തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം കോൺഗ്രസ് തള്ളി. എസ്ഡിപിഐ പിന്തുണ വേണ്ടെന്നും വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിജെപി അത്തരം പ്രചരണങ്ങൾ ശക്തമാക്കിയതടെയാണ് കോൺഗ്രസ് മലക്കം മറിയുന്നത്.

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല..എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണ്.എസ്ഡിപിഐയുമായി ഡിലുണ്ടെങ്കിൽ അവരുടെ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എസ് ഡി പി ഐയുടെ പിന്തുണ പ്രഖ്യാപിക്കലിന് പിന്നിൽ 'രാഷ്ട്രീയ ചതി'യുണ്ടോ എന്ന് കോൺഗ്രസിന് സംശയിച്ചിരുന്നു. കേരളത്തിൽ സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള നീക്കത്തിന് എസ് ഡി പി ഐയുടെ പ്രഖ്യാപനം തിരിച്ചടിയാണ്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് ആയുധമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ് ഡി പി ഐ എന്നത് പകൽപോലെ വ്യക്തമാണ്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെയാണ് വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന രാഷ്ട്രീയ ചർച്ച ബിജെപി ദേശീയ തലത്തിൽ ഉയർത്തിയിരുന്നു.

കഴിഞ്ഞ തവണ മുസ്ലിം ലീഗിന്റെ പച്ച പതാക രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പാക്കിസ്ഥാൻ പിന്തുണയാണ് ഇതെന്നായിരുന്നു ആരോപണം. ഇത്തവണ അതുമാറ്റി തീവ്ര മുസ്ലിം സംഘടനയായ പോപ്പുലർ ഫ്രണ്ട് പിന്തുണ രാഹുലിനുണ്ടെന്ന വാദം ബിജെപി ചർച്ചയാക്കും. എസ് ഡി പി ഐ പിന്തുണയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ലെന്നും വർഷങ്ങളായി അവർ ഇത്തരത്തിൽ വർഗീയ ശക്തികളെ പിന്തുണച്ചുവരികയാണെന്നും അമിത് ഷാ വിമർശിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നിർണ്ണായക ചർച്ചകളിലേക്ക് കടന്നത്. ഉടൻ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോൺഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരുസാഹചര്യവും ഉണ്ടാവരുതെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തി. ഇതിനൊപ്പം ദേശീയ തലത്തിലും കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപിക്ക് അജണ്ട നൽകില്ല.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ മത്സരിച്ച എസ്ഡിപിഐക്ക് 80,111 വോട്ടാണ് ആകെ കിട്ടിയത്. 0.4 ശതമാനമാണ് എസ്ഡിപിഐക്ക് കിട്ടിയ വോട്ടുവിഹിതം. കണ്ണൂർ, വടകര, വയനാട്, മലപ്പുറം, പാലക്കാട്, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. കണ്ണൂർ 8139, വടകര 5543, വയനാട് 5424, മലപ്പുറം 19095, പൊന്നാനി 18114, പാലക്കാട് 5746, ചാലക്കുടി 4685, എറണാകുളം 4309, ആലപ്പുഴ 1125, ആറ്റിങ്ങൽ 5428 എന്നിങ്ങനെയാണ് എസ്ഡിപിഐയ്ക്ക് ലഭിച്ച വോട്ടുകൾ.

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ കൂടുതൽ വോട്ടുകൾ നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയിൽ 26,640 വോട്ടുമാണ് നേടിയത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ കൂടുതൽ വോട്ട് നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയിൽ 26,640 വോട്ടുമാണ് എസ്ഡിപിഐ നേടിയത്. കോട്ടയം 3,513, തിരുവനന്തപുരം 4,820, മാവേലിക്കര 8,946, തൃശൂർ 6,894, ആലത്തൂർ 7,820, കാസർകോട് 9,713, ആറ്റിങ്ങൽ 11,225, കൊല്ലം 12,812, പത്തനംതിട്ട 11,353, ആലപ്പുഴ 10,993 ഇടുക്കി 10,401, എറണാകുളം 14,825, ചാലക്കുടി 14,386, പാലക്കാട് 12,504, കോഴിക്കോട് 10,596, വയനാട് 14,326, വടകര 15,058, കണ്ണൂർ 19,170 എന്നിങ്ങനെയാണ് എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകൾ.