തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റിലും അതിശക്തരെ രംഗത്തിറക്കാൻ സിപിഐ. നാലിൽ മൂന്നിലും ജയിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹിളാസംഘം ജനറൽ സെക്രട്ടറിയുമായ ആനി രാജയുടെ പേരാണ് സജീവ പരിഗണനയിൽ. മന്ത്രി ജി.ആർ. അനിലിനും സാദ്ധ്യതയുണ്ട്. രാജ്യസഭാ എംപിയായ ബിനോയ് വിശ്വവും പരിഗണനയിലാണ്.

സിപിഐ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിനാൽ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാൻ കഴിവുള്ള പൊതുസ്വീകാര്യനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അതിശക്തമായ മത്സരമാണ് സിപിഐ ആഗ്രഹിക്കുന്നത്. ബിജെപിക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം സിപിഐയ്ക്ക് സിപിഎം നൽകിയിട്ടുണ്ട്. ത്രികോണ പോരിന്റെ ചൂടുള്ള തിരുവനന്തപുരം ഏറ്റെടുക്കാൻ പോലും സിപിഎം തയ്യാറാണ്. ഇത് മനസ്സിലാക്കിയാണ് തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെന്ന നിർദ്ദേശം സിപിഐ മുമ്പോട്ട് വയ്ക്കുന്നത്.

മാവേലിക്കരയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എ.ഐ.വൈ.എഫ് നേതാവ് സി.എ.അരുൺകുമാർ, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ എന്നിവരെ പരിഗണിക്കുന്നു. തൃശൂരിൽ മുൻ മന്ത്രി വി എസ്.സുനിൽ കുമാറിനാണ് മുൻഗണന. വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മല്ലിടാൻ കെൽപ്പുള്ള യുവ നേതാവിനായാണ് തെരച്ചിൽ. വയനാട്ടിൽ ജയസാധ്യത തീരെ കുറവാണെന്നും സിപിഐ തിരിച്ചറിയുന്നുണ്ട്. എന്നാൽ മറ്റ് മൂന്നിടത്തും ജയിക്കാമെന്നാണ് പ്രതീക്ഷ. തൃശൂരിൽ ബിജെപിക്കായി മത്സരിക്കുന്ന സുരേഷ് ഗോപി കോൺഗ്രസ് വോട്ടുകൾ പിടിച്ചെടുക്കുമെന്നും അതുകൊണ്ട് തന്നെ ഇടത് വോട്ട് ബാങ്ക് നിലനിർത്തിയാൽ പോലും ജയിക്കാമെന്നുമാണ് വിലയിരുത്തൽ.

മാവേലിക്കരയിൽ വർഷങ്ങളായി കൊടിക്കുന്നിൽ സുരേഷാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. ഇതിൽ കോൺഗ്രസിൽ പോലും എതിർപ്പുകളുണ്ട്. ഇത് മുതലെടുത്താൽ ജയിക്കാമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് ശശി തരൂരിന് ആഗോള പൗരന്റെ പ്രതിച്ഛായയുണ്ട്. ഇതു കൊണ്ട് തന്നെ അതിശക്തനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് നിലപാട്. കഴിഞ്ഞ തവണ സി ദിവാകരൻ മത്സരിച്ചിട്ട് പോലും സിപിഐ മൂന്നാം സ്ഥാനത്ത് പോയി. ഈ സാഹചര്യത്തിലാണ് ആനി രാജയുടെ അടക്കം പേര് പരിശോധിക്കുന്നത്. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് ആനി രാജയുടെ പേരിനോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സിപിഎമ്മുമായി സംസാരിച്ച് പൊതു സ്വതന്ത്രനെ നിർത്താനും സാധ്യതയുണ്ട്.

ചികിൽസയിൽ കഴിഞ്ഞിരുന്ന കാനം രാജേന്ദ്രന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് സിപിഐ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. മാസങ്ങൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സമയത്ത് നേതാക്കൾ ആശുപത്രി സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ് സമൂഹമാധ്യമത്തിലിട്ടത്. എക്‌സിക്യൂട്ടീവ് യോഗത്തിൽ കാനം ഇക്കാര്യം സൂചിപ്പിച്ചു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. താൻ ചികിൽസയിൽ കഴിഞ്ഞപ്പോഴുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലിട്ടത് ശരിയായില്ലെന്ന് കാനം പറഞ്ഞു. കമ്മിറ്റിയിലെ അംഗങ്ങളും നടപടിയെ വിമർശിച്ചു.

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതു ശരിയല്ലെന്നായിരുന്നു വിമർശനം. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും പറഞ്ഞു. അടുത്തു ചേരുന്ന കമ്മിറ്റികളിലും വിഷയം ചർച്ചയായേക്കും. ആരോഗ്യം വീണ്ടെടുത്ത കാനം ഇപ്പോൾ പാർട്ടി പരിപാടികളിൽ സജീവമാണ്. ഈ സാഹചര്യത്തിൽ ആനി രാജയ്ക്ക് ലോക്‌സഭയിൽ മത്സര സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്.