ബൻസ്വാഡ: ആദിവാസി ഭൂരിപക്ഷ മേഖലയായ രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ സവിശേഷമായ മത്സരമാണ് നടക്കുന്നത്. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യരുതെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തിയ വിചിത്രസാഹചര്യമാണ് മണ്ഡലത്തിൽ.

കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥി അരവിന്ദ് ദമോറിനെ മത്സരിക്കാൻ നിയോഗിച്ചിരുന്നു. എന്നാൽ, പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയുടെ തലേന്ന് ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർത്ഥി രാജ്കുമാർ റോട്ടിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.

പാർട്ടി തീരുമാനം അനുസരിച്ച് അരവിന്ദ് ദമോർ പത്രിക പിൻവലിക്കേണ്ടതായിരുന്നു. എന്നാൽ, പത്രിക പിൻവലിക്കേണ്ട ദിവസം അദ്ദേഹം സ്ഥലത്ത് നിന്ന് മുങ്ങി. താൻ വിവരം ഒന്നും അറിഞ്ഞിരുന്നില്ലെന്നും, മത്സരത്തിൽ തുടരുമെന്നും അരവിന്ദ് ദമോർ പ്രഖ്യാപിച്ചു.

ഇതോടെ, മണ്ഡലത്തിൽ ത്രികോണ മത്സരമായി. ദമോറിന്റെ സാന്നിധ്യം കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കാനും, ബിജെപി സ്ഥാനാർത്ഥി മഹേന്ദ്രജിത് സിങ് മാളവ്യയ്ക്ക് അനുകൂലമായി വരാനും സാഹചര്യമൊരുക്കി.

പ്രാദേശിക കോൺഗ്രസ് നേതൃത്വം ദമോറിന് വോട്ടു ചെയ്യരുതെന്ന് അഭ്യർത്ഥിക്കുമ്പോൾ, ബിഎപി സഖ്യത്തെ എതിർക്കുന്ന പാർട്ടിയിലെ വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ദമോർ അവകാശപ്പെടുന്നത്.

മത്സരം മഹേന്ദ്രജിത് സിങ് മാളവ്യയും രാജ്കുമാർ റോട്ടും തമ്മിലാണ് പോരാട്ടമെങ്കിലും തങ്ങളുടെ പാർട്ടി അംഗം പറഞ്ഞാൽ കേൾക്കാതെ എതിരാളിയായി മത്സരിക്കുന്നത് കോൺഗ്രസിന് നാണക്കേടായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിക്കപ്പെട്ട ബി എ പിക്ക് നിലവിൽ രാജസ്ഥാൻ നിയമസഭയിൽ മൂന്ന് എംഎ‍ൽഎമാരുണ്ട്. അതിൽ ഒരാളാണ് ലോക്സഭയിലേക്ക് മത്സരിക്കുന്ന രാജ്കുമാർ റോട്ട്.

2023-ലെ പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം നിഷേധിച്ചതിനെത്തുടർന്നാണ് മഹേന്ദ്രജിത് സിങ് മാളവ്യ കോൺഗ്രസ് വിട്ടത്. രണ്ട് കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു മാളവ്യ. ബാഗിദൗരയിൽനിന്നുള്ള എംഎ‍ൽഎയായിരുന്ന മാളവ്യ സ്ഥാനം രാജിവച്ചാണ് ഫെബ്രുവരിയിൽ ബിജെപിയിൽ ചേർന്നത്.

ബൻസ്വാഡ-ദുംഗർപൂർ പട്ടിക വർഗ്ഗ സംവരണമണ്ഡലമാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.