- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചില മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നു സിപിഎം. പതിവായി മത്സരിക്കുന്നവരെ ഒഴിവാക്കി പുതുമുഖങ്ങളെ കൂടുതൽ കളത്തിലിറക്കിയുള്ള പരീക്ഷണം വിജയം കാണുകയും ചെയ്തു. എന്നാൽ, ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറ്റൊരു ചിത്രമാണ് ഉരുത്തിരിയുന്നത്. നിർണായകമായ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കരുത്തന്മാരുടെ പോരാട്ട വേദിയാക്കി മാറ്റാനാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ശ്രമം. മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥികളാക്കി വിജയ സാധ്യത പരീക്ഷിക്കുകയാണ് സിപിഎം. വിജയം മാത്രം മാനദണ്ഡമാകുമ്പോൾ സിപിഎമ്മിൽ നിന്നും തലമുതിർന്ന നേതാക്കൾ മത്സരിക്കാൻ കളത്തിലറങ്ങും.
ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു തന്നെയാണു പാർട്ടി കേന്ദ്രഘടകം കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ കേരളത്തിന്റെ ശബ്ദമുയർത്താൻ സ്വന്തം എംപിമാർ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പക്ഷം. അതുകൊണ്ട് തന്നെ വിജയസാധ്യത മുന്നിൽ നിർത്തിയുള്ള നീക്കങ്ങളിലേക്കാണ് പാർട്ടി കടക്കുന്നത്.
ദേശീയതലത്തിൽ പാർട്ടിയുടെ സ്വാധീനവും പ്രസക്തിയും ഉറപ്പാക്കാനും അത് അതാവശ്യമാണ്. പാർട്ടി വർഷങ്ങളായി അടക്കി ഭരിച്ചിരുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ അമിത പ്രതീക്ഷ പാർട്ടിക്കില്ല. ദക്ഷിണേന്ത്യയിൽ തമിഴ്‌നാട്ടിൽ രണ്ടു സീറ്റിൽ വിജയിക്കാമെന്നാണു കണക്കുകൂട്ടൽ. തെലങ്കാനയിൽ ഒരു സീറ്റിൽ മത്സരിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്നു പരമാവധി എംപിമാർ എന്ന ലക്ഷ്യത്തിലാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകുന്നത്. അതിനു ചില നീക്കുപോക്കുകൾ ആവശ്യമെന്നു നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണത്തിലും അതു പ്രതിഫലിക്കും. മുതിർന്ന നേതാക്കളിൽ ചിലരുൾപ്പെടെ സ്ഥാനാർത്ഥികളാകുമെന്നാണു ഊഹാപോഹം.
പിബി അംഗം എ.വിജയരാഘവൻ, മുൻ മന്ത്രിമാരായ കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.എം.തോമസ് ഐസക്, എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. മത്സരത്തിനില്ലെന്ന നിലപാടിലാണു ഇവരിൽ ചിലരെങ്കിലും പാർട്ടി തീരുമാനത്തിനു വഴിപ്പെടേണ്ടിവരും. കെ കെ ശൈലജയെ കണ്ണൂരിലേക്കും എ വിജയരാഘവനെ പാലക്കാട്ടേക്കുമാണ് പരിഗണിക്കുന്നത്. ആലത്തൂരിൽ എ കെ ബാലൻ മത്സരിക്കണമന്നുമാണ് അഭിപ്രായം. ഐസക്ക് ഇതിനോടകം തന്നെ പത്തനംതിട്ടയിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കടകംപള്ളി സുരേന്ദ്രനെ ആറ്റിങ്ങളിൽ ഇറക്കാൻ നീക്കമുണ്ടെങ്കിലും കഴക്കൂട്ടത്ത് ഉപതിരഞ്ഞെടുപ്പു വന്നാൽ അതു ഭീഷണിയാണ്.
എം സ്വരാജിനെയും പാലക്കാട്ട് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്്. ചാലക്കുടിയിൽ ഒരു നടിയെ മത്സരിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾ ഉണ്ട്. കൊല്ലത്ത് രണ്ട് എംഎൽഎമാരും ചിന്താ ജെറോമും പരിഗണനയിലുണ്ട്. ആലപ്പുഴയിൽ ആരിഫ് മാറില്ലെന്ന് കരുതുന്നവർക്ക് മുൻതൂക്കമുണ്ടെങ്കിലും ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കാൻ താൽപര്യമുണ്ട്. കോഴിക്കോട്ട് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫിന്റെ രോണ് പരിഗണനയിൽ ഉള്ളത്.
