ന്യൂഡൽഹി: കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച കേസിൽ സുപ്രീംകോടതി കനിഞ്ഞില്ലെങ്കിൽ ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനായാസം വിജയിച്ചു കയറുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. ആദായ നികുതി വകുപ്പ് കോൺഗ്രസിന്റെ അക്കൗണ്ടകൾ മരവിപ്പിച്ചതോടെ കോൺഗ്രസിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. നേതാക്കൾക്ക് വണ്ടിക്കൂലിക്ക് പോലും കാശില്ലാത്ത അവസ്ഥയിലാണ് പാർട്ടി. നട്ടം തിരിയ്യുന്ന ഈ ആവസ്ഥയിൽ നിന്നും എങ്ങനെ കരകയറും എന്നാണ് കോൺഗ്രസ് ആലോചിക്കുന്നത്.

എഐസിസി നേതൃത്വത്തിന് പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാർത്ഥികളും സ്വന്തം നിലയിൽ പണം കണ്ടെത്തേണ്ടി വരും. അക്കൗണ്ടുകൾ മരവിച്ചതോടെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുള്ള എഐസി സി വിഹിതത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്.

യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ ഇലക്ഷൻ കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജൻസിയുടെ നടപടി. അറിയിപ്പ് പോലും നല്കാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കാതെ വന്നതോടെ അന്വേഷിച്ചതോടെയാണ് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് തിരിച്ചറിഞ്ഞത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നാല് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയെന്നതാണ് ശ്രദ്ധേയം.

തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. പ്രതിപക്ഷത്തെ ഉന്നം വെച്ചുള്ള ഇഡി, സിബിഐ, ഐടി അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്ന നിലപാടിലാണ് കോൺഗ്രസ് അടക്കം ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളെയും ബിജെപി ഉന്നമിടുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇലക്ഷൻ കാലത്തെ റെയ്ഡ് അടക്കം നടപടികളെന്നും ഇന്ത്യാ മുന്നണി ആരോപിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല. ബിജെപി. ഉൾപ്പടെയുള്ള പാർട്ടികൾ ആദായനികുതി അടയ്ക്കാറുമില്ല. ബിജെപി എത്രയാണ് ആദായനികുതി അടച്ചതെന്ന ചോദ്യവും ഉരുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ വീണ്ടുമൊരു ക്രൗഡ് ഫണ്ടിംഗിന് കൂടി കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ബിജെപി. സർക്കാരിൽനിന്ന് പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ഭീതികാരണം വൻകിട കോർപ്പറേറ്റുകളിൽനിന്ന് ലഭിക്കുന്ന ഫണ്ടുകൾ കുറവായിരിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ആദായനികുതി വകുപ്പിന്റെ നടപടികൾ യാദൃശ്ചികമല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് മോദി സർക്കാർ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ഇത് ഉത്തർപ്രദേശിലെ പല പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും തിരെഞ്ഞെടുപ്പ് പ്രവർത്തത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇതേ മാതൃകയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർക്കുന്ന ഭീകരപ്രവർത്തനം കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.