ന്യൂഡൽഹി: ദേശീയ ജാതി സെൻസസ്, തൊഴിൽ സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ട് കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പത്രിക പുറത്തിറക്കിയ ചടങ്ങിൽ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, പത്രിക തയ്യാറാക്കിയ സമിതി അദ്ധ്യക്ഷൻ പി ചിദംബരം എന്നിവർ പങ്കെടുത്തു.

'രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നീതിക്ക് വേണ്ടിയുള്ള രേഖയാണിത്. ഭാരത് ജോഡോ യാത്രയുടെ അഞ്ച് സ്തൂപങ്ങൾ- യുവാക്കൾ, കർഷകർ, വനിതകൾ, തൊഴിലാളികൾ, സമത എന്നിവയെ അടിസ്ഥാനമാക്കി 25 ഉറപ്പുകളാണ് കോൺഗ്രസ് നൽകുന്നത്'-ഖാർഗെ പറഞ്ഞു.

തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളിൽ ഊന്നിയാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. പത്തുവർഷം രാജ്യത്തുണ്ടായ നഷ്ടങ്ങൾ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയിൽ കോൺഗ്രസ് പറയുന്നു. യുവാക്കൾക്കും, സത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആനുപാതികമായി അവസരങ്ങൾ ഒരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു. കോൺഗ്രസ് 2019ൽ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വർഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സർക്കാർ സ്വീകിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ്

രാജ്യവ്യാപകമായി ജാതിസെൻസസ് നടത്തും. പട്ടികജാതി-പട്ടിക വർഗ്ഗ-മറ്റുപിന്നോക്ക( ഒബിസി) വിഭാഗങ്ങളുടെ 50 ശതമാനം സംവരണ ക്വാട്ടാ പരിധി ഉയർത്താൻ ഭരണഘടന ഭേദഗതി ചെയ്യും.

കർഷകർക്ക് മിനിമം താങ്ങുവില

നാണ്യവിള കർഷകർക്ക് എം എസ് പി അഥവാ മിനിമം താങ്ങുവില നടപ്പാക്കും. 2020 മുതൽ ഈ ആവശ്യം ഉന്നയിച്ച് കർഷകർ പ്രക്ഷോഭത്തിലാണ്. എം എസ് പിക്ക് സ്ഥിരം നിയമ ഗ്യാരന്റ്ി എന്ന കർഷകരുടെ ദീർഘകാല ആവശ്യം നിറവേറ്റും.

വനിതാ ക്ഷേമം

സർക്കാർ- പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരുലക്ഷം രൂപ, കേന്ദ്രസർക്കാർ ജോലിയിൽ അൻപത് ശതമാനം വനിതകൾക്കായി നീക്കി വയ്ക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും

സർക്കാർ- പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. ഭരണഘടന സംരക്ഷിക്കാൻ പ്രത്യേക നിർദ്ദേശങ്ങളും പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തും എന്ന് പ്രകടനപത്രികയിൽ പറയുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം നടത്താനുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കും എന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. പുതിയ ജി എസ് ടി നടപ്പാക്കും. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ദേശീയ സുരക്ഷ, ചൈനാ പ്രശ്‌നം

അതിശയോക്തി കലർന്ന അവകാശവാദങ്ങൾ കൊണ്ട് ദേശീയ സുരക്ഷ മെച്ചപ്പെടുത്താനാവില്ലെന്ന് കോൺഗ്രസ് പത്രികയിൽ പറയുന്നു. അതിർത്തികളിൽ അച്ചടക്കത്തോടെയുള്ള ശ്രദ്ധയും, ഇച്ഛാശക്തിയോടെയുള്ള പ്രതിരോധ തയ്യാറെടുപ്പുമാണ് വേണ്ടത്.

ചൈനയുമായുള്ള അതിർത്തിയിൽ പൂർവനില തിരിച്ചുപിടിക്കാൻ പ്രവർത്തിക്കുമെന്നും പൂർവകാലത്ത് ഇരുസേനകളും പട്രോളിങ് നടത്തിയിരുന്ന ഇടങ്ങൾ നമ്മുടെ സൈനികർക്ക് വീണ്ടും പ്രാപ്യമാകുന്നത് ഉറപ്പാക്കുമെന്നും പാർട്ടി പത്രികയിൽ പറഞ്ഞു. ഇത് ബിജെപിക്ക് നേരിട്ടുള്ള വിമർശനമായി വിലയിരുത്താം.