- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു; പ്രചരണം തുടങ്ങാൻ ഇടതുപക്ഷം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിച്ച് സിപിഐ. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥികളാകും. വയനാട്ടിൽ ആനി രാജ സിപിഐയുടെ സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന സിപിഐ നേതൃയോഗത്തിന്റേതാണ് തീരുമാനം. സിപിഐ സംസ്ഥാന കൗൺസിലാണ് തീരുമാനം എടുത്തത്. മാവേലിക്കരയിൽ സി എ അരുൺകുമാറിനെതിരായ പ്രാദേശിക തലത്തിലെ എതിർപ്പുകൾ സംസ്ഥാന നേതൃയോഗം തള്ളി.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മണ്ഡലം പരിധിയിൽ വരുന്ന ജില്ലാ ഘടകങ്ങൾ പല തട്ടിലായിരുന്നു. സ്ഥാനാർത്ഥിത്വത്തിനായി സിപിഐയുടെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലാ ഘടകങ്ങൾ ചേർന്നു നിർദ്ദേശിച്ചത് 8 പേരുകൾ. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരു മാത്രമാണ് രണ്ടു ജില്ലകളുടെ പാനലിലുള്ളത്.സംസ്ഥാന നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിലുള്ള സി.എ.അരുൺകുമാറിന്റെ പേര് നിർദ്ദേശിച്ചത് ആലപ്പുഴ ജില്ലാ കൗൺസിൽ മാത്രം. ഒരു ഘടകത്തിലും ചർച്ച ചെയ്യുന്നതിനു മുൻപേ സ്ഥാനാർത്ഥിയായി അരുൺകുമാറിന്റെ പേരു പ്രചരിക്കുന്നതിനെതിരെ കൊല്ലം, കോട്ടയം ജില്ലാ കൗൺസിൽ യോഗങ്ങളിൽ വിമർശനവുമുയർന്നു. എന്നാൽ ഈ പേരു തന്നെ സ്ഥാനാർത്ഥിയായി സിപിഐ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഇതോടെ ഇടതു മുന്നണിയിലെ മത്സര ചിത്രം തെളിഞ്ഞു. അതിവേഗ പ്രചരണത്തിലേക്ക് അവർ കടക്കും. തൃശൂരിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനായി സിറ്റിങ് എംപി ടിഎൻ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയും മത്സരിക്കുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ രാഹുൽ ഗാന്ധിയാകും കോൺഗ്രസ് സ്ഥാനാർത്ഥിയെന്നാണ് വിലയിരുത്തൽ. രാഹുലിനെ പിടിച്ചു കെട്ടാനാണ് പ്രമുഖ വനിതാ നേതാവായ ആനി രാജയെ മത്സരിപ്പിക്കുന്നത്.
കോട്ടയത്ത് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തോമസ് ചാഴിക്കാടൻ മത്സരിക്കും. സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, സിപിഎം സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. പത്തനംതിട്ടയിൽ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. കാസർകോട് എംവി ബാലകൃഷ്ണനും കണ്ണൂരിൽ എംവി ജയരാജനുമാകും സ്ഥാനാർത്ഥികൾ.
വടകരയിൽ കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയിൽ കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവൻ, ഇടുക്കിയിൽ ജോയ്സ് ജോർജ്, ആലത്തൂരിൽ കെ രാധാകൃഷ്ണൻ കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങലിൽ വി ജോയി എന്നിവരാകും മറ്റ് സിപിഎം സ്ഥാനാർത്ഥികൾ.