സിപിഐയും ഇക്കുറി അരയും തലയും മുറുക്കി കളത്തിലുണ്ട്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂർ വി എസ് സുനിൽകുമാർ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എക്കാലത്തും തലവേദനയായ തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ അവസാന ലിസ്റ്റിലിടം നേടിയിട്ടുണ്ട്. വയനാട്ടിലാണെങ്കിൽ ഊഹങ്ങൾക്ക് അപ്പുറത്തെ സസ്‌പെൻസിട്ട് ഒഴിഞ്ഞുമാറുകയാണ് സിപിഐ നേതാക്കൾ.
തിരുവനന്തപുരത്തു നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ദേശീയതലത്തിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമീപനമാണ് ചർച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കു കടക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് ഒരു സീറ്റിൽ ഒതുങ്ങി. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നാണു പാർട്ടി നിരീക്ഷണമെങ്കിലും, സർക്കാരും പാർട്ടിയും നേരിടുന്ന പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിനെ ഏങ്ങനെ ബാധിക്കുമെന്നതു ചർച്ചയിലുണ്ട്. പ്രധാനമായും ശബരിമലയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അന്തരീക്ഷവും ഉൾപ്പെടെ ചില സവിശേഷ ഘടകങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂട്ടതോൽവിക്കു വഴിയൊരുക്കി.
അപ്രതീക്ഷിതവും അസാധാരണവുമായ രാഷ്ട്രീയവികാസമാണു അന്നുണ്ടായതെന്നു നേതാക്കൾ പറയുന്നു. പിന്നീട്, രണ്ടാം പിണറായി സർക്കാരിനെതിരെ മൊത്തത്തിലും മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളുടെയും പരാതികളുടെ നിജസ്ഥിതിയും കേന്ദ്ര അന്വേഷണങ്ങളിലെ രാഷ്ട്രീയവും ജനമധ്യത്തിൽ തുറന്നുകാണിക്കാൻ കഴിഞ്ഞതായി നേതൃത്വം വിശ്വസിക്കുന്നു.
ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടസപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്കു പിന്നിൽ കേന്ദ്രസർക്കാർ ആണെന്നതു വലിയതോതിൽ ചർച്ചചെയ്യപ്പെട്ടതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. ഈ വിഷയങ്ങളിൽ വരുംദിവസങ്ങളിലും സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക ക്യാംപെയ്ൻ തുടരും. ഡൽഹിയിൽ മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ എട്ടിന് നടത്തുന്ന എൽഡിഎഫ് സമരത്തിന്റെ മുന്നോടി എന്ന പേരിൽ പാർട്ടി നടത്തുന്ന ഗൃഹസന്ദർശനം, തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയാൻ ലക്ഷ്യംവച്ചുള്ളതാണ്.
നവകേരളസദസിൽ ജില്ലകൾതോറും പതിനായിരങ്ങൾ പങ്കെടുത്തത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെങ്കിലും സദസിൽ എത്താത്തവരുടെ മനസ് ഗൃഹസമ്പർക്കത്തിൽ വ്യക്തമാക്കുമെന്നു പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. വിശദമായ ലഘുലേഖയും വീടുകളിൽ നൽകുന്നുണ്ട്. 30 വയസിനു താഴെയുള്ള യുവാക്കളിൽ സ്വാധീനമുണ്ടാക്കുന്നതിനു സമൂഹമാധ്യമങ്ങളിൽ പ്രത്യേക ക്യാംപെയ്‌നും പുതിയ വോട്ടർമാർക്കുമാത്രമായി ഗ്രൂപ്പും ആരംഭിച്ചു.
തിരുവനന്തപുരവും തൃശൂരും പോലെ ബിജെപി കച്ചകെട്ടി ഇറങ്ങുന്ന ഇടങ്ങളിൽ എൽഡിഎഫിന്റെ പ്രചാരണ ശൈലിയിലടക്കം വലിയ മാറ്റങ്ങളുണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിനൊപ്പം തെരഞ്ഞെടുപ്പ് നയസമീപനങ്ങളും ചർച്ച ചെയ്യാൻ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഒരാഴ്ചക്കകം ചേരും. സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ പ്രമുഖരുടെ വൻ നിരയാണുള്ളത്. ബിജെപി സ്വാധീന മണ്ഡലങ്ങളിൽ പ്രത്യേക പ്രചാരണ രീതികൾ അടക്കമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ഏത് നിമിഷവും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാമെന്നതിനാൽ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകരുതെന്ന മട്ടിലാണ് ഇടത് ക്യാമ്പിൽ ഒരുക്കങ്ങൾ നടക്കുന്നത്. 10 11 തീയതികളിൽ സിപിഐ നേതൃയോഗം, 11, 12 തീയതികളിൽ സിപിഎം സംസ്ഥാന സമിതി രണ്ട് യോഗങ്ങളിലും പ്രധാന അജണ്ട ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കമാണ്.