- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 സീറ്റിൽ വിജയപ്രതീക്ഷയിൽ കോൺഗ്രസ്
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിക്കുമ്പോൾ മൂന്നാം മോദി സർക്കാറിനുള്ള ഒരുക്കങ്ങളിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം മുതൽ പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് അവസാനം വരെയും ബിജെപി വെച്ചുപുലർത്തുന്നത്. അതേസമയം 400 സീറ്റെന്ന അവകാശവാദത്തിന് തൊട്ടരികെ എങ്കിലും ബിജെപി എത്തുമെന്നാണ് അവരുടെ നിഗമനം. മറുവശത്ത എക്‌സിറ്റ് പോളുകളെ അമ്പേ തള്ളുന്ന പ്രതിപക്ഷ നിരയെയാണ് കണ്ടത്. എക്‌സിറ്റ് പോളികളിൽ നിരാശരാകാതെ വോട്ടെണ്ണൽ ദിനത്തിൽ പ്രതീക്ഷയും ജാഗ്രതയും പുലർത്താനാണ് നേതാക്കൾ അണികൾക്ക് നൽകിയ നിർദ്ദേശം.
കോൺഗ്രസും കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയം നേടുമെന്ന പ്രതീക്ഷ ആവർത്തിക്കുകയാണ് ചെയ്യുന്നത്. അവസാന നിമിഷം സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ച് എത്രസീറ്റിൽ വിജയിക്കാൻ സാധിക്കുമെന്ന കണക്കെടുപ്പു നടതതിയിട്ടുണ്ട് ഹൈക്കമാൻഡ്. ഹൈക്കമാൻഡ് ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിലാണ് നേതാക്കൾ സംസ്ഥാന വിലയിരുത്തൽ നടത്തിയത്. കർണാടക, മഹാരാഷ്ട്ര, ഹരിയാന, യുപി, പഞ്ചാബ്, ജാർഖണ്ഡ്, അസം, ഹിമാചൽ, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ലക്ഷ്യമിട്ട വിജയം കൈവരിക്കാൻ കഴിയുമെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.
100 സീറ്റുകളിൽ ജയം ഉറപ്പിക്കാമെന്നും ഏതാനും സീറ്റുകളിൽ ശക്തമായ മത്സരമുണ്ടെന്നുമാണു കോൺഗ്രസിന്റെ പൊതുവായ കണക്കുകൂട്ടൽ. സംസ്ഥാന ഘടകങ്ങൾ നൽകിയ ഈ പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം വിശ്വസിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വോട്ടെണ്ണൽ ദിനത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
ബിജെപിയിലെ പ്രശ്‌നങ്ങളും ഇന്ത്യാസഖ്യത്തിലെ ഐക്യവും അസമിൽ 7 സീറ്റ് വരെ നൽകാമെന്നാണ് അസം ഘടകം അറിയിച്ചത്. 9 സീറ്റ് വരെ സർവേകൾ തന്നെ പഞ്ചാബിൽ കോൺഗ്രസിന് പറഞ്ഞിട്ടുണ്ട്. അതിലുമധികമാണ് പ്രതീക്ഷിക്കുന്നതെന്ന് നേതൃത്വം അറിയിച്ചു. 4ൽ 2 ഇടത്ത് നേട്ടമുണ്ടാക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു യോഗത്തെ അറിയിച്ചു. കർണാടകയിൽ മൂന്നിൽ രണ്ട് സീറ്റുകളാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പു നൽകിയിരിക്കുന്നത്. ബിഹാറിൽ 7 ആണ് പ്രതീക്ഷ; ഇന്ത്യാസഖ്യത്തിന് ഇരുപതും. ഝാർഖണ്ഡിൽ സഖ്യത്തിന് 810 സീറ്റ് വരെ പ്രതീക്ഷിക്കാമെന്ന് സംസ്ഥാന അധ്യക്ഷൻ രാജേഷ് ഠാക്കൂർ പറഞ്ഞു.
