- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനയ്യ കുമാറിന് നോർത്ത് ഈസ്റ്റ് ഡൽഹി സീറ്റ് നൽകി കോൺഗ്രസ്
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിന് ഡൽഹിയിൽ സീറ്റ് നൽകി കോൺഗ്രസ്. സിപിഐ വിട്ട് കോൺഗ്രസിലെത്തിയ കനയ്യയെ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ആണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. കുറച്ചുകാലമായി തന്നെ കനയ്യ കുമാറിന്റെ തട്ടകം ഡൽഹിയാണ്. കഴിഞ്ഞ തവണ കനയ്യ മത്സരിച്ച ബീഹാറിലെ ബേഗുസറായ് സീറ്റ് കോൺഗ്രസ് അഭ്യർത്ഥിച്ചിരുന്നെങ്കിലും സിപിഐ വഴങ്ങിയില്ല. ആർജെഡിയും എതിർപ്പുമായി രംഗത്തുവന്നു. ഇതേ തുടർന്നാണ് കനയ്യയെ ഡൽഹിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
ഇന്നലെ പ്രഖ്യാപിച്ച കോൺഗ്രസിന്റെ പുതിയ സ്ഥാനാർത്ഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നൽകിയത്. നോർത്ത ഈസ്റ്റ് ഡൽഹിയിൽ മനോജ് തിവാരിയാണ് ബിജെപി സ്ഥാനാർത്ഥി. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയാണ് പുറത്തുവിട്ട പട്ടികയിലെ മറ്റൊരു പ്രമുഖൻ. ജലന്ധറിൽ നിന്നാകും മുൻ മുഖ്യമന്ത്രി ജനവിധി തേടുക. മഹിളാ കോൺഗ്രസ് അധ്യക്ഷയായ അൽക്ക ലാംബ,ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജെ പി അഗർവാളിന് സീറ്റ് നൽകി.
ദളിത് നേതാവ് ഉദിത് രാജ് നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിക്കും. 2014ൽ ബിജെപി ടിക്കറ്റിൽനിന്നും മത്സരിച്ച ഉദിത് രാജ് ഇവിടെ വിജയിച്ചിരുന്നു. ഡൽഹിയിലെ മൂന്നും, പഞ്ചാബിലെ ആറും, ഉത്തർ പ്രദേശിലെ ഒരു സീറ്റുമടക്കം 10 മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതുവരെ 278 സ്ഥാനാർത്ഥികൾ പ്രഖ്യാപിച്ചു.
അമൃത്സറിൽ ഗുർജീത് സിങ് ഔജ്ല, ഫത്തേഗഡ് സാഹിബിൽ അമർ സിങ്, ബട്ടിൻഡയിൽ ജീത് മൊഹീന്ദർ സിങ് സിദ്ധു, സംഗ്രൂരിൽ സുഖ്പാൽ സിങ് ഖൈറ, പാട്യാലയിൽ ധരംവീർ ഗാന്ധി എന്നിവരുമാണ് സ്ഥാനാർത്ഥികൾ. ഉത്തർപ്രദേശിലെ അലഹബാദിൽ ഉജ്ജ്വൽ രേവതി രമൻ സിങ് മത്സരിക്കും. അതേസമയം, പുതിയ പട്ടികയിലും റായ്ബറേലി,അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല.
റായ്ബറേലിയിൽ പ്രിയങ്കാഗാന്ധിയും അമേഠിയിൽ രാഹുൽഗാന്ധിയും മത്സരിക്കുമെന്ന സൂചനകളുണ്ടെങ്കിലും സ്ഥാനാർത്ഥിപ്രഖ്യാപനം വൈകുന്നത് ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്നുണ്ടെന്ന് പ്രാദേശിക നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു.
അമേഠിയിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേര വ്യക്തമാക്കിയിട്ടുണ്ട്. റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമ്പോൾ വധേരയെ അമേഠിയിൽ നിർത്തിയാൽ ബിജെപി.ക്കത് വലിയ വടിയാവുമെന്നതിനാൽ കോൺഗ്രസ് വധേരയുടെ ആഗ്രഹത്തോടു പ്രതികരിച്ചിട്ടില്ല.
ബിജെപി. സീറ്റ് നിഷേധിച്ച വരുൺഗാന്ധി സമാജ് വാദി പാർട്ടിയിൽ ചേരുകയാണെങ്കിൽ വരുൺ കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ അമേഠിയിൽ വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അമേഠിയും റായ്ബറേലിയും അയോധ്യയും (ഫൈസാബാദ്) അടക്കമുള്ള 14 മണ്ഡലങ്ങളിൽ മെയ് 20-നാണ് തിരഞ്ഞെടുപ്പ്. അതേസമയം ബിജെപി.സ്ഥാനാർത്ഥിയും അമേഠിയിലെ സിറ്റിങ് എംപി.യുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമായി. രാഹുലിനെതിരേ രൂക്ഷവിമർശനമാണ് സ്മൃതി അഴിച്ചുവിടുന്നത്. 15 കൊല്ലമായി അമേഠിയിലെ ഉപയോഗമില്ലാത്ത എംപി.യായിരുന്നു രാഹുൽ ഗാന്ധിയെന്ന് സ്മൃതി ആരോപിച്ചു.