തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുനില മെച്ചപ്പെടുത്തണമെങ്കിൽ ദേശീയതലത്തിൽ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാകണമെന്ന സിപിഎം. വിലയിരുത്തൽ ചർച്ചകളിൽ. തമിഴ്‌നാട് മോദിലൂടെ കൂടതൽ സീറ്റിന് ശ്രമിക്കും. 'ഇന്ത്യാ' മുന്നണിയിൽ കൂടുതൽ റോളെടുക്കാനുള്ള സാധ്യത കുറവാണ്. കോൺഗ്രസുമായി കേരളത്തിൽ പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത്. കോൺഗ്രസുമായുള്ള അതിരുവിട്ട സൗഹൃദത്തെ കേരളാ ഘടകം എതിർക്കുന്നുണ്ട്. അതിനാൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. ബംഗാളിലും ത്രിപുരയിലും പാർട്ടി തകർന്നതിനാൽ കേരള ഘടകത്തിനണ് സിപിഎം ദേശീയ നേതൃത്വത്തിൽ മുൻതൂക്കം.

സിപിഎം കേന്ദ്ര കമറ്റിയോഗം തിരുവനന്തപുരത്ത് തുടരുകയാണ്. വിളിപ്പിൽശാലയിലെ ഇഎംഎസ് അക്കാഡമിയിൽ എല്ലാ പ്രധാന നേതാക്കളും എത്തിയിട്ടുണ്ട്. ലോക്‌സഭാ മത്സരമാണ് പ്രധാന അജണ്ട. എങ്ങനെ കൂടുതൽ സീറ്റിൽ ജയിക്കാമെന്നതാണ് ചർച്ചാ വിഷയം. പലസംസ്ഥാനങ്ങളിലും സംഘടനാസംവിധാനം ശക്തിപ്പെടുത്താനാകുന്നുണ്ടെങ്കിലും അത് സീറ്റാക്കി മാറ്റാനുള്ള സാഹചര്യം ഉറപ്പാക്കാനായിട്ടില്ല. കഴിഞ്ഞതവണ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് ജയിക്കാനായത്. അതിൽ രണ്ടും തമിഴ്‌നാട്ടിലായിരുന്നു. കേരളത്തിൽ ആലപ്പുഴയിലും ജയിച്ചു. ഈ സ്ഥിതി മാറ്റിയെടുക്കണം. ഇരട്ട അക്കത്തിലേക്ക് എപിമാരുടെ എണ്ണം ഉയരണമെന്നതാണ് കേന്ദ്ര കമ്മറ്റിയിലെ പൊതു നിലപാട്.

ബിജെപി.യെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിനൊപ്പം, പാർട്ടിയുടെ സീറ്റുനില ഉയർത്തേണ്ടതും അനിവാര്യമാണെന്നാണ് സിപിഎം. കണക്കാക്കുന്നത്. ഈ സാഹചര്യം കേരള ഘടകവും അംഗീകരിക്കുന്നു. എന്നാൽ പാർട്ടിക്ക് അടിത്തറയുള്ള കേരളത്തിലെ സാധ്യതകളെ കോൺഗ്രസുമായുള്ള സൗഹൃദം ബാധിക്കുമെന്ന വിലയിരുത്തലും സജീവമാണ്. അതുകൊണ്ട് തന്നെ മതിയായ കരുതൽ എടുക്കണമെന്നതാണ് കേരളാ ഘടകത്തിന്റെ ആവശ്യം. സിപിഎമ്മിന് അധികാരമുള്ളത് കേരളത്തിൽ മാത്രമാണെന്നതാണ് ഇതിന് കാരണം.

പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ഞായറാഴ്ചതന്നെ കേന്ദ്രകമ്മിറ്റിയോഗം തുടങ്ങി. രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസുമായി ചേർന്നുള്ള സഖ്യത്തിന്റെ ഭാഗമായാൽ ജയസാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ബിഹാറിൽ ബിജെപി. വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഇടതുപാർട്ടികൾക്ക് രണ്ടുസീറ്റുകളാണ് പറഞ്ഞിരുന്നത്. അത് സിപിഐ.(എം.എൽ) സിപിഐ. എന്നീ പാർട്ടികൾക്ക് ലഭിക്കാനായിരുന്നു സാധ്യത. ജെ.ഡി.യു. മാറിയതോടെ സിപിഎമ്മിനും സീറ്റുകിട്ടിയേക്കും.

രാജസ്ഥാനിൽ രണ്ടുസീറ്റെങ്കിലും മുന്നണിയിൽനിന്ന് പാർട്ടി നേടേണ്ടതുണ്ട്. ശ്രീ ഗംഗാനഗർ, ചുരു എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസ് പിന്തുണയുണ്ടെങ്കിൽ ജയിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങളിൽ പാർട്ടിക്ക് സ്വാധീനം മെച്ചപ്പെടുത്താനായിട്ടുണ്ടെങ്കിലും ഇന്ത്യ സംഖ്യത്തിൽനിന്ന് സീറ്റ് ഉറപ്പാക്കാനായിട്ടില്ല. ബംഗാളിലും ത്രിപുരയിലും സംഘടന മെച്ചപ്പെടുന്നുണ്ടെങ്കിലും വിജയപ്രതീക്ഷ പാർട്ടിക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേരളത്തിൽ പരമാവധി സീറ്റുകളിൽ ജയിക്കണം.

തമിഴ്‌നാട്ടിൽ ജയിച്ച രണ്ടുസീറ്റും ഉറപ്പാക്കാനുള്ള ശ്രമം വേണ്ടതുണ്ടെന്നാണ് അവിടെനിന്നുള്ള ആവശ്യം. കമൽഹാസന്റെ പാർട്ടികൂടി ഇത്തവണ മുന്നണിയിലേക്ക് വന്നിട്ടുണ്ട്. സിപിഎം. ജയിച്ച കോയമ്പത്തൂർ സീറ്റാണ് കമൽഹാസനും ലക്ഷ്യമിടുന്നത്. ഈ സീറ്റിൽ കമൽഹാസൻ മത്സരിക്കുന്നതിനെ സിപിഎം അനുകൂലിക്കില്ല. പാർട്ടിയുടെ സിറ്റിങ് എംപിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് നിലപാട്. എന്നാൽ കേന്ദ്ര നേതൃത്വം ഈ വിഷയത്തിലും കരുതൽ എടുക്കാനുള്ള നീക്കത്തിലാണ്. കമൽഹാസനെ പിണക്കുന്നതിനോട് സിപിഎം കേരള ഘടകത്തിനും യോജിപ്പില്ല.