- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ കോൺഗ്രസ് 110 മുതൽ 122 വരെ സീറ്റുകൾ നേടും; അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടർ അഭിപ്രായ സർവേ; ബിജെപിക്ക് 73 മുതൽ 85 സീറ്റുകൾ മാത്രം; ജെഡിഎസ് 21 മുതൽ 29 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും അന്തിമ സർവേ ഫലം
ബെംഗളൂരു: മെയ് പത്തിന് വോട്ടെടുപ്പ് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടർ അന്തിമ അഭിപ്രായ സർവേ ഫലം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 110 മുതൽ 122 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പറയുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 73- 85 സീറ്റുകളേ ലഭിക്കൂവെന്നും സർവേ പ്രവചിക്കുന്നു. 224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് 40.2 ശതമാനം വോട്ട് ലഭിക്കുമെന്നും മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2.2 ശതമാനം വർധനവാണ് വോട്ട് വിഹിതത്തിൽ പ്രതീക്ഷിക്കുന്നതെന്നും സർവേ പറയുന്നു. 2018ൽ 104 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.
ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി തുടരും. സി-വോട്ടർ വോട്ടെടുപ്പിന്റെ മുൻ റൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റേയും കാര്യത്തിൽ ബിജെപിക്ക് നേരിയ പുരോഗതി കാണാം. നിയമസഭയിലേക്ക് 32 എംഎൽഎമാരെ അയക്കുന്ന ഗ്രേറ്റർ ബെംഗളൂരു മേഖല ഒഴികെ, സംസ്ഥാനത്തെ മറ്റെല്ലാ മേഖലകളിലും കോൺഗ്രസ് ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ വ്യക്തമാക്കുന്നു.
ജെഡിഎസ് 21 മുതൽ 29 വരെ സീറ്റുകൾ നേടും. 2018ൽ 37 സീറ്റുകളാണ് അവർക്ക് ലഭിച്ചത്. ജെഡിഎസിന് 16.1 ശതമാനം വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഏകദേശം രണ്ട് ശതമാനം കുറവാണ് ഇത്തവണ അവർക്കുണ്ടാവുക. ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നും പ്രവചനമുണ്ട്. 2018ലെ 17 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേറെയായി വർധിക്കുമെന്നാണ് സർവേ. എന്നാൽ ഇത് ത്രികോണ പോരാട്ടത്തിൽ കലാശിക്കുന്നത് കോൺഗ്രസിന് സഹായകമാകുമെന്നാണ് സൂചന.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് 'ലോക് പോൾ' നടത്തിയ പ്രീ-പോൾ സർവേയും പ്രവചിച്ചിരുന്നു. 'ലോക് പോൾ' മൂന്നാമത്തേതും അവസാനത്തേതുമായ സർവ്വേയിൽ കോൺഗ്രസ് നേരത്തേയുള്ള സാഹചര്യത്തിൽ നിന്നും നില മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഫെബ്രുവരി മാസത്തിൽ നടത്തിയ സർവേയിൽ നിന്നും ബിജെപിയുടെ എണ്ണത്തിൽ കൂടുതൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15000 പേരെ സാമ്പിളുകളാക്കി 'ലോക് പോൾ' നടത്തിയ അഭിപ്രായ സർവേയിൽ കോൺഗ്രസ് 129 മുതൽ 134 വരെ സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്.
നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് 59 മുതൽ 65 സീറ്റുകളും ജെ ഡി എസിന് 23 മുതൽ 28 സീറ്റുകളുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 0 മുതൽ 2 വരെ സീറ്റുകളും ലഭിക്കുമെന്നും പ്രവചനമുണ്ട്.
ബിജെപിക്ക് 30-32 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്ന് സർവേ പ്രവചിക്കുമ്പോൾ കോൺഗ്രസ് 42-45 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കും. ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ കോൺഗ്രസിന് 116 മുതൽ 122 വരെ സീറ്റായിരുന്നു ലോക് പോൾ സർവ്വേ പ്രവചിച്ചിരുന്നത്. ബിജെപിക്ക് 77 മുതൽ 83 വരേയും ജെ ഡി എസിന് 21 മുതൽ 27 വരേയും സീറ്റുകളും പ്രവചിക്കപ്പെട്ടു.
മാർച്ചിൽ രണ്ടാം ഘട്ട സർവ്വേ നടത്തിയപ്പോൾ കോൺഗ്രസിന്റെ സീറ്റ് നില വീണ്ടും മെച്ചപ്പെട്ടു. ഇത്തവണ 128 മുതൽ 131 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് അവകാശവാദം. ബിജെപി 66 മുതൽ 69 വരെ സീറ്റുകൾ നേടി ഏറെ പിന്നോക്കം പോവും. ജെ ഡി എസ് 21 മുതൽ 25 വരെ സീറ്റുകൾ നേടുമെന്നായിരുന്നു രണ്ടാം ഘട്ടത്തിലെ പ്രവചനം.
ആദ്യഘട്ട അഭിപ്രായ സർവേകളെ അപേക്ഷിച്ച് ബിജെപി നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസിന് തന്നെയാണ് മുൻതൂക്കമെന്ന് തെളിയിക്കുന്നതാണ് ഒട്ടുമിക്ക സർവേ ഫലങ്ങളും. മെയ് 10ന് ഒറ്റ ഘട്ടമായി നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്റെ ഫലം 13ന് പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