- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം
കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരം നടന്നത് വടകര ലോക്‌സഭാ മണ്ഡലത്തിലാണ്. ഷാഫി പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതു മുതലാണ് മണ്ഡലത്തിൽ പൊടിപാറുന്ന പോരാട്ടം ഉണ്ടായത്. കെ കെ ശൈലജയിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന എൽഡിഎഫ് മോഹങ്ങൾക്ക് മേലാണ് ഷാഫി സ്ഥാനാർത്ഥിയായതോടെ മങ്ങലേറ്റത്. ഇതോടെ വിവാദങ്ങൾ നിറഞ്ഞ പ്രചരണമാണ് മണ്ഡലത്തിൽ ഉണ്ടായതും. ഇതിനെല്ലാം ഒടുവിൽ ഇപ്പോഴും സിപിഎം വിജയിക്കുമെന്ന പ്രതീക്ഷിലാണ്.
വടകരയിൽ കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുൻതൂക്കമെന്നാണ് സിപിഎം. വിലയിരുത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും ഇടയിലുള്ള വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ. ശൈലജയ്ക്ക് ജയിച്ചുകയറാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നത്. ഇളകി നില്ക്കുന്ന വോട്ടുകളെല്ലാം മാറ്റി നിർത്തിയാണ് പാർട്ടി ഇത്തരമൊരു കണക്കു നിരത്തിയിരിക്കുന്നത്.
കഴിഞ്ഞതവണ വടകര ലോക്സഭാമണ്ഡലത്തിൽ മത്സരിച്ച സിപിഎമ്മിലെ പി. ജയരാജൻ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു സിപിഎം. താഴെക്കിടയിൽനിന്നുള്ള കമ്മിറ്റികളിൽനിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അവലോകനറിപ്പോർട്ടിലുണ്ടായിരുന്നത്. എന്നിട്ടും 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. മുരളീധരൻ വടകരയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈസാഹചര്യത്തിലാണ് ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിർത്തി, ഉറച്ചവോട്ടുകൾമാത്രം പരിഗണിച്ച് ബൂത്ത് തലത്തിൽനിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് റിപ്പോർട്ടുപോയത്.
എന്നാലും, ഇത്രയും കുറച്ചു വോട്ടുകൾക്കേ വിജയിക്കൂവെന്ന കണക്കുകൂട്ടൽ അവരുടെ പ്രതീക്ഷകൾ തെറ്റിക്കുന്നതാണ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ഇത്തവണ അല്പം മേൽക്കോയ്മ ഉണ്ടാവുമെന്നാണ് അന്തിമ അവലോകനം. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിൽ യു.ഡി.എഫിന് തന്നെയാവും ഇത്തവണയും മേൽക്കൈ. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം അസംബ്ലി മണ്ഡലങ്ങളിൽ അടിയൊഴുക്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് പാർട്ടി. ഈ അടിയൊഴുക്കിനെ ആശ്രയിച്ചാകും മണ്ഡലത്തിന്റെ ഭാവി നിർണയിക്കുകുക.
എൻ.ഡി.എ. സ്ഥാനാർത്ഥിക്ക് കഴിഞ്ഞതവണ ലഭിച്ചത് 80,128 വോട്ടായിരുന്നു. വലിയമുന്നേറ്റം വടകരയിൽ എൻ.ഡി.എ.ക്ക് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. വടകര ലോക്സഭാമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വത്സൻ പനോളിയുൾപ്പെടെയുള്ളവരാണ് അന്തിമ വിശകലനറിപ്പോർട്ട് തയ്യാറാക്കിയത്.