മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാറിന് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന കസബപേട്ട് മണ്ഡലത്തിൽ മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിക്ക് ജയം.മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന്റെ രവീന്ദ്ര ധാൻഗെക്കറാണ് വിജയിച്ചത്. 11,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. അതേസമയം, മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ചിഞ്ചിവാഡിൽ ബിജെപി സ്ഥാനാർത്ഥി അശ്വിനി ജഗ്ദാപാണ് മുന്നേറുന്നത്.

രണ്ട് മണ്ഡലത്തിലും ബിജെപി എംഎ‍ൽഎമാരുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വന്നത്. മണ്ഡലങ്ങളിൽ വലിയ രീതിയിൽ താര പ്രചാരകരെ ഇറക്കി ബിജെപി പ്രചാരണം കൊഴുപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, നാരായൺ റാണെ, റാവുസാഹേബ് ദൻവേ പാട്ടീൽ, ഭഗവത് കരാദ് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ എന്നിവർ പ്രചാരണത്തിനെത്തിയിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരാണ് മണ്ഡലത്തിലെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് അധ്യക്ഷൻ നാനാ പടോളെ, മുൻ മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവരായിരുന്നു കോൺഗ്രസ് പ്രചാരണത്തിനായി മുൻപന്തിയിലുണ്ടായിരുന്നത്.