ഷിംല: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നെങ്കിലും കോൺഗ്രസിന് ആശ്വാസമായി ഹിമാചൽ പ്രദേശിലെ ഫലസൂചനകൾ. ഹിമാചൽ പ്രദേശിൽ ഫലസൂചന കൾ പുറത്തുവരുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നേടിയിട്ടുണ്ട്. 38 സീറ്റുകളിലാണ് ഇവിടെ കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. ഹിമാചലിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. ഇവരുടെ ഒറ്റയാൾ പോരട്ടമാണ് കോൺഗ്രസിന് മണ്ഡലത്തിൽ തുണയായത്.

41 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രതിഭാ സിങ് പങ്കുവെക്കുന്നത്. അതേസമയം 38സീറ്റുകളിൽ കോൺഗ്രസ് ലീഡ് നേടി കഴിഞ്ഞു. ഹിമാചലിൽ ബിജെപിയുടെ ക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന്റെ മുന്നേറ്റം ദൃശ്യമാണ്. ഇവിടെ തെരഞ്ഞെടുപ്പു പ്രചരണം നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കാര്യമായ നേതാക്കളെ ബിജെപി റാഞ്ചിയപ്പോഴും കോൺഗ്രസ് പിടിച്ചു നിൽക്കുന്ന കാഴ്‌ച്ചയാണ് ഹിമാചലിൽ ദൃശ്യമാകുന്നത്.

അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശം ഹിമാചലിലെ കോൺഗ്രസിൽ കണ്ടിരുന്നു. തൊഴിലില്ലായ്മ, പുതിയ പെൻഷൻ പദ്ധതിയിലെ വലിയ കുഴപ്പം, അഗ്നിപഥ് പദ്ധതി, ആപ്പിൾ കർഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങളെക്കുറിച്ച് വോട്ടർമാരിൽ ബോധമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. കോൺഗ്രസിന്റെ പൊതുയോഗങ്ങളിൽ വലിയ ആൾക്കൂട്ടവും ദൃശ്യമായി.

രാഹുൽ ഗാന്ധി എത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായിരുന്നില്ല. രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തലുള്ള കോൺഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്. ആ ഗൗരവം പാർട്ടി തിരഞ്ഞെടുപ്പിന് നൽകി എന്ന് തന്നെയാണ് പാർട്ടി പ്രചരണം നയിച്ചതും. അഞ്ച് വർഷം സംസ്ഥാനം ഭരിച്ച ബിജെപി ചെയ്ത വികസനം ഉയർത്തിക്കാട്ടിയല്ല പ്രചാരണം നയിച്ചത്. ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ റാലികളിൽ വിശദീകരിച്ചു നേതാക്കൾ. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കും എന്നതാണ് ബിജെപിയുടെ ഏറ്റവും പ്രധാന വാഗ്ദാനം. തൊഴിലും പെൻഷനും ആപ്പിളിന് താങ്ങുവിലയും ചോദിക്കുന്ന മനുഷ്യരോടാണ് ഞങ്ങൾ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കും എന്ന് ബിജെപി പറഞ്ഞത്.

പിസിസി അധ്യക്ഷ പ്രതിഭ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, സുഖ്വീന്ദർ സിങ് സുഖു എന്നിവർ മുഖ്യമന്ത്രി കുപ്പായം കിട്ടാൻ കാത്തു നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുക പാർട്ടിയിലെ തമ്മിലടിയാകും. അതേസമയം ബിജെപിയുടെ ഓപ്പറേഷൻ താമരയെയും കോൺഗ്രസ് ഭയക്കുന്നുണ്ട്. ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി കോൺഗ്രസ്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് കോൺഗ്രസ് നീക്കം. എംഎ‍ൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.

ബസുകളിൽ എംഎ‍ൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധിയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രിയങ്ക ഹിമാചൽ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.