ഇത്തരം പരിശോധനകൾ എൻ.ഡി.എയുടെ വലിയ നേതാക്കളുടെ യാത്രാവാഹനങ്ങളിലും നടത്താറുണ്ടോ എന്നും കമ്മീഷൻ വെളിപ്പെടുത്തണം - രാജേഷ് പറയുന്നു.

ഇത്തരം കാര്യങ്ങൾ കമ്മീഷൻ പൊതുജനങ്ങളുമായി പങ്കുവയ്ക്കണം. അല്ലെങ്കിൽ അവർ വിചാരിക്കും ഇത്തരം പരിശോധനകൾ പ്രതിപക്ഷ നേതാക്കൾക്കുനേരെ മാത്രമേ നടക്കുന്നുള്ളൂ, അതുവഴി അവരെ അവരുടെ പ്രവർത്തികളിൽനിന്ന് തടയാനാണ് നിങ്ങൾ ശ്രമിക്കുന്നത് എന്ന്. എൻ.ഡി.എയുടെ നേതാക്കളെ നിങ്ങൾ സ്വതന്ത്രരായി വിട്ടിരിക്കുകയാണ് എന്നും പൊതുജനങ്ങൾ തെറ്റിദ്ധരിച്ചേക്കും - രാജേഷ് എക്സ് പോസ്റ്റിൽ ആരോപിക്കുന്നു.