മഹാരാഷ്ട്രയിൽ 16 സീറ്റ് വരെ പിസിസി അധ്യക്ഷൻ നാന പഠോളെ യോഗത്തെ അറിയിച്ചു. രാജസ്ഥാനിൽ 12 സീറ്റ് വരെയാണ് പ്രതീക്ഷ. കടുത്ത മത്സരമുള്ള സീറ്റുകളുണ്ടെന്നു ഗുജറാത്ത് ഘടകവും അറിയിച്ചു. മെച്ചപ്പെട്ട പ്രകടനമാകും യുപിയിലെന്ന് സംസ്ഥാന അധ്യക്ഷൻ അജയ് റായിയും യോഗത്തിൽ പറഞ്ഞു. അദ്ഭുത വിജയമാണ് ഹരിയാനയിലെ കോൺഗ്രസ് പറയുന്നത്.
അതേസമയം എക്‌സിറ്റ് പോളുകൾ ഏകപക്ഷീയമാണെന്നും നാളെ വോട്ടെണ്ണലിൽ ജാഗ്രത ഉറപ്പാക്കണമെന്ന ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങളോടു നിർദേശിച്ചിട്ടുണ്ട്. പാർട്ടിയുടെ മുഴുവൻ സ്ഥാനാർത്ഥികളുമായും സംസ്ഥാന അധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കളുടെയും വെർച്വൽ യോഗം വിളിച്ചാണ് നിർദ്ദേശം നൽകിയത്. ഓരോ സംസ്ഥാനത്തും സ്വീകരിച്ച തയ്യാറെടുപ്പുകളെക്കുറിച്ചും നേതാക്കൾ ചോദിച്ചറിഞ്ഞു.
അതേസമയം എക്‌സിറ്റ് പോൾ പ്രവചനങ്ങൾ കൂടി വന്നതോടെ ബിജെപി ക്യാംപിൽ ഇരട്ടി ആവേശം. ഒറ്റയ്ക്ക് തന്നെ മികച്ച വിജയം നേടാൻ കഴിയുമെന്ന എക്‌സിറ്റ് പോൾ ഫലം തന്നെയാണ് പാർട്ടിയും വിലയിരുത്തുന്നത്. നരേന്ദ്ര മോദിയാകട്ടെ ഭരണകാര്യങ്ങളിൽ കൂടുതൽ ഇടപെട്ട് മൂന്നാമൂഴത്തിലെ കാര്യങ്ങളിലേക്ക് ചർച്ച നയിച്ചു തുടങ്ങിയിട്ടുണ്ട്. സഖ്യകക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ വലിയ മുന്നേറ്റം ബിജെപി ക്യാപ് കരുതുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കക്ഷികളെ ഒപ്പം ചേർക്കാനോ അവരുമായി ചർച്ചകൾ തുടങ്ങി വയ്ക്കാനോ ഉള്ള നീക്കങ്ങൾ തൽക്കാലം പാർട്ടി തുടങ്ങിയിട്ടില്ല.
കന്യാകുമാരിയിൽ നിന്നു ഡൽഹിയിലേക്കു മടങ്ങിയെത്തിയ മോദി പാർട്ടി ചർച്ചകളെക്കാൾ ഉദ്യോഗസ്ഥരും മറ്റുമായുള്ള യോഗങ്ങൾക്കാണ് ഇന്നലെ സമയം ചെലവിട്ടത്. അതിനിടെ, ബിജെപിയുടെ പ്രധാനസഖ്യകക്ഷിയായ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇന്നലെ ഡൽഹിയിലെത്തി. തിരഞ്ഞെടുപ്പു ഫലം വന്നു കഴിഞ്ഞുമാത്രമേ നിതീഷ് മടങ്ങൂവെന്നാണ് സൂചന. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നാണ് വിവരം.