- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ സെക്രട്ടറിമാർക്കെതിരെയും സിപിഎമ്മിൽ വോട്ടുചോർച്ച; പാർട്ടി അന്വേഷണത്തിന് സാധ്യത
കണ്ണൂർ: ജില്ലാസെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കി പാർലമെന്റ് മണ്ഡലം പിടിക്കാമെന്ന സി.പി. എം തന്ത്രം അമ്പേപാളി. എം.വി ഗോവിന്ദന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാനപ്രകാരമായിരുന്നു മൂന്ന് ജില്ലകളിലെ സെക്രട്ടറിമാരെ കളത്തിലിറക്കിയത്. ജില്ലാ സെക്രട്ടറിമാരുടെ തോൽവിയിൽ സിപിഎം പരിശോധന നടത്തും. പാർട്ടി കേന്ദ്രങ്ങളിൽ നിന്നും അട്ടിമറിയുണ്ടായോ എന്ന് സിപിഎം പരിശോധിക്കും.
കാസർകോട് എം.വി ബാലകൃഷ്ണൻ, കണ്ണൂരിൽ എം.വി ജയരാജൻ, ആറ്റിങ്ങലിൽ എംഎൽഎ കൂടിയായ വി ജോയ് എന്നിവരാണ് എൽ.ഡി. എഫ് സ്ഥാനാർത്ഥികളായി കളത്തിലിറങ്ങിയത്. 2019ൽ കണ്ണൂർ സെക്രട്ടറി പി ജയരാജനും കോട്ടയത്ത് എഎൻ വാസവനും മത്സരിച്ചു. വടകരയിൽ മത്സരിച്ച ജയരാജൻ തോറ്റു. ഇതോടെ പാർട്ടിയിൽ മൂലയ്ക്കായ പി.ജയരാജന് പിന്നീട് മുഖ്യധാരയിലേക്ക് വരാൻ പോലും കഴിഞ്ഞില്ല. എന്നാൽ വാസവന് സെക്രട്ടറി സ്ഥാനം തിരിച്ചു കിട്ടി.
എന്നാൽ ജയരാജന്റെ പിൻഗാമിയായി കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ മത്സരിച്ച എം.വി ജയരാജനും പരാജയം രുചിക്കേണ്ടി വന്നു. പി.ജെയെപ്പോലെ ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടാത്ത സാഹചര്യം എംവിക്കുണ്ടാകുന്നില്ല. എംവി വീണ്ടും പാർട്ടി സെക്രട്ടറിയാകും. കാസർകോട് ദീർഘകാലം ജില്ലാസെക്രട്ടറിയായിരുന്ന എം.വി ബാലകൃഷ്ണൻ പാർട്ടി വോട്ടുകൾ പോലും പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് വി ജോയ് കീഴടങ്ങിയതെന്നാണ് ഏക ആശ്വാസം.
ജോയി ഒഴികെ മറ്റു രണ്ടുപേരെയും സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ സ്വാധീനമേഖലകളിൽ പോലും പാർട്ടിവോട്ടുകൾ കിട്ടാത്ത സാഹചര്യമുണ്ടാക്കി. കാസർകോട് എം.വി ബാലകൃഷ്ണനും കണ്ണൂരിൽ എം.വി ജയരാജനും സീറ്റുകൾ ചോദിച്ചുവാങ്ങിയതാണെന്ന് പോലും കരുതുന്നവരുണ്ട്.
എന്നാൽ പാർട്ടിക്കുള്ളിലെ കീഴ്‌വഴക്കംതെറ്റിച്ചുള്ള മത്സരം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ ജില്ലാസെക്രട്ടറിമാർ മത്സരിച്ചത് ദുർബലമായെന്ന വിലയിരുത്തലുമുണ്ട്. ജോയിക്കും ജയരാജനും ബാലകൃഷ്ണനും വീണ്ടും സിപിഎം ജില്ലാ സെക്രട്ടറിമാരായി തുടരാൻ കഴിയും. എല്ലാവരും വോട്ടെടുപ്പ് ഫലം വരുമുമ്പ് തന്നെ ചുമതലയിൽ തിരിച്ചെത്തിയിട്ടുണ്ട്.