ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും യുഎപിഎയും പിഎംഎൽഎയും റദ്ദാക്കുമെന്നും ആദിവാസികൾക്കും സ്ത്രീകൾക്കും നീതി വേഗത്തിൽ നടപ്പാക്കുമെന്നും ഉറപ്പു നൽകി കൊണ്ടാണ് സിപിഎം പ്രകടന പത്രിക പുറത്തിറക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്ന നയങ്ങൾ നടപ്പാക്കാൻ സിപിഐ എം പ്രതിജ്ഞാബദ്ധമാണെന്നും പ്രകടനപത്രികയിൽ പറയുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പുറത്തിറക്കിയത്.

സാർവത്രിക പൊതു ആരോഗ്യ പരിരക്ഷ.പെട്രോളിയത്തിന്റെ തീരുവകൾ അടിയന്തരമായി കുറയ്ക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ. സബ്സിഡിയോടെ ധാന്യ വിതരണം പുനഃസ്ഥാപിക്കും. സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും. സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കും. പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിൽ പറയുന്ന പ്രധാന നിർദ്ദേശങ്ങൾ.

സിഎഎ ധ്രുവീകരണത്തിനുള്ള അപകടകരമായ തന്ത്രമാണെന്നും അതിനെതിരെ ന്യൂനപക്ഷ സമുദായങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും സിപിഐ എം ഉറപ്പു നൽകുന്നു.

പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിൽനിന്ന് പിന്മാറുമെന്നാണ് മറ്റൊരു പ്രധാന ഉറപ്പ്. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമിതി ഗവർണറെ തെരഞ്ഞെടുക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്ന മറ്റൊരു കാര്യം. ലേബർകോഡുകൾ പിൻവലിച്ച് തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽനിയമങ്ങൾ നടപ്പാക്കും. തൊഴിൽ സൃഷ്ടിക്കുന്നതിനും അതിലൂടെ ജനങ്ങളുടെ കൈയിൽ പണമെത്തിച്ച് അവരുടെ ക്രയശേഷി വളർത്തുന്ന രീതിയിൽ സാമ്പത്തികവികസനത്തെ സമന്വയിപ്പിക്കും.

സമ്പന്നർക്കുമേലും കോർപറേറ്റ് ലാഭത്തിനും ആഡംബര ഉൽപ്പന്നങ്ങൾക്കും നികുതി ചുമത്തി വിഭവശേഖരണമേഖല വിപുലപ്പെടുത്തും. രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപ്പറേറ്റ് സംഭാവന നിർത്തലാക്കും, ജാതി സർവേ നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നിയമനിർമ്മാണം, താങ്ങുവില ഉറപ്പാക്കാൻ നിയമം നിർമ്മാണം, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ നഗര തൊഴിലുറപ്പ് പദ്ധതിക്കും, തൊഴിലില്ലായ്മ വേതനത്തിനും നിയമം,കേന്ദ്രം പിരിക്കുന്ന ടാക്സിന്റെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് എന്നിവയും ഉറപ്പു നൽകുന്നു എന്നിങ്ങനെയാണ് സിപിഎം പ്രകടന പത്രികയിൽ പറയുന്നത്